Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല ആര് കാക്കും; ഡേവിഡ് ജെയിംസ് പറയുന്നു

  • ഐഎസ്എലിന് മുന്നോടിയായുള്ള ഈ മത്സരങ്ങള്‍ മുതല്‍ക്കൂട്ടാകും
david james pre match press meet
Author
First Published Jul 23, 2018, 8:12 PM IST

കൊച്ചി:  ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്‍റില്‍ നാളെ ഓസ്ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റി എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ് മാറ്റുരയ്ക്കുകയാണ്. സന്ദീപ് നന്ദി, പോള്‍ റെചുബ്ക, ഡേവിഡ് ജെയിംസ് എന്നിങ്ങനെ മികച്ച ഒരുപിടി താരങ്ങള്‍ കാത്ത മഞ്ഞപ്പടയുടെ ഗോള്‍വലയ്ക്ക് മുന്നില്‍ നാളെ ആരായിരിക്കും കെെവിരിച്ച് നില്‍ക്കുക.

കുറച്ച് ദിവസങ്ങളായി പല അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും കൃത്യമായ ഉത്തരം ബ്ലാസ്റ്റേഴ്സിന്‍റെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ധീരജ് സിംഗ്, എഫ്‌സി ഗോവ ഗോള്‍ കീപ്പറായിരുന്ന നവീന്‍ കുമാര്‍, മലയാളി യുവ ഗോള്‍കീപ്പര്‍ സുജിത് എന്നിവരാണ് മഞ്ഞപ്പടയുടെ കൂടെ ഇപ്പോഴുള്ളത്.

ഒരു വിദേശ കീപ്പര്‍ ഐഎസ്എല്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ടീമിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ആരാകും നാളെ ഇറങ്ങുകയെന്നാണ് ഇപ്പോള്‍ ആകാംക്ഷയുയര്‍ത്തുന്ന ഘടകം. ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍വല കാക്കാന്‍ നിയോഗിക്കപ്പെടുകയെന്ന സൂചനയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് നല്‍കുന്നത്.

നാളത്തെ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഡിജെ ടീം ലെെനപ്പിനെപ്പറ്റിയുള്ള സൂചനകള്‍ നല്‍കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധീരജ് സിംഗിനെ നിരീക്ഷിക്കുകയാണ്. മികച്ച പ്രകടനമാണ് പരിശീലനങ്ങളില്‍ കൗമാര താരം പ്രകടിപ്പിക്കുന്നതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.

മലയാളി താരം സുജിത്തിന് പരിക്കേറ്റതോടെ നവീന്‍ കുമാറും ധീരജും തമ്മിലാണ് ആദ്യ ഇലവനില്‍ ഇറങ്ങുന്നതിന് മത്സരം നടക്കുന്നത്. അതില്‍ ധീരജിനാണ് ആനുകൂല്യം കൂടുതലെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഐഎസ്എലിന് വേണ്ടി തയാറെടുക്കുന്ന മഞ്ഞപ്പടയ്ക്ക് ഏറെ ഗുണകരമാകും ലാ ലിഗ വേള്‍ഡ് പ്രീ സീസണ്‍ ടൂര്‍ണമെന്‍റെന്നും പരിശീലകന്‍ പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച ക്ലബ്ബുകളുമായി പന്തു തട്ടാനുള്ള അവസരമാണ് ലഭിക്കുന്നത്. അത് യുവതാരങ്ങള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാകും. സി.കെ. വിനീത് അടക്കം ചില താരങ്ങള്‍ക്ക് പരിക്കേറ്റത് ടീമിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും മികച്ച പോരാട്ടം തന്നെ കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios