ന്യൂയോര്‍ക്ക്: സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളുടെ പിറവിക്ക് കാരണമാകുന്ന ബഹിരാകാശ പ്രതിഭാസം. ഭൂമിയിലെ സ്വര്‍ണ്ണം അടക്കമുള്ള ലോഹനിക്ഷേപം ചിലപ്പോള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന കോസ്മിക് സ്ഫോടനത്തിന്‍റെ ഗ്രാവിറ്റേഷന്‍ തരംഗങ്ങള്‍ ഭൂമിയില്‍ എത്തി. 130 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഇത്തരത്തിലുള്ള കോസ്മിക് സ്ഫോടനം മൂലം ഉണ്ടായ തരംഗങ്ങള്‍ ഈ അഗസ്റ്റിലാണ് ഭൂമിയില്‍ എത്തിയത്. ഇതിന്‍റെ പഠനത്തില്‍ നിന്നാണ് പുതിയ അനുമാനം.

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ നിരീക്ഷണ പേടകം ആസ്ട്രോസാറ്റാണ് ഈ തരംഗങ്ങള്‍ പിടിച്ചെടുത്തത്. എന്‍ജിസി 4993 എന്ന ഗ്യാലക്സിയിലെ രണ്ട് മൃത നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിമുട്ടലാണ് കോസ്മിക് സ്ഫോടനത്തിന് വഴിവച്ചത്. ഹൈഡ്ര കോണ്‍സ്റ്റലേഷനില്‍ പെടുന്നതാണ് ഈ ഗ്യാലക്സി.

ആസ്ട്രോസാറ്റിന് പുറകേ അമേരിക്കയുടെ ലീഗോ. ഇറ്റലിയുടെ വിര്‍ഗോ എന്നീ ബഹിരാകാശ നിരീക്ഷണ റഡാറുകള്‍ക്കും ഈ സ്ഫോടനത്തിന്‍റെ തരംഗങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗം എന്നാണ് ഈ സ്ഫോടനത്തെ കാലിഫോര്‍ണിയ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവേഷകന്‍ ഡേവിഡ് റെയിറ്റ്സ് വിശേഷിപ്പിക്കുന്നത്.

സിഗ്നലുകളില്‍ നിന്ന് ലഭിച്ച സൂചനകള്‍ പ്രകാരം കിലനോവ എന്ന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നാണ്. അതായത് രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി. ഇതിന്‍റെ പ്രതിഫലനം എന്ന നിലയില്‍ പ്രപഞ്ചത്തിന്‍റെ പല ഭാഗത്തും രാസവ്യതിയാനം സംഭവിക്കാം, ഇതില്‍ പ്രധാനം സ്വര്‍ണ്ണം, പ്ലാറ്റിനം, യുറേനീയം എന്നിങ്ങനെയുള്ള വലിയ ലോഹങ്ങളുടെ രൂപീകരണമാണ്.

ഇപ്പോള്‍ ഭൂമിയില്‍ കാണുന്ന സ്വര്‍ണ്ണവും, വെള്ളിയും മറ്റും ഇത്തരത്തിലുള്ള കിലനോവ പ്രതിഭാസം മൂലം ഉണ്ടായതാണെന്നാണ് ശാസ്ത്രകാരന്മാരുടെ വാദം.