റിയാദ്: സൗദിയില്‍ ടൂറിസം മീഡിയ അസോസിയേഷന്‍ രൂപീകരിക്കാന്‍ സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹി അനുമതി നല്‍കി. സ്വകാര്യ സൊൈസറ്റി, സ്ഥാപന ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് ടൂറിസം മീഡിയ അസോസിയേഷന്‍ രൂപീകരിക്കുന്നത്.

ടൂറിസം മീഡിയ മേഖലയിലെ സൗദിയിലെ ആദ്യത്തെ സ്വകാര്യ അസോസിയേഷനായിരിക്കും ഇത്. ടൂറിസം മീഡിയ രംഗത്ത് കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കാന്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹമ്മദ് ബിന്‍ സ്വാലിഹ് അല്‍മാജിദ് പറഞ്ഞു. നിരവധി ലൈസന്‍സുകളുടെ നടപടികള്‍ നടന്നുവരികയാണ്. ടൂറിസം മന്ത്രാലയത്തിന് മേല്‍നോട്ടത്തിലാകും അസോസിയേഷന്‍ പ്രവര്‍ത്തിക്കുക. ഇതിലൂടെ ടൂറിസം സൗകര്യങ്ങളെക്കുറിച്ച് സമുഹത്തെ ബോധവത്കരിക്കുകയും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. വിഷന്‍ 2030ന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കലും രാജ്യത്തെ ടൂറിസം പുരോഗതിയില്‍ സംഭാവനകള്‍ നല്‍കാനുമാണ് അസോസിയേഷന് അംഗീകാരം നല്‍കുന്നതിലൂടെ മന്ത്രാലയം ശ്രമിക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.