Asianet News MalayalamAsianet News Malayalam

ഈസ്റ്ററും പെരുന്നാളും വിഷുവും കണ്ടു; മോദി, രാഹുൽ, പിണറായിയും മുഖങ്ങളായി; ഇനി ജനവിധിക്കായുള്ള കാത്തിരിപ്പ്

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേക്കാൾ, പിണറായി വിജയനെ പൂര്‍ണ്ണമായും ആശ്രയിച്ചാണ് ഇടതു മുന്നണിയുടെ പ്രചരണം മുന്നേറിയത്

Narendra Modi Rahul Gandhi Pinarayi Vijayan three faces lead Lok Sabha Election campaign in Kerala
Author
First Published Apr 25, 2024, 6:29 AM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ നേതാക്കളെ അണിനിരത്തി യുഡിഎഫും എൻഡിഎയും സംസ്ഥാനത്ത് പ്രചരണം നടത്തിയപ്പോൾ, ഇടതു മുന്നണിയുടെ പ്രധാന താരം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രചാരണത്തിനായി പലവട്ടം കേരളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, രാഹുലിനെയും പ്രിയങ്കയെയും ഇറക്കി നേരിടാനാണ് യു‍ഡിഎഫ് ശ്രമിച്ചത്.

ഈസ്റ്ററും ചെറിയ പെരുന്നാളും വിഷുവും കണ്ടാണ് തെരഞ്ഞെടുപ്പ് കാലം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നത്. വിഷയങ്ങളും വിവാദങ്ങളും മാറി മറിഞ്ഞ ഒന്നര മാസത്തെ പ്രചാരണത്തിൽ പ്രധാനമന്ത്രി പലവട്ടം കേരളത്തിലെത്തി മടങ്ങി. ദക്ഷിണേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രചരണം നടത്താനുള്ള ബിജെപിയുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു പ്രധാനമന്ത്രിയുടെ തുടർച്ചയായ കേരള സന്ദർശനം. അണികളെ ആവേശ ഭരിതമാക്കിയ റോഡ്ഷോകളും മോദി ഗ്യാരണ്ടിയിലുമാണ് എൻ ഡി എ യുടെ പ്രതീക്ഷ. രാഹുലിനെയും ഇടതു മുന്നണിയെയും ഒരു പോലെ കടന്നാക്രമിച്ചായിരുന്നു ബിജെപി യുടെ പ്രചരണം. ക്രൈസ്തവ മേഖലയിൽ ലൗ ജിഹാദ് ഉയർത്തിക്കൊണ്ട് വരാൻ ബിജെപി ശ്രമിച്ചെങ്കിലും വികസന വിഷയങ്ങൾ തന്നെയായിരുന്നു മുഖ്യം. അമിത് ഷായും ജെപി നദയും സംസ്ഥാനത്ത് എത്തിയെങ്കിലും വർഗീയ പ്രചാരണ ശൈലി ഉണ്ടായില്ല എന്നതും ശ്രദ്ധേയം.

യൂഡിഎഫിന് രാഹുൽ ഗാന്ധി തന്നെയായിരുന്നു താരം. വയനാട്ടിൽ മാത്രമായി ഒതുങ്ങാതെ സംസ്ഥാനത്തുടനീളം രാഹുലിനെയും പ്രിയങ്കയെയും പ്രചാരണത്തിന് എത്തിക്കാൻ കോൺഗ്രസ്സിനായി. മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയേയും രേവന്ത്‌ റെഡ്‌ഡിയേയും പാര്‍ട്ടിയുടെ ട്രബിള്‍ ഷൂട്ടര്‍ ഡികെ ശിവകുമാറിനേയും പരമാവധി മണ്ഡലങ്ങളിലെത്തിക്കാന്‍ കോണ്‍ഗ്രസിനായി. സംസ്ഥാനത്ത് ബിജെപി-സിപിഎം ധാരണയെന്ന കോണ്‍ഗ്രസ് പ്രചരണം രാഹുല്‍ ഗാന്ധിയും ഏറ്റെടുത്തത് തീപാറുന്ന വാക് പോരിലേക്ക് മാറിയതിനും പ്രചരണത്തിന്‍റെ അവസാന നാളുകള്‍ സാക്ഷ്യം വഹിച്ചു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേക്കാൾ, പിണറായി വിജയനെ പൂര്‍ണ്ണമായും ആശ്രയിച്ചാണ് ഇടതു മുന്നണിയുടെ പ്രചരണം മുന്നേറിയത്. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാനത്തെത്തിയെങ്കിലും മോദിയേക്കാള്‍ രാഹുലിനെ കടന്നാക്രമിച്ച പിണറായിയെ മണ്ഡലത്തിലെത്തിക്കാനായിരുന്നു സ്ഥാനാര്‍ത്ഥികള്‍ക്കും താത്പര്യം. കോടിയേരിയുടേയും കാനത്തിന്‍റേയും അഭാവം നികത്താന്‍ എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനും പ്രചരണ രംഗത്ത് കഴിയാതെ പോയതും പിണറായിയുടെ ജോലി ഭാരം കൂട്ടി. മോദിയുടെ വികസന മുദ്രവാക്യത്തിന് മണിപ്പൂര്‍ ഓര്‍മ്മിപ്പിച്ചായിരുന്നു മറുപടി. രാഹുലിലെ കടന്നാക്രമിച്ച പിണറായിക്ക് അതേ ഭാഷയില്‍ തിരിച്ചടി. രാഷ്ട്രീയം മുതല്‍ വ്യക്തി അധിക്ഷേപം വരെ കേട്ട പ്രചരണ കാലത്തിനാണ് അവസാനമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios