Asianet News MalayalamAsianet News Malayalam

പ്രവാസികൾക്ക് തിരിച്ചടി: നിതാഖത്തിൽ ഇനി മഞ്ഞ കാറ്റഗറിയില്ല, പകരം ചുവപ്പിലേക്ക് മാറ്റും

നിതാഖത്തിലെ മഞ്ഞ കാറ്റഗറി ഒഴിവാക്കി പകരം ആ വിഭാഗത്തെ കൂടി ചുവപ്പ് കാറ്റഗറിയിലേക്ക് മാറ്റാന്‍ തീരുമാനം. 

yellow category removed and red included in nitaqat
Author
Riyadh Saudi Arabia, First Published Dec 4, 2019, 8:21 PM IST

റിയാദ്: സൗദി അറേബ്യയിലെ തൊഴിൽ രംഗത്തെ സ്വദേശിവത്കരണ പദ്ധതിയായ ’നിതാഖാത്തി’ൽ ഇനി മഞ്ഞ കാറ്റഗറിയില്ല. ആ വിഭാഗത്തെ കൂടി നിലവിലെ ചുവപ്പ് കാറ്റഗറിയിലേക്ക് മാറ്റും. സ്വകാര്യമേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സൗദിവത്കരണ നടപടികളിലെ സുപ്രധാന ഘടകമാണ് ’നിതാഖാത്’. ജീവനക്കാരിലെ സൗദി പൗരന്മാരുടെ എണ്ണം കണക്കാക്കി സ്ഥാപനങ്ങളെ തരംതിരിക്കുന്ന മാനദണ്ഡമാണിത്.

 സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ തോതിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ പ്ലാറ്റിനം, പച്ച, ഇടത്തരം പച്ച, ഇളം പച്ച, മഞ്ഞ, ചുവപ്പ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് തൊഴിൽ മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചുവന്നതും ആനുകൂല്യങ്ങൾ നൽകുകയോ പിൻവലിക്കുകയോ ചെയ്തിരുന്നതും. ഇളം പച്ച മുതൽ പ്ലാറ്റിനം വരെ സേഫ് സോണാണ്. സ്ഥാപനങ്ങൾക്കെതിരെ നടപടികളുണ്ടാവില്ലെന്ന് മാത്രമല്ല, സർക്കാർ സേവനങ്ങളെല്ലാം നിർബാധം തുടരുകയും കാറ്റഗറി ഉയരുന്നതിന് അനുസരിച്ച് പ്രത്യേക ആനുകൂല്യങ്ങൾ നൽകുകയും ചെയ്തുവരികയാണ്. മഞ്ഞയും ചുവപ്പും അപകട സൂചകങ്ങളാണ്. മഞ്ഞയിലാകുന്ന സ്ഥാപനങ്ങൾക്ക് ചില സേവനങ്ങൾ മാത്രം തടയപ്പെടുമായിരുന്നു. എന്നാൽ സൗദിവത്കരണ തോത് ഉയർത്തുന്നതോടെ വളരെ വേഗം പച്ചയിലേക്ക് ഉയരാനും സേഫ് സോണിലാവാനും എളുപ്പമായിരുന്നു.

ചുവപ്പ് കാറ്റഗറിയിൽ വീണാൽ എല്ലാ സേവനങ്ങളും സർക്കാർ പിന്തുണയും റദ്ദാക്കപ്പെടുമെന്ന് മാത്രമല്ല നിയമ നടപടികൾ നേരിടേണ്ടിവരും. അടുത്ത മാസം മുതൽ മഞ്ഞ കാറ്റഗറി പൂർണമായും ഒഴിവാക്കുകയാണ്. സൗദിവത്കരണത്തിൽ പരാജയപ്പെട്ടാൽ ഇളം പച്ചയിൽ നിന്ന് നേരെ ചുവപ്പിലേക്ക് പതിക്കും. തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹിയാണ് പുതിയ തീരുമാനം അറിയിച്ചത്. മഞ്ഞ വിഭാഗം സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റി ചുവപ്പ് വിഭാഗം സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ബാധകമാക്കുകയാണ് ചെയ്യുക. പുതിയ തീരുമാനം ജനുവരി 26 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 2011 ലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിതാഖാത്ത് നടപ്പാക്കിയത്. സൗദിവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ ആറു വിഭാഗങ്ങളായി നിതാഖാത്ത് തരംതിരിക്കുന്നു. നിശ്ചിത ശതമാനം സൗദിവൽക്കരണം നടപ്പാക്കാതെ ചുവപ്പിലാകുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് ഒരു സേവനങ്ങളും ലഭിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കുന്നതിനും സാധിക്കില്ല. ചുവപ്പ് സ്ഥാപനങ്ങളിലെ തൊഴിലാളികളെ തൊഴിലുടമയുടെ അനുമതി കൂടാതെ സ്‌പോൺസർഷിപ്പ് മാറുന്നതിന് അനുവദിക്കും.

മഞ്ഞ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പെർമിറ്റും ഇഖാമയും പുതുക്കുന്നതിനും നിയന്ത്രണങ്ങൾ ബാധകമായിരുന്നു. എങ്കിലും സ്ഥാപനങ്ങൾക്ക് പ്രവർത്തനം തുടരുന്നതിന് വലിയ തടസ്സമുണ്ടായിരുന്നില്ല. ഈ ആനുകൂല്യം എടുത്തു കളയുന്നതിനാണ് പുതിയ തീരുമാനം.ഇതോടെ നിലവിൽ മഞ്ഞ വിഭാഗത്തിലുള്ള സ്ഥാപനങ്ങളുടെ നിലനിൽപ്പ് കടുത്ത പ്രതിസന്ധിയിലാകും. കൂടുതൽ സൗദിവൽക്കരണം നടപ്പാക്കി ഉയർന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം കൂടുതൽ സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios