വ്യവസായങ്ങള്‍ക്കനുയോജ്യമായ ആധുനികവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വല്‍ വിപണനവേദിയൊരുക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിന് തുടക്കമായി. വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഈ പ്ലാറ്റ്ഫോം വലിയ ചുവടുവയ്പ്പായാണ് സ്റ്റാർട്ട്പ്പ് മിഷൻ കരുതുന്നത്. കൊറോണ പകർച്ചവ്യാധി മൂലമുളള വ്യാവസായിക -ധനകാര്യ പ്രതിസന്ധി രൂക്ഷമായ ഈ കാലയളവിൽ സ്റ്റാർട്ടപ്പുകൾക്ക് വിപണിയിൽ സജീവമായി നിൽക്കാൻ പ്ലാറ്റ്ഫോം സഹായകരമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച ചെലവ് കുറഞ്ഞ നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രയോജനപ്പെടുത്താന്‍ വ്യവസായങ്ങള്‍ക്ക് അവസരം നല്‍കാനായി കെഎസ്‍യുഎം സംഘടിപ്പിക്കുന്ന ‘ബിഗ് ഡെമോ ഡേ’യുടെ ഭാഗമായായിരുന്നു പ്ലാറ്റ്ഫോമിന്‍റെ പ്രകാശനം. വ്യവസായം, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍, നിക്ഷേപകര്‍, കണ്‍സള്‍ട്ടന്‍റുമാര്‍, രാജ്യാന്തര ഏജന്‍സികള്‍ എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുന്നതിന് അവസരമുണ്ട്. വ്യക്തിഗത ആശയ, ഉല്‍പ്പന്ന അവതരണങ്ങളും പരിപാടിയുടെ ഭാഗമായിരിക്കും. ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്കും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.