പ്രമുഖ താരങ്ങളാരുമില്ല, 'ബി' ടീമുമായി ഇറങ്ങിയിട്ടും ബാബറിന്‍റെ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ്
അവസാന രണ്ടോവറില്‍ 28 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജേക്കബ് ഡഫി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സെ പാകിസ്ഥാന് നേടാനായുള്ളു.
ലാഹോര്‍: ടി20 ലോകകപ്പിന് ഒരുങ്ങുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും നായകന്‍ ബാബര്‍ അസമിനും കനത്ത തിരിച്ചടി. പ്രമുഖ താരങ്ങളാരും ഇല്ലാതെ ഇറങ്ങിയിട്ടും നാലാം ടി20യില്‍ ന്യൂസിലന്‍ഡ് പാകിസ്ഥാനെ നാലു റണ്‍സിന് തോല്‍പിച്ച് പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ഇന്നലെ നടന്ന നാലാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന് 20 ഓവറില്‍ 174 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
അവസാന രണ്ടോവറില്‍ 28 റണ്‍സായിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജേക്കബ് ഡഫി എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സെ പാകിസ്ഥാന് നേടാനായുള്ളു. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സായി പാകിസ്ഥാന്‍റെ ലക്ഷ്യം. ജിമ്മി നീഷാമിന്‍റെ ആദ്യ പന്തില്‍ തന്നെ ഉമാസ മിര്‍ ബൗണ്ടറി നേടി പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത പന്തില്‍ മിര്‍ ബൗള്‍ഡായി.അടുത്ത രണ്ട് പന്തില്‍ മൂന്ന് റണ്‍സെ പാകിസ്ഥാന് നേടാനായുള്ളു.
ഇതോട അവസാന 2 പന്തില്‍ ലക്ഷ്യം 11 റണ്‍സായി. അഞ്ചാം പന്ത് വൈഡായി. വീണ്ടുമെറിഞ്ഞ അഞ്ചാം പന്തില്‍ ബൗണ്ടറി നേടി ഇമാദ് വാസിം പാകിസ്ഥാന്‍റെ ലക്ഷ്യം അവസാന പന്തില്‍ ആറ് റണ്‍സായി. നീഷാമിന്‍റെ അവസാന പന്തില്‍ ഒരു റണ്‍ മാത്രമെ ഇമാദ് വാസിമിന് നേടാനായുള്ളു.
New Zealand - Playing without their first 16 choice players.
— Mufaddal Vohra (@mufaddal_vohra) April 25, 2024
Pakistan - playing a full strength team.
- NZ leads by 2-1 against Pakistan in Pakistan. 🔥 pic.twitter.com/Hs4Jm1f3Wn
നേരത്തെ ക്യാപ്റ്റന്‍ ബാബര്‍ അസമും(4 പന്തില്‍ 5), ഷദാബ് ഖാന്‍(7), ഉസ്മാന്‍ ഖാന്‍(16) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഫഖര്‍ സമന്‍(45 പന്തില്‍ 61) മാത്രമാണ് പാക് നിരയില്‍ പൊരുതിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം പാകിസ്ഥാന്‍ ജയിച്ചു. മൂന്നും നാലും മത്സരങ്ങളില്‍ ജയിച്ചാണ് ന്യൂസിലന്‍ഡ് മുന്നിലെത്തിയത്. പ്രമുഖ താരങ്ങളെല്ലാം ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ പ്രമുഖരായ 16 താരങ്ങളില്ലാതെയാണ് ന്യൂസിലന്‍ഡ് പാകിസ്ഥാനെതിരെ ടി20 പരമ്പരക്കിറങ്ങിയത്. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക