ജാവ്ദേക്കർ വന്നത് അഡ്‌ജസ്റ്റ്‌മെൻ്റിന്, ബിജെപിയിൽ ചേർക്കാനല്ല, ഇപി ജയരാജൻ ദേഷ്യപ്പെട്ടുവെന്നും നന്ദകുമാർ
ശോഭ തട്ടിപ്പുകാരിയെന്നും ഇപിയുമായി ഒരു മീറ്റിംഗിലും പങ്കെടുത്തിട്ടില്ലെന്നും ദല്ലാൾ നന്ദകുമാർ
കൊച്ചി: ഇപി ജയരാജൻ ബിജെപിയിൽ ചേരാൻ താനുമായി ചർച്ച നടത്തിയെന്ന ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ തട്ടിപ്പാണെന്ന് ദല്ലാൾ നന്ദകുമാർ. ശോഭ സുരേന്ദ്രൻ പക്കാ തട്ടിപ്പുകാരിയാണ്. ഒരു മീറ്റിംഗിലും അവർ പങ്കെടുത്തിരുന്നില്ല. ഇപി ജയരാജനൊപ്പം എപ്പോഴും കേഡർ പൊലീസുണ്ട്. അങ്ങനെ രഹസ്യമായി ഒറ്റയ്ക്ക് വരാനൊന്നും ഇപി ജയരാജന് സാധിക്കില്ല. പ്രകാശ് ജാവ്‌ദേക്കറുമായി ഇപി ജയരാജനെ കാണാൻ പോയത് സർപ്രൈസ് എന്ന് പറഞ്ഞാണ്. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ച് ജാവ്ദേക്കർ പറഞ്ഞപ്പോൾ ഇപി ജയരാജൻ ദേഷ്യപ്പെട്ടുവെന്നും നന്ദകുമാർ പറഞ്ഞു.
തൃശ്ശൂർ ജയിക്കണമെന്നത് മാത്രമായിരുന്നു പ്രകാശ് ജാവ്ദേക്കറുടെ ആവശ്യമെന്നും അതിനായി എന്ത് ഡീലിനും തയ്യാറായാണ് അദ്ദേഹം ഇപി ജയരാജനുമായി കൂടിക്കാഴ്ചയ്ക്ക് വന്നതെന്നും ദല്ലാൾ ആരോപിച്ചു. അജി കൃഷ്ണ-എച്ച്ആർഡിഎസ് ബന്ധം ശോഭ സുരേന്ദ്രൻ ആരോപിക്കട്ടെ. ഇപി ജയരാജനെ ബിജെപിയിൽ ചേർക്കാൻ നീക്കം നടത്തിയിട്ടില്ല. അഡ്‌ജസ്റ്റ്‌മെൻ്റായിരുന്നു ജാവ്ദേക്കറുടെ ലക്ഷ്യം. പാർട്ടി മാറ്റമായിരുന്നു. ഈ ആരോപണത്തിൽ ശോഭ സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും. പടച്ചോൻ നേരിട്ട് പറഞ്ഞാലും ഇപിക്ക് താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ കഴിയില്ല. വലിയ തട്ടിപ്പുകാർ സിപിഎമ്മിന് അകത്തുണ്ട്. ലാവ്‌ലിൻ കേസിൻ്റെ സമയത്തും മുഖ്യമന്ത്രി ആവുന്നതിന് മുൻപും നവകേരള യാത്രാ സമയത്തുമൊക്കെ പിണറായി വിജയനുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ആവശ്യങ്ങൾ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നിനെയും പേടിയില്ലെന്നും നന്ദകുമാർ പ്രതികരിച്ചു.
പിണറായി വിജയൻ രണ്ട് തവണ സഹായിച്ചിട്ടുണ്ടെന്ന് നന്ദകുമാർ പറഞ്ഞു. കൈരളിയിൽ തന്നെ മോശമാക്കി വന്ന പരിപാടി നിർത്താനും തനിക്കെതിരെ ഗ്രൂപ്പ് രംഗത്ത് വന്നപ്പോളും പിണറായി വിജയൻ ഇടപെട്ട് അവ നിർത്തിച്ചു. ലാവ്‌ലിൻ കേസ് ഉണ്ടാക്കിയത് വിഎസിനെ സഹായിക്കാനായിരുന്നു. കമല ഇൻ്റർനാഷണൽ സൃഷ്ടിച്ചത് ക്രൈം നന്ദകുമാറാണ്. ഇപിക്കെതിരെ നടപടി എടുക്കാൻ കഴിയാത്ത വിധത്തിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ് സിപിഎം. പിസി തോമസ് എങ്ങനെയാണ് ജയിച്ചത്? അന്ന് ആരായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയെന്നും ചോദിച്ച ദല്ലാൾ നന്ദകുമാർ ലാവ്ലിൻ കേസ് സുപ്രീം കോടതി ഇനിയും നീട്ടുമെന്നും പ്രതികരിച്ചു.