Asianet News MalayalamAsianet News Malayalam

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം, ശ്രീഹരിക്കോട്ടയിൽ 'വിക്രം' കുതിച്ചുയരും; ഇത് പുതിയ തുടക്കം

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാൻ പോകുകയാണ്. 2018ൽ സ്ഥാപിതമായ സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‌‌‍ർട്ടപ്പാണ് രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന് പിന്നിൽ

First Private Rocket Launch from Indian Soil Startup Skyroot aerospace to test Sounding Rocket Vikram S
Author
First Published Nov 8, 2022, 6:48 PM IST

തിരുവനന്തപുരം: ബഹിരാകാശ രംഗത്ത് ഇന്ത്യയിൽ പുതിയ വിപ്ലവത്തിന് തുടക്കമാകുകയാണ്. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാൻ പോകുകയാണ്. 2018ൽ സ്ഥാപിതമായ സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‌‌‍ർട്ടപ്പാണ് രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റിന് പിന്നിൽ. വിക്രം എന്ന് പേരിട്ടിരിക്കുന്ന സൗണ്ടിംഗ് റോക്കറ്റാണ് ആദ്യ പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. നവംബ‌ർ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം.  തുടക്കം എന്ന അർത്ഥം വരുന്ന പ്രാരംഭ് എന്ന പേരാണ് ആദ്യ  ദൗത്യത്തിന് സ്കൈറൂട്ട് നൽകിയിരിക്കുന്നത്.

ഇൻസ്പേസ് വഴിയുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ശ്രീഹരിക്കോട്ട ഒരു സ്വകാര്യ കമ്പനിയുടെ സൗണ്ടിംഗ് റോക്കറ്റ് പരീക്ഷണത്തിനായി വിട്ടു നൽകുന്നത്. ബഹിരാകാശ ഗവേഷണ രംഗം സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുക്കാനായി 2020ലാണ് കേന്ദ്ര സർക്കാർ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആതറൈസേഷൻ സെൻ്ററിന് രൂപം നൽകിയത്. കൊവിഡ് കാലത്തെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായിരുന്നു ഇൻസ്പേസിന്റെ രൂപീകരണവും എന്നത് ശ്രദ്ധേയമാണ്. ഇസ്രൊയുടെ സംവിധാനങ്ങൾ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാക്കുന്നത് ഇൻസ്പേസ് വഴിയാണ്. ഭാവിയിൽ ഇസ്രൊ കൂടുതൽ  ഗഹനമായ ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും മറ്റ് ആവശ്യങ്ങൾക്കുള്ള ഉപഗ്രഹ വിക്ഷേപണങ്ങൾ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന ഇസ്രൊയുടെ പുതിയ വാണിജ്യ വിഭാഗവും, മറ്റ് സ്വകാര്യ കമ്പനികളും ചേ‌ർന്ന് നടത്തുകയും ചെയ്യുമെന്നാണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നത്.

ബഹിരാകാശം എല്ലാവർക്കും

ബഹിരാകാശം എല്ലാവർക്കുമായി തുറന്നുകൊടുക്കുക എന്നതാണ് സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പിന്റെ ആപ്തവാക്യം. ഹൈദരാബാദ് ആണ് ആസ്ഥാനം. പവൻ കുമാർ ചന്ദന, ഭരത് ഡാക എന്നീ യുവാക്കളാണ് സ്കൈറൂട്ടിന്റെ പിന്നിൽ. കൂടെ ഐഎസ്ആർഒയിൽ നിന്ന് വിരമിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞരും.

First Private Rocket Launch from Indian Soil Startup Skyroot aerospace to test Sounding Rocket Vikram S

വിക്രം എന്ന പേരിൽ മൂന്ന് ചെറിയ വിക്ഷേപണ വാഹനങ്ങളാണ് സ്കൈറൂട്ട് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുന്നത്. 290 kg ഭാരം 500 km ഉയരത്തിൽ സൺ സിക്രണസ് പോളാർ ഓർബിറ്റിൽ എത്തിക്കാൻ കെൽപ്പുള്ള വിക്രം 1, 400 kg ഭാരം 500 km ഉയരത്തിൽ എത്തിക്കാൻ കെൽപ്പുള്ള വിക്രം 2, 560 kg ഭാരം 500 km ഉയരത്തിൽ എത്തിക്കാൻ കെൽപ്പുള്ള വിക്രം 3 എന്നിവയാണ് അവ.

