Asianet News MalayalamAsianet News Malayalam

ടിറ്റെ ആശാന്‍ പോവില്ല, ഖത്തര്‍ ലക്ഷ്യമിട്ട് ബ്രസീലിന്‍റെ പടപ്പുറപ്പാട്

  • നാലു വര്‍ഷത്തേക്കാണ് കരാര്‍
tite signs new contract with brazil
Author
First Published Jul 26, 2018, 9:52 AM IST

സാവോപോളോ: റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ തോല്‍വിയേറ്റ് വാങ്ങിയെങ്കിലും ബ്രസീല്‍ ടീമിനെ അടുത്ത നാലു വര്‍ഷത്തേക്ക് കൂടി ഒരുക്കാന്‍ ടിറ്റെയെ തന്നെ നിയോഗിച്ചു. ഇതോടെ 2022ല്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിലും ടിറ്റെയുടെ ശിക്ഷണത്തില്‍ തന്നെ മഞ്ഞപ്പട ഇറങ്ങും. 2016ല്‍ ചുമതലയേറ്റ ശേഷം ലോകകപ്പ് വരെ മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ടിറ്റെയ്ക്ക് കഴിഞ്ഞിരുന്നു.

നാലു വര്‍ഷം കൂടെ നീട്ടിയതോടെ തുടര്‍ച്ചയായ ആറു വര്‍ഷം ബ്രസീല്‍ ടീം പരിശീലകനായതിന്‍റെ നേട്ടം ടിറ്റെയ്ക്ക് ലഭിക്കും. കൃത്യമായ ആസൂത്രണവും തെറ്റാതെയുളള നടപ്പാക്കലും കൊണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കാമെന്ന വിശ്വാസത്തിലാണ് നീണ്ട കാലത്തേക്കുള്ള കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ ഡയറക്ടര്‍ റേജേറിയോ കബോസിയോ പറഞ്ഞു.

26 മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച ടിറ്റെ രണ്ടു വട്ടം മാത്രമാണ് ഇതുവരെ തോല്‍വി വഴങ്ങിയിട്ടുള്ളത്. 20 മത്സരങ്ങളില്‍ വിജയിക്കാനുമായി. റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചിരുന്നില്ല. ഗ്രൂപ്പില്‍ സ്വിറ്റ്സര്‍ലാന്‍റിനോട് സമനില വഴങ്ങിയെങ്കിലും ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീക്വാര്‍ട്ടറിലെത്താന്‍ ടീമിന് സാധിച്ചു.

മെക്സിക്കോയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ നെയ്മറിനെയും സംഘത്തിനെയും ബെല്‍ജിയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ പ്രതിരോധ നിരയുടെ വീഴ്ചയാണ് അലിസണ്‍ കാവല്‍ നിന്ന് പോസ്റ്റില്‍ രണ്ടു ഗോള്‍ വീഴാന്‍ കാരണം. രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും ഒരു ഗോള്‍ മാത്രം സ്വന്തമാക്കാനേ കാനറികള്‍ക്ക് സാധിച്ചുള്ളൂ. 

Follow Us:
Download App:
  • android
  • ios