Asianet News MalayalamAsianet News Malayalam

ഓസീസിന്റെ ഉപദേശകനായി മുരളി; എതിര്‍പ്പുമായി ലങ്ക

I Am Not a Traitor, Says Muralitharan After SLC Lodges Complaint
Author
Colombo, First Published Jul 25, 2016, 3:28 PM IST

കൊളംബോ: ശ്രീലങ്കയില്‍ പര്യടനത്തിനെത്തുന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റായി ചുമതലയേല്‍ക്കുന്ന ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തി. ആദ്യ ടെസ്റ്റ് ചൊവ്വാഴ്ച തുടങ്ങാനിരിക്കെ പല്ലേക്കല സ്റ്റേഡിയത്തില്‍ ഓസീസ് ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുത്ത മുരളി ലങ്കന്‍ ടീം മാനേജരെ അപമാനിച്ചുവെന്ന് കാണിച്ച് ഓസീസ് ടീമിന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കി.

പരിശീലന പിച്ചില്‍ കളിക്കാന്‍ ഓസീസ് ടീമിന് അനുമതി നല്‍കുന്നത് സംബന്ധിച്ച് ശനിയാഴ്ച മുരളിയും ലങ്കന്‍ ടീം മാനേജരും കൊമ്പു കോര്‍ത്തിരുന്നു. മുരളിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇതുസംബന്ധിച്ച് ഓസീസ് ടീം മാനേജ്മെന്റിനോട് പരാതിപ്പെട്ടിട്ടുണ്ടെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് തിലംഗ സുമതിപാല പറഞ്ഞു.

എന്നാല്‍ ലങ്കന്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് മുരളിയും രംഗത്തെത്തി. പ്രഫഷണല്‍ എന്ന നിലയിലാണ് താന്‍ ഓസീസ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടാന്റാവുന്നതെന്നും അതിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയായി ബോര്‍ഡ് ചിത്രീകരിക്കുകയാണെന്നും മുരളി പറഞ്ഞു. ഞാന്‍ രാജ്യദ്രോഹിയല്ല. എന്റെ സേവനം ഉപയോഗപ്പെടുത്താന്‍ ലങ്കന്‍ ബോര്‍ഡ് ശ്രമിച്ചിട്ടില്ല. എന്റെ നേട്ടങ്ങളില്‍ മതിപ്പുള്ള ഓസീസ് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ അവരുടെ ബൗളിംഗ് ഉപദേശകനായത് അതുകൊണ്ടാണ്- മുരളി പറഞ്ഞു.

എന്നാല്‍ ഉപദേശകനെന്ന നിലയ്ക്ക് മുരളിക്ക് ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രവര്‍ത്തിക്കാമെങ്കിലും ഒരിക്കല്‍ മുരളിയെ ക്രിക്കറ്റില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ച ഓസ്ട്രേലിയയുടെ തന്നെ ബൗളിംഗ് ഉപദേശക പദവി ഏറ്റെടുത്തത് വിരോധാഭാസമാണെന്നും ലങ്കന്‍ ബോര്‍ഡ് പ്രസിഡന്റ് സുമതിപാല പറഞ്ഞു. തന്റെ ആരാധകര്‍ക്കിടയില്‍ മുരളി സ്വയം മോശക്കാരനാവുകയാണെന്നും സുമതിപാല വ്യക്തമാക്കി.

18 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ മുരളി സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബൗള്‍ ചെയ്യുമ്പോള്‍ കൈമടക്കുന്നുുവെന്ന് ആരോപിച്ച് ഓസീസ് അമ്പയര്‍മാര്‍ മുരളിയെ രണ്ടുതവണ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios