റിയാദ്: കര്‍ഫ്യൂ സമയങ്ങളിലും യാത്രക്ക് അനുമതിയില്ലാത്ത ഘട്ടങ്ങളിലും അടിയന്തിര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യാൻ അനുമതി പത്രം ഓൺലൈനായി ലഭിക്കും. ഇതിനായി www.tanaqul.ecloud.sa എന്ന വെബ്‌സൈറ്റില്‍ പേരും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യണം. മക്ക, മദീന എന്നീ പ്രദേശങ്ങളിലൊഴികെ രാജ്യത്തെ നഗരങ്ങള്‍ക്കിടയിലും ഗവർണറേറ്റുകള്‍ക്കിടയിലും അയല്‍പ്രദേശങ്ങള്‍ക്കിടയിലും സഞ്ചരിക്കുന്നതിന് മതിയായ കാരണങ്ങളുണ്ടെങ്കില്‍ ഇതുവഴി അനുമതി പത്രം ലഭിക്കും. 

വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ സേവനം ലഭ്യമാണ്. മരണം, ആശുപത്രി സേവനം, പരിചിതമായ പ്രത്യേക സന്ദര്‍ഭങ്ങള്‍, മാനുഷിക പരിഗണനയര്‍ഹിക്കുന്ന ഘട്ടങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളിലും മറ്റ് അടിയന്തിര ഘട്ടങ്ങളിലും ഈ സേവനം ഉപയോഗിക്കാം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാലുടന്‍, അപേക്ഷ സ്വീകരിച്ചതായി മൊബൈൽ ഫോണിലേക്ക് സന്ദേശം ലഭിക്കും. 

അല്‍പസയത്തിന് ശേഷം യാത്രക്ക് അനുമതി ലഭിച്ചാല്‍ യാത്ര ചെയ്യേണ്ട സമയവും മറ്റ് വിശദീകരണങ്ങളുമുള്‍പ്പെടുന്ന അനുമതി പത്രവും മൊബൈലില്‍ ലഭിക്കും. അപേക്ഷ നിരാകരിക്കുകയാണെങ്കില്‍ അക്കാര്യം സംബന്ധിച്ചും അപേക്ഷകന് അറിയിപ്പുണ്ടാകും. അകമ്പടിയായി അടുത്ത ബന്ധുക്കളേയോ സുഹൃത്തുക്കളേയോ യാത്രയില്‍ പങ്കാളികളാക്കണമെങ്കില്‍ അപേക്ഷയോടൊപ്പം അവരുടെ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്.