റിയാദ്: സൗദിയിൽ ഹോട്ടൽ മേഖലയിൽ സ്വദേശിവൽക്കരണം നിർബന്ധമാക്കുന്നു. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കെല്ലാം ബാധകമാകുന്ന തരത്തിലുള്ള നിയമം പ്രാബല്യത്തിലായാൽ നിരവധി വിദേശികള്‍ക്ക് തൊഴിൽ നഷ്ടമാകും.

ത്രീ സ്റ്റാറും അതിനു മുകളിലേക്കും നിലവാരമുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, ഫോർ സ്റ്റാറും അതിനു മുകളിലേക്കും നിലവാരമുള്ള ഫർണിഷ്ഡ് അപ്പാർട്ടുമെന്‍റുകൾ, ഹോട്ടൽ വില്ലകൾ എന്നീ മേഖലകളിലാണ് സ്വദേശിവൽക്കരണം നടപ്പിലാക്കുക. ഈ മേഖലയിൽ മൂന്നു ഘട്ടങ്ങളായി സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രി അഹമ്മദ് അൽ രാജ്‌ഹിയാണ് അറിയിച്ചത്.

ഡിപ്പാർട്ടുമെന്‍റുകളും സ്പെഷ്യലിസ്റ്റ് വിഭാഗത്തിൽപ്പെടുന്ന ജോലികളും വരുന്ന ഡിസംബർ 27 മുതൽ സ്വദേശിവൽക്കരിക്കും. സൂപ്പർവൈസർ,
അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ അടുത്ത വർഷം ജൂൺ 22 മുതലും മാനേജർ തസ്തികകളിൽ 2020 ഡിസംബർ 16 മുതലും സ്വദേശിവൽക്കരണം
പ്രാബല്യത്തിൽ വരും.

ഹോട്ടൽ മേഖലകളിലെ ഉന്നത തസ്തികകൾ കൂടാതെ ടൂറിസ്റ്റ് ഇൻഫോർമേഷൻ ക്ലാർക്, എക്സിക്യൂട്ടീവ് സെക്രട്ടറി, ജനറൽ അഡ്മിനിസ്‌ട്രേറ്റീവ്
ക്ലാർക്, അഡ്മിനിസ്ട്രേഷൻ കോർഡിനേറ്റർ എന്നീ തസ്തികകളിലും പൂർണമായും സ്വദേശിവൽക്കരണം നിർബന്ധമാണ്. കൂടാതെ ബുക്കിംഗ്,
പർച്ചേസിംഗ്, മാർക്കറ്റിംഗ്, ഫ്രണ്ട് ഓഫീസ് എന്നീ വിഭാഗങ്ങളിലും സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധമാണ്.

സ്വദേശിവൽക്കരണത്തിനു തീരുമാനിച്ച തൊഴിലുകളിലേക്കു വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും വിദേശികളുടെ സ്പോസർഷിപ്പ്
മാറ്റുന്നതും വിലക്കിയിട്ടുണ്ട്. ഈ തൊഴിലുകൾ നിർവഹിക്കുന്നതിന് വിദേശികളെ നേരിട്ടോ അല്ലാതെയോ ചുമതലപ്പെടുത്തുന്നതും പൂർണമായും വിലക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.