ഒരു സംരംഭകന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങളെല്ലാം ലഭ്യമായ ഇടമാണ് ഇൻക്യുബേഷൻ സെന്ററുകൾ. തിരുവനന്തപുരം ടെക്നോപാർക്കും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും ചേർന്ന് 2006ൽ ടെക്നോപാർക്കിൽ ആരംഭിച്ച ടെക്നോളജി ഇൻക്യുബേറ്ററാണ് (ടി ടി ബി ഐ) കേരളത്തിൽ സ്റ്റാർട്ടപ്പ് വിപ്ലവത്തിനു തുടക്കം കുറിച്ചത്. സ്റ്റാർട്ടപ്പ് തുടങ്ങുമ്പോൾ ഒരു കമ്പനിക്ക് വേണ്ടത്ര വ്യവസായ ബന്ധങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടാകണമെന്നില്ല. ഇൻകുബേറ്ററുകൾ സഹായകമാകുന്നത് ഇവിടെയാണ്. സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായോ ചെറിയ നിരക്കുകളിലോ ലഭിക്കും. ബ്രാൻഡിങ്ങിനും സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താനും ഇൻക്യുബേറ്ററുകൾ സഹായിക്കും. സ്റ്റാർട്ടപ്പ് അക്സിലറേറ്റർ പ്രോഗ്രാമുകൾ, മത്സരങ്ങൾ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാനും ഇത്തരം സ്ഥാപനങ്ങൾ സ്റ്റാർട്ടപ്പുകളെ സഹായിക്കും

കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത ഇന്‍ക്യുബേറ്ററുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. അതായത് ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരു സംരംഭകനും ആദ്യം ചെയ്യേണ്ടത് അനുയോജ്യമായ ഒരുഇന്‍ക്യുബേറ്റര്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ്. കേരളത്തില്‍ 40 ഇന്‍ക്യുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെയാണിത്.

പ്രത്യേക മേഖലകള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകള്‍ തുടങ്ങി ജനറല്‍ ഇന്‍ക്യുബേറ്ററുകള്‍ വരെ ലഭ്യമാണിന്ന്. കാര്‍ഷികമേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അഗ്രി ഇന്‍ക്യുബേറ്ററുകളുണ്ട്. മത്സ്യമേഖലയുമായി ബന്ധപ്പെട്ടവയ്ക്ക് ഫിഷറീസ് ഇന്‍ക്യുബേറ്ററുകളും ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ടവയ്ക്കായി ബയോടെക്  ഇന്‍ക്യുബേറ്ററുകളും പ്രവര്‍ത്തിക്കുന്നു.