Asianet News MalayalamAsianet News Malayalam

വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍; ചികിത്സക്ക് സഹായം തേടി കുടുംബം

70000 രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്. 

Family seeks helping hand for hospitalised former India teammate Jacob Martin
Author
Baroda, First Published Jan 21, 2019, 3:14 PM IST

വഡോദര: വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. 1999 മുതല്‍ രണ്ടു വര്‍ഷക്കാലം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാര്‍ട്ടിന് ഡിസംബര്‍ 28-നുണ്ടായ വാഹനാപകടത്തിലാണ്  ഗുരുതരമായി പരിക്കേറ്റത്. ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന  മാര്‍ട്ടിന്‍ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ക്രിക്കറ്റ് ലോകത്തോടും സംഘടനകളോടും സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച്  കുടുംബം രംഗത്തെത്തി.

70000 രൂപയോളമാണ് മാര്‍ട്ടിന്റെ ഒരു ദിവസത്തെ ചികിത്സാ ചെലവ്. ആശുപത്രിയില്‍ അടയ്ക്കാനുള്ള തുക 11 ലക്ഷം കഴിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ആശുപത്രി അധികൃതര്‍ മാര്‍ട്ടിന് മരുന്ന് നല്‍കുന്നതു പോലും നിര്‍ത്തി വച്ചിരുന്നു. പിന്നീട് ബിസിസിഐ ആശുപത്രിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിനെത്തുടര്‍ന്നാണ് ചികിത്സ തുടര്‍ന്നത്. 

ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാതെ ഭാര്യ ബി.സി.സി.ഐ ഉള്‍പ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് അടിയന്തര ധനസഹായമായി ബിസിസിഐ 5 ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നു ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും സഹായ ഹസ്തവുമായി രംഗത്തെത്തി. ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്താണ് മാര്‍ട്ടിന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങളില്‍ ജേക്കബ് മാര്‍ട്ടിന്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മത്സരങ്ങളില്‍ റെയില്‍വേസിനും ബറോഡയ്ക്കും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും മാര്‍ട്ടിനായിരുന്നു. 2000-2001 സീസണില്‍ റെയില്‍വേസിനെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം.

Follow Us:
Download App:
  • android
  • ios