ഐപിഎല്ലിലെ മികച്ച നായകന്‍ സഞ്ജുവായിരിക്കാം! എന്നാല്‍ ലോകകപ്പില്‍ ഉപനായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് പന്തിനെ
ഹാര്‍ദിക് പാണ്ഡ്യയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ മറികടന്ന് പന്ത് രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി ആയേക്കും. മെയ് ഒന്നിന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാവും.
മുംബൈ: കാറപകടത്തിന് ശേഷം സജീവ ക്രിക്കറ്റിലേക്ക് റിഷഭ് മടങ്ങിയെത്തിയത് അത്ഭുതത്തോടെയാണ് ആരാധകര്‍ കാണുന്നത്. ഒരുമാസം മുമ്പ് വരെ അദ്ദേഹം ഐപിഎല്‍ കളിക്കുമോ എന്ന് പോലും ക്രിക്കറ്റ് ലോകകത്തിന് ഉറപ്പുണ്ടായിരുന്നില്ല. ഇംപാക്റ്റ് പ്ലയറായി കളിക്കുമെന്നായിരുന്ന് ഡല്‍ഹി കാപിറ്റല്‍സ് ഡയറക്റ്ററായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. കീപ്പറാവില്ലെന്നും ബാറ്ററായി മാത്രം കളിക്കുമെന്നായിരുന്നു ഗാംഗുലി വ്യക്തമാക്കിയത്. എന്നാല്‍ മുഴുവന്‍ സമയ കളിക്കാരനായി തന്നെ പന്ത് ടീമിനൊപ്പമുണ്ട്. ബാറ്റിംഗിലും കീപ്പിംഗിലും മികച്ച ഫോമില്‍. ഇപ്പോള്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പോലും പന്തിനെ പരിഗണിക്കുന്നു.
അതിനിടെയാണ് മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നത്. പന്ത് ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നുള്ളതാണ് വാര്‍ത്ത. ഹാര്‍ദിക് പാണ്ഡ്യയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ മറികടന്ന് പന്ത് രോഹിത് ശര്‍മയുടെ ഡെപ്യൂട്ടി ആയേക്കും. മെയ് ഒന്നിന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാവും. 2022 ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ പന്ത് ഇന്ത്യയെ നയിച്ചിരുന്നു. ഇപ്പോള്‍ പന്തിനെ വീണ്ടും നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്.
ഇക്കാര്യത്തില്‍ ഹാര്‍ദിക്കിനോടാണ് പന്തിന് മത്സരിക്കേണ്ടി വരിക. കഴിഞ്ഞ വര്‍ഷം ഹാര്‍ദിക്കിനെ ഏകദിന ലോകകപ്പിനുള്ള ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനെ ശക്തിപ്പെടുത്തുന്നതില്‍ പരാജയമായിരുന്നു. ഇതോടെയാണ് സെലക്റ്റര്‍ പന്തിന് നേരെ വിരല്‍ ചൂണ്ടുന്നത്. നേരത്തെ, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരടങ്ങുന്നതാണ് ടോപ്പ് ഓര്‍ഡര്‍.
മധ്യനിരയില്‍ സഞ്ജു കളിക്കുമെന്നാണ് ഇഎസ്പിഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഐപിഎല്‍ പ്രകടനം മാനദണ്ഡമാക്കി ആയിരിക്കില്ല ടീം പ്രഖ്യാപിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. എന്തായാലും കാത്തിരുന്ന് കാണാം എന്ത് സംഭവിക്കുമെന്ന്.