സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 വിക്കറ്റ് തോൽവിയിലാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക ലഖ്‌നൗ നായകൻ കെ എൽ രാഹുലിനെ പരസ്യമായി ശാസിച്ചത്

കൊല്‍ക്കത്ത: ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റന്‍ കെ എൽ രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിച്ചതിന് പിന്നാലെ ഐപിഎൽ ടീം ഉടമകളുടെ താരങ്ങളോടുള്ള സമീപനം ചർച്ചയാകുന്നു. ഷാരൂഖ് ഖാനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളും തമ്മിലുള്ള ആത്മബന്ധമാണ് എല്ലാവരും കണ്ടുപഠിക്കേണ്ടതെന്ന് പറയുകയാണ് ആരാധകർ. ഇതിന് കെകെആര്‍ ടീം ഉപദേശകന്‍ ഗൗതം ഗംഭീര്‍ ഒരു ഉദാഹരണവും ചൂണ്ടിക്കാട്ടുന്നുണ്ട്. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ 10 വിക്കറ്റ് തോൽവിയിലാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകൻ കെ എൽ രാഹുലിനെ പരസ്യമായി ശാസിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിഷേധം ഉയർന്നു. ഗോയങ്കയെ എതിർത്തും രാഹുലിനെ പിന്തുണച്ചും ആരാധകരും മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തി. ഈ വിവാദം കനക്കുന്നതിനിടെയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള നല്ല ബന്ധം ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 

'തിരക്കുകൾക്കിടയിലും ഷാരൂഖ് ഖാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മത്സരങ്ങൾ കാണാനെത്തുന്നു. ജയത്തിലും പരാജയത്തിലും ടീമിന് പ്രചോദനമേകുന്നു. ഡ്രസിംഗ് റൂമിലെ താരങ്ങളുടെ ആഘോഷത്തിലും ഷാരൂഖ് ഉണ്ട്. താരങ്ങൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകുന്നു. റിങ്കു സിംഗിനെ ലോകകപ്പ് ടീമിൽ അവഗണിച്ചപ്പോൾ ഷാരൂഖ് ഖാന്‍റെ യാത്രയിൽ റിങ്കുവിനെ ഒപ്പം കൂട്ടിയത് കൈയ്യടികൾ നേടി'- ഇങ്ങനെ ഒരുപാട് മാതൃകകള്‍ കെകെആറിലും ഷാരൂഖിലും നിന്ന് പഠിക്കാനുണ്ടെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Read more: ഒടുവിലാ മഹാരഹസ്യം പുറത്ത്; എന്തുകൊണ്ട് സുനില്‍ നരെയ്‌ന് സന്തോഷവും സങ്കടവുമില്ല, എന്നും ഒരേ ഭാവം!

ടീം ഉടമയെന്ന നിലയിൽ ഷാരൂഖ് ഖാന്‍ പൂർണ സ്വതന്ത്രമാണ് നൽകുന്നതെന്ന് കെകെആറിന്‍റെ ടീം മാനേജ്മെന്‍റ് തന്നെ വ്യക്തമാക്കുന്നു. കൊൽക്കത്തയുടെ ആദ്യകാല നായകനും ഇപ്പോൾ മെന്‍ററായി തിരിച്ചെത്തുകയും ചെയ്ത ഗൗതം ഗംഭീറിന്‍റെ വാക്കുകൾ ഇതിന് ഉദാഹരണം. 2014ലെ സീസണിൽ ഗംഭീർ ആദ്യത്തെ നാല് കളിയിൽ മൂന്നിലും ഡക്ക് ആവുകയും ഒന്നില്‍ ഒരു റൺ മാത്രമെടുക്കുകയും ചെയ്‌തു. ഈ സമയത്ത് ഗംഭീർ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറാൻ തയ്യാറാണെന്ന് ടീം മാനേജ്മെന്‍റിനെ അറിയിച്ചു. വിവരം അറിഞ്ഞ് ഷാരൂഖ് തന്നെ വിളിച്ചെന്ന് ഗംഭീർ പറയുന്നു. അത് ചെയ്യരുതെന്നും കൊൽക്കത്തയില്‍ ഉള്ളയിടത്തോളം നിങ്ങൾ കളിക്കുമെന്ന് എനിക്ക് വാക്ക് നൽകണമെന്നും ഷാരൂഖ് പറഞ്ഞിരുന്നതായാണ് ഗംഭീർ വെളിപ്പെടുത്തിയത്.

ഗൗതം ഗംഭീറിന്‍റെ ഈ വാക്കുകൾ ആരാധകർ ഒന്നടങ്കം ഏറ്റെടുക്കുകയാണ്. കെ എല്‍ രാഹുലിനെ ശാസിച്ച സഞ്ജീവ് ഗോയങ്കയെ പോലുള്ള ഉടമകള്‍ ബാദ്ഷായെ കണ്ട് പഠിക്കണമെന്ന് ആരാധകർ പറയുന്നു. 

Read more: രോഹിത് ശര്‍മ്മ ആദ്യ സംഘത്തിനൊപ്പം, സഞ്ജുവോ? ട്വന്‍റി 20 ലോകകപ്പിന് ഇന്ത്യന്‍ ടീമിന്‍റെ യാത്രാ പദ്ധതിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം