റാസല്‍ഖൈമ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കടുത്ത നിയന്ത്രണം നിലനില്‍ക്കുന്ന യുഎഇയില്‍ സമയം രാത്രി രണ്ടു മണി. പൊലീസ് പട്രോള്‍ വാഹനങ്ങളല്ലാതെ നിരത്തുകള്‍ ശൂന്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ദേശീയ അണുനശീകരണ യജ്ഞം വിയയിപ്പിക്കാനും കര്‍മനിരതരായ പൊലീസ് ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് അകലെ നിന്ന് ഒരു കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുന്നത്.

ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം അറിയാത്തയാളാണോ ഇതെന്ന ചിന്തയില്‍ കാറിനെ പൊലീസ് വാഹനം പിന്തുടര്‍ന്ന് നിര്‍ത്തുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥന്‍ അടുത്തെത്തി ഡ്രൈവിങ് സീറ്റിലുള്ള വനിതയെ അഭിവാദ്യം ചെയ്യുകയും രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. മാസ്‍ക് അണിഞ്ഞ ഡ്രൈവര്‍ രേഖകള്‍ നല്‍കുന്നു.

സംഭവം പൊലീസ് കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിലിരുന്ന് തത്സമയം വീക്ഷിച്ചുകൊണ്ടിരിക്കുന്ന റാസല്‍ഖൈമ പൊലീസ് സ്പെഷ്യല്‍ ഫോഴ്സസ് ഡയറക്ടര്‍ കേണല്‍ യുസഫ് അല്‍ സാബി പൊലീസ് ഉദ്യോഗസ്ഥനോട് വയര്‍ലെസ് സെറ്റിലൂടെ കാര്യം അന്വേഷിക്കുന്നു.

"നിങ്ങള്‍ എന്തിനാണ് കാര്‍ തടഞ്ഞത്"

"രേഖകള്‍ പരിശോധിക്കുകയാണ്" - മറുപടി.

"രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും ഷിഫ്റ്റ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയാണെന്നും ബോധ്യമാവുന്നു" - പൊലീസ് ഉദ്യോഗസ്ഥന്‍ മേലധികാരിയെ അറിയിക്കുന്നു

മറുപടിയായി കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് കേണല്‍ അല്‍ സാബി, അവരോട് തന്റെ ആശംസയും അഭിവാദ്യവും അറിയിക്കാനാണ് പൊലീസുകാരനോട് ആവശ്യപ്പെടുന്നത്.

"അവരെയും ആരോഗ്യ രംഗത്തെ അവരുടെ  സഹപ്രവര്‍ത്തകരായ ഓരോരുത്തരെയും ഓര്‍ത്ത് യുഎഇ ജനത മുഴുവന്‍ അഭിമാനം കൊള്ളുകയാണെന്നും അവരോട് പറയണം." വയര്‍ലെസ് സെറ്റിലൂടെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദേശം യുവതി നേരിട്ട് കേള്‍ക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

പൊലീസ് അധികാരിയുടെ മനസില്‍ തട്ടിയുള്ള വാക്കുകള്‍ കേട്ട് കണ്ണുനിറയുന്ന യുവതിക്ക് രേഖകള്‍ തിരിച്ച് നല്‍കി ഉദ്യോഗസ്ഥന്‍ പോകാന്‍ അനുവദിക്കുന്നു. യുവതിയെ സല്യൂട്ട് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങള്‍ റാസല്‍ഖൈമ പൊലീസ് തയ്യാറാക്കി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ വഴിയാണ് പുറത്തുവിട്ടത്. 

നിരവധി പേരാണ് വീഡിയോ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വന്തം ആരോഗ്യത്തിന് പോലും ഭീഷണി ഉണ്ടായേക്കാവുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി സധൈര്യം മുന്നോട്ട് നീങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ കൊവിഡ് ഭീഷണിക്കാലത്തെ ഏറ്റവും വലിയ ഹീറോകളെന്ന് സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം...
"