Asianet News MalayalamAsianet News Malayalam

സൗദിയിൽ ഷോറൂം മാനേജർ തസ്തികകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമൈഡ് വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കണ്ണട, എന്നിവ വിൽക്കുന്ന കടകൾ, സ്പെയർപാർട്സുകൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ, ഫർണിച്ചർ, പാത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, ഇലക്ട്രിക്ക് -ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് സ്വദേശിവൽക്കരണം നിർബന്ധമാക്കിയത്

saudization implementation in showroom manager post
Author
Riyadh Saudi Arabia, First Published Sep 12, 2019, 12:16 AM IST

റിയാദ്: സൗദിയിൽ ഷോറൂം മാനേജർ തസ്തികകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നു. സ്വദേശിവൽക്കരണം നടപ്പിലാക്കിയ 12 മേഖലകളിൽ ഷോറൂം മാനേജർ തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനു നൽകിയ സാവകാശം അവസാനിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമൈഡ് വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കണ്ണട, എന്നിവ വിൽക്കുന്ന കടകൾ, സ്പെയർപാർട്സുകൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ, ഫർണിച്ചർ, പാത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, ഇലക്ട്രിക്ക് -ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് മൂന്നു ഘട്ടങ്ങളിലായി സ്വദേശിവൽക്കരണം നിർബന്ധമാക്കിയത്.

ആദ്യ ഘട്ടം കഴിഞ്ഞ വർഷം സെപ്റ്റംബർ 11 നാണ് നിലവിൽ വന്നത്. രണ്ടാം ഘട്ടം നവംബർ ഒന്പതിനും മൂന്നാം ഘട്ടം ഈ വർഷം ജനുവരി 7 നുമാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളിൽ ഷോറൂം മാനേജർ തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനു ഒരു വർഷം പ്രത്യേക ഇളവ് നൽകിയിരുന്നു. സ്വദേശികൾക്കു മതിയായ പരിചയസന്പത്ത് ആർജ്ജിക്കുന്നതിനാണ് വിദേശികൾക്ക് ഈ മേഖലകളിൽ ഒരു വർഷത്തെ ഇളവ് അനുവദിച്ചത്.

ഈ സമയ പരിധി അവസാനിച്ചതായും മാനേജർ തസ്തികകൾ സ്വദേശികൾക്കു മാത്രമായി പരിമിതപ്പെടുത്തിയതായും തൊഴിൽ മന്ത്രാലയ വ്യക്താവ് ഖാലിദ് അബാഖൈൽ വ്യക്തമാക്കി. ഈ തൊഴിലുകളിലേക്കു വിദേശികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതിനും നിരോധനമുണ്ട്.

Follow Us:
Download App:
  • android
  • ios