തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. മാര്‍ ബേസില്‍ കരുത്ത് തെളിയിച്ചിട്ടും കിരീടം തിരിച്ചുപിടിക്കാന്‍ എറണാകുളത്തിന് കഴിഞ്ഞില്ല.അവസാന ദിവസം വരെ രണ്ടാം സ്ഥാനത്ത് പതുങ്ങിയിരുന്ന പാലക്കാട് അവസാന ഇനങ്ങളില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തിയാണ് കിരീടം നിലനിര്‍ത്തിയത്.

255 പോയിന്റാണ് പാലക്കാടിനുള്ളത്.എറണാകുളത്തിന് 247 പോയിന്റ് കൊണ്ട് തൃപ്തിയടയേണ്ടിവന്നു. മീറ്റിന്റെ അവസാന ദിനം പാലക്കാട് 62 പോയിന്റ് നേടിയാണ് കിരീടമുറപ്പിച്ചത്. 40 പോയിന്റ് മാത്രമാണ് എറണാകുളത്തിന് അവസാന ദിനം നേടാനായത്. 200 മീറ്ററിലെയും റിലേയിലെയും മോശം പ്രകടനമാണ എറണാകുളത്തിന് തിരിച്ചടിയായത്.പറളി, മുണ്ടൂര്‍ സ്‌കൂളുകളും പാലക്കാടിന്റെ കുതിപ്പിന് കരുത്തായി.

സ്കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം  മാര്‍ ബേസില്‍ തന്നെയാണ് ചാമ്പ്യന്മാര്‍. 14 സ്വർണവും 13 വെള്ളിയും 8 വെങ്കലവുമടക്കം 117 പോയിന്‍റ്  നേടിയാണ് മാര്‍ ബേസില്‍ കിരീടം ഉറപ്പിച്ചത്. 102 പോയിന്റ് നേടിയ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 15 സ്വർണവും 7 വെള്ളിയും 6 വെങ്കലവും നേടിയാണ് കുമരംപുത്തൂര്‍ രണ്ടാം സ്ഥാനത്തെത്തിയത്.