സിഡ്നി: ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും നാട്ടിലേക്ക് മടങ്ങുന്നത് മറ്റൊരു നാണക്കേടുമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തില്‍ അപൂര്‍വമായാണ് താരങ്ങള്‍ക്ക് അച്ചടക്ക നടപടിയുടെ ഭാഗമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നിട്ടുള്ളത്. 82 വര്‍ഷത്തിനിടെ രണ്ടാം തവണ മാത്രമാണ് ഇന്ത്യന്‍ താരങ്ങളെ വിദേശ പര്യടനത്തിനിടയില്‍ മോശം പെരുമാറ്റത്തിന് നാട്ടിലേക്ക് മടക്കി അയക്കുന്നത്. 

ഇംഗ്ലണ്ട് പര്യടനത്തില്‍ 1936ല്‍ വിഖ്യാത താരം ലാലാ അമര്‍നാഥിനെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. എന്നാല്‍ ടീമിലെ രാഷ്ട്രീയത്തിന്‍റെ ഇരയായിരുന്നു അമര്‍നാഥ് എന്ന്  പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. ഇംഗ്ലണ്ട് പര്യടനത്തില്‍ 1996ല്‍ നായകന്‍ മുഹമ്മദ് അസറുദീനുമായുള്ള വാക്‌പോരിനെ തുര്‍ന്ന് സിദു സ്വമേധയാ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ചാറ്റ് ഷോയില്‍ സ്‌ത്രീ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പാണ്ഡ്യയ്ക്കും രാഹുലിനും എതിരെ ബിസിസിഐ നടപടി. 

ബിസിസിഐ താരങ്ങളെ മടക്കിവിളിച്ചതോടെ ഓസീസ് പര്യടനത്തിനുശേഷം നടക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തിലും ഇരുവരും കളിക്കുന്ന കാര്യം സംശയത്തിലായി. ബിസിസിഐയുമായി കരാറുള്ള താരങ്ങള്‍ മുന്‍കൂര്‍ അനുമതി നേടിയശേഷമെ ടെലിവിഷന്‍ ഷോകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നുണ്ട്. എന്നാല്‍ ഇരുവരും അനുമതി തേടിയിരുന്നോ എന്നകാര്യം വ്യക്തമല്ല.