Asianet News MalayalamAsianet News Malayalam

തൊട്ടതെല്ലാം പിഴച്ച് ഇന്ത്യ; ഇംഗ്ലീഷ് മണ്ണില്‍ പരമ്പര നഷ്ടം

  • ഇന്ത്യക്ക് മൂന്നാം ഏകദിനത്തിലും തോല്‍വി
  • മിന്നുന്ന പ്രകടനവുമായി റൂട്ടും മോര്‍ഗനും
  • പരമ്പര നഷ്ടമായി

 

england beat india
Author
First Published Jul 17, 2018, 11:20 AM IST
  • Facebook
  • Twitter
  • Whatsapp

ലീഡ്‍സ്: ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലുമടക്കം തൊട്ടതെല്ലാം ഇന്ത്യക്ക് പിഴച്ചപ്പോള്‍ മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് മികച്ച വിജയം. ഇന്ത്യയുയര്‍ത്തിയ 257 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷ് പട എട്ട് വിക്കറ്റ് വിജയം ആയാസരഹിതമായി സ്വന്തമാക്കി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെല്ലാം ശനിദശ പിന്തുടര്‍ന്ന ദിവസം ശതകം തികച്ച് ജോ റൂട്ടും 88 റണ്‍സുമായി നായകന്‍ ഇയോണ്‍ മോര്‍ഗനും കളം നിറഞ്ഞു.

സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപിലൂടെയും ചഹാലിലൂടെയും വിജയങ്ങള്‍ പിടിച്ചടക്കിയിരുന്ന ഇന്ത്യ ഇരുവര്‍ക്കും വിക്കറ്റുകള്‍ നേടാന്‍ സാധിക്കാതായതോടെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിന് പഴയ താളം വീണ്ടെടുക്കാന്‍ സാധിക്കാതായതും ഇന്ത്യന്‍ പരാജയത്തിന് കാരണമായി. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇതോടെ 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. നേരത്തേ, ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചിരുന്നെങ്കിലും രണ്ടാം മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. 

ബാറ്റിംഗ് നിറംകെട്ടു

ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് അത്ര ശുഭകരമായ തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ കളിയിലെ ബൗളിംഗ് മേധാവിത്വം തുടര്‍ന്ന ഇംഗ്ലീഷ് പടയ്ക്ക് മുന്നില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും വെള്ളം കുടിക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളില്‍ കണ്ടത്. ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ രോഹിത്തിന്‍റെ ശൗര്യത്തെ പിടിച്ചുകൊട്ടാന്‍ വില്ലിക്കും സംഘത്തിനും സാധിച്ചു.

റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്താതയതോടെ വന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് 18 പന്തില്‍ രണ്ടു റണ്‍സുമായി മടങ്ങി. പിന്നീടെത്തിയ കോലിയും ധവാനും പിടിച്ചു നിന്നതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങി. നിലയുറപ്പിച്ചതോടെ ഇരുവരും ടോപ് ഗിയറിലേക്ക് സ്കോറിംഗ് മാറ്റി. പക്ഷേ, അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ധവാനെ തേടി നിര്‍ഭാഗ്യം വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

അനാവശ്യ റണ്ണിനായി ഓടിയ ധാവനെ കോലി മടക്കിയെങ്കിലും സ്റ്റോക്സിന്‍റെ കൃത്യം ത്രോ അപ്പോഴേക്കും സ്റ്റംപ്സ് തെറിപ്പിച്ചിരുന്നു. 49 പന്തില്‍ 44 റണ്‍സായിരുന്നു ധവാന്‍റെ സമ്പാദ്യം. മികച്ച ഫോമില്‍ പകരമെത്തിയ ദിനേശ് കാര്‍ത്തിക് കളിച്ചു തുടങ്ങിയെങ്കിലും അതിനും അല്‍പ്പായുസായിരുന്നു. ആത്മവിശ്വാസം അമിതമായി കാണിച്ച കാര്‍ത്തിക്കിന്‍റെ കുറ്റി ആദില്‍ റഷീദ് തെറിപ്പിച്ചു.

england beat india

പിന്നീടെത്തിയ മഹേന്ദ്ര സിംഗ് ധോണി ഒരറ്റത്ത് നിലയുറപ്പിച്ചു. പ്രതിസന്ധികളെ നന്നായി നേരിടാനറിയുന്ന കോലിയും ധോണിയും കൂടെ ഇന്ത്യയെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയെ റഷീദ് വീണ്ടും തല്ലിയൊതുക്കി. റഷീദിന്‍റെ പന്തിനെ മനസിലാക്കുന്നതില്‍ ഇന്ത്യന്‍ നായകന് പിഴച്ചപ്പോള്‍ വിക്കറ്റ് നിലംപ്പൊത്തി. 72 പന്തില്‍ നിന്ന് 71 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം.

പിന്നാലെ സുരേഷ് റെയ്‍ന വന്നതും പോയതുമൊക്കെ വളരെ വേഗത്തിലായിരുന്നു.  67 പന്തില്‍ 43 റണ്‍സുമായി ധോണിയും മടങ്ങിയതോടെ വന്‍ സ്കോര്‍ എന്ന നീപ്പടയുടെ കണക്കൂട്ടലുകള്‍ കടലാസില്‍ ഒതുങ്ങി. സ്റ്റോക്സ് എറിഞ്ഞ 49-ാം ഓവറില്‍ കത്തിക്കയറിയ ശര്‍ദുല്‍ താക്കൂറാണ് ഇന്ത്യന്‍ സ്കോര്‍ 250 കടത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദും വില്ലിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അടി വാങ്ങിക്കൂട്ടി ബൗളര്‍മാര്‍

തുടക്കം മുതല്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍മാര്‍ ആക്രമണം അഴിച്ചു വിട്ടതോടെ ഇന്ത്യയില്‍ നിന്ന് കളി അകന്നു. അതിനൊപ്പം ഫീല്‍ഡിംഗില്‍ ഇന്ത്യ നിറം മങ്ങിയത് ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുക്കി. ഓപ്പണര്‍മാരായ വിന്‍സും ബെയര്‍സ്റ്റോയും മിന്നുന്ന തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ജോണി ബെയര്‍സ്റ്റോയെ ശര്‍ദുല്‍ താക്കൂര്‍ റെയ്‍നയുടെ കെെകളില്‍ എത്തിച്ചുവെങ്കിലും പിന്നാലെയെത്തിയ ജോ റൂട്ട് ശ്രദ്ധയോടെ ബാറ്റ് വീശി കളം നിറഞ്ഞു.

england beat india

ഒരറ്റത് വിന്‍സിനെ റണ്‍ ഔട്ടിലൂടെ പാണ്ഡ്യ പറഞ്ഞു വിട്ടെങ്കിലും നായകന്‍ മോര്‍ഗന്‍ കൂടി ക്രീസിലെത്തിയതോടെ ഇംഗ്ലീഷ് സ്കോര്‍ കുതിച്ചു. തന്‍റെ ആയുധങ്ങളെ എല്ലാം കോലി മാറി മാറി പരീക്ഷിച്ചിട്ടും ഇരുവരുടെ വിക്കറ്റുകള്‍ പിഴുതെടുക്കാനായില്ല. സ്പിന്‍ ദ്വയങ്ങളായ കുല്‍ദീപ് യാദവിനെയും ചാഹലിനെയും നന്നായി നേരിട്ട ഇരുവരും ഭുവനേശ്വര്‍ കുമാറിനെ കണക്കറ്റ് പ്രഹരിച്ചു.

120 പന്തില്‍ 100 റണ്‍സുമായി റൂട്ട് സെഞ്ച്വറി തികച്ചപ്പോള്‍ 108 പന്തില്‍ നിന്നാണ് നായകന്‍ മോര്‍ഗന്‍ 88 റണ്‍സ് അടിച്ചത്. റൂട്ടിനെയും മോര്‍ഗനെയും പുറത്താക്കാന്‍ സാധിക്കാതായതോടെ കളി പാതി പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യ പരാജയം സമ്മതിച്ചിരുന്നു. പിന്നീട് എല്ലാം ചടങ്ങു തീര്‍ക്കല്‍ മാത്രമായപ്പോള്‍ വെല്ലുവിളികള്‍ ഒന്നും കൂടാതെ ഇംഗ്ലണ്ട് വിജയതീരത്തെത്തി. 

Follow Us:
Download App:
  • android
  • ios