First Private Rocket Launch from Indian Soil Startup Skyroot aerospace to test Sounding Rocket Vikram S

വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് വിക്രം എന്ന പേര്. ഈ റോക്കറ്റുകളുടെ മുൻഗാമിയെന്ന നിലയിലാണ്. വിക്രം എസ്  ( വിക്രം സൗണ്ടിംഗ് ) എന്ന സൗണ്ടിംഗ് റോക്കറ്റ് സ്കൈറൂട്ട് പരീക്ഷുന്നത്.

2018ൽ പ്രവർത്തനം തുടങ്ങിയ സ്കൈറൂട്ട് 2020ൽ തന്നെ ആദ്യ റോക്കറ്റ് എഞ്ചിൻ യാഥാർത്ഥ്യമാക്കി. ദ്രവീകൃത ഇന്ധനം ഉപയോഗിക്കുന്നതായിരുന്നു ആദ്യ എഞ്ചിൻ. നോബേൽ ജേതാവായ ഭൗതിക ശാസ്ത്രജ്ഞൻ സി.വി.രാമനോടുള്ള ആദര സൂചകമായി രാമൻ എന്നാണ് ഈ റോക്കറ്റിന് നൽകിയ പേര്.


2020 ഡിസംബറോടെ ആദ്യ ഘര ഇന്ധന റോക്കറ്റ് എഞ്ചിനും സ്കൈറൂട്ട് യാഥാ‌ർത്ഥ്യമാക്കി. എപിജെ അബ്ദുൾ കലാമിനോട് ആദരമായി കലാം 5 എന്നാണ് ഇതിന് നൽകിയ പേര്.


2021 അവസാനത്തോടെ ത്രീഡി പ്രിൻ്റിംഗ് വഴി നി‍ർമ്മിച്ച ക്രയോജനിക് എഞ്ചിനും സ്കൈറൂട്ട് യാഥാ‌‌ർ‌ത്ഥ്യമാക്കി. അധികം വൈകാതെ തന്നെ സ്വന്തം റോക്കറ്റിൽ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന സ്കൈറൂട്ടിന് ആദ്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം നി‍‌ർണായകമാണ്. നൈക്ക് അപ്പാച്ചെ സൗണ്ടിംഗ് റോക്കറ്റുകളൂടെയായിരുന്നു ഇസ്രൊയുടെ മുൻഗാമി ഇൻകോസ്പാറിന്റെയും തുടക്കം.

സ്കൈറൂട്ട് മാത്രമല്ല

സ്കൈറൂട്ട് മാത്രമല്ല, ബഹിരാകാശ രംഗത്ത് വലിയ സ്വപ്നം കാണുന്ന സ്വകാര്യ കമ്പനികൾ ഇനിയുമുണ്ട്. മറ്റൊരു ബഹിരാകാശ സ്റ്റാ‍ർട്ടപ്പായ അഗ്നികുലിന്റെ സെമിക്രയോജനിക് എഞ്ചിൻ പരീക്ഷണം ഈ കഴിഞ്ഞയാഴ്ച തന്നെയാണ് വിജയകരമായി പൂ‌ർത്തിയാക്കിയത്. തിരുവനന്തപുരം വിഎസ്‍എസ്‍സിയിൽ വച്ചായിരുന്നു അഗ്നിലെറ്റ് എന്ന പുതിയ റോക്കറ്റ് എഞ്ചിൻ പരീക്ഷണം. 15 സെക്കൻഡ് നേരം നീണ്ടു നിന്ന ഹോട്ട് ടെസ്റ്റ് വിജയിച്ചു. നവംബ‌ർ നാലിനായിരുന്നു പരീക്ഷണം.  ഇൻസ്പേസ് വഴിയുള്ള കരാ‍‌‌‌ർ അടിസ്ഥാനത്തിലായിരുന്നു ഈ പരീക്ഷണവും. ദ്രവീകൃത ഓക്സിജനും ഏവിയേഷൻ ടർബൈൻ ഫ്യൂവലുമാണ് അഗ്നിലെറ്റിന്റെ ഇന്ധനം. ത്രീഡി പ്രിൻ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എഞ്ചിൻ നി‌ർമ്മിച്ചതെന്നതും പ്രത്യേകതയാണ്.

അഗ്നികുൽ പരീക്ഷണ ദൃശ്യങ്ങൾ

Follow Us:
Download App:
  • android
  • ios