Asianet News MalayalamAsianet News Malayalam

കൂട്ടപിരിച്ചുവിടലുമായി ആമസോൺ; നടപടി അടുത്ത വർഷം വരെ നീളും

ആമസോൺ തങ്ങളുടെ ജീവനക്കാരിൽ എത്ര പേരെ പിരിച്ചുവിട്ടുവെന്നത് സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നിട്ടില്ല. പിരിച്ചുവിടൽ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും വന്നിട്ടില്ല. 

amazon with layoffs  action will last until next year
Author
First Published Nov 19, 2022, 3:44 AM IST

ആമസോണിലെ കൂട്ടപിരിച്ചുവിടൽ അടുത്ത വർഷം വരെ നീളുമെന്ന് റിപ്പോർട്ട്. സിഇഒ ആൻഡി ജാസി തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പിരിച്ചുവിടലിനെക്കുറിച്ച് കമ്പനി തന്നെ തങ്ങളുടെ ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ട് പറയുന്നത്. 

"ഒന്നരവർഷമായി ഞാൻ ഈ സ്ഥാനത്തെത്തിയിട്ട്. ഈ കാലയളവിനിടയിൽ എടുക്കേണ്ടി വന്ന‌ കഠിനമായ തീരുമാനമാണിത്"- ജാസി മെമ്മോയിൽ കുറിച്ചു. സിയാറ്റിൽ ആസ്ഥാനമായുള്ള ആമസോൺ, കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ ബിസിനസിന്റെ വിവിധ മേഖലകളിലെ ചെലവ് ചുരുക്കിക്കൊണ്ടിരിക്കുകയാണ്. മറ്റ് സാങ്കേതിക കമ്പനികളിൽ പലതും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നുണ്ട്. ആമസോൺ തങ്ങളുടെ ജീവനക്കാരിൽ എത്ര പേരെ പിരിച്ചുവിട്ടുവെന്നത് സംബന്ധിച്ച കണക്കുകൾ പുറത്ത് വന്നിട്ടില്ല. പിരിച്ചുവിടൽ ഏതൊക്കെ മേഖലകളെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ഒന്നും വന്നിട്ടില്ല. 

കമ്പനി വിടുന്ന ജീവനക്കാർക്ക് ആമസോൺ സെവേറൻസ് പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോകമെമ്പാടുമുള്ള "കോർപ്പറേറ്റ് ആന്റ് ടെക്നോളജി"യിലെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ടെക് മേഖലയിലെ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും സ്ഥിരതയുള്ള തൊഴിലിടമാണ് ആമസോൺ.  കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിരുന്നു. കൊവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് പ്രധാന കാരണമെന്നാണ് സൂചന.  നേരത്തെ ആമസോണിന് ഒരു ലക്ഷം കോടി ഡോളർ അഥവാ ഇന്ത്യൻ രൂപ ഏകദേശം 81 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നിരുന്നു. ഇത്രയും തുകയുടെ നഷ്ടമുണ്ടാകുന്ന ആദ്യത്തെ പൊതുമേഖലാ കമ്പനിയെന്ന റെക്കോർഡ് ഇനി ആമസോണിന് സ്വന്തം. 

ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയാണ് ആമസോൺ. 2021ൽ കമ്പനിയ്ക്ക് 1.88 ലക്ഷം കോടി ഡോളറ്‍ ആസ്ഥിയുണ്ടായിരുന്നു . കഴിഞ്ഞയാഴ്ച അത് ഇടിഞ്ഞ് ഏകദേശം 87900 കോടി ഡോളറായി  മാറി. ഞെട്ടിക്കുന്ന തകർച്ച എന്ന ഹെഡ്ലൈനോടെയാണ് മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വർഷങ്ങളായി കിതപ്പെന്തെന്ന് അറിയാത്ത ആമസോൺ അടുത്തിടെയായി കിതച്ച് കിതച്ച് മുന്നോട്ട് പോകുന്നതാണ് വിപണി കാണുന്നത്. കഴിഞ്ഞ ദിവസമാണ് മെറ്റ ഏകദേശം 110000 ജീവനക്കാരെ പിരിച്ചുവിട്ടത്. ടെക് ലോകം കണ്ട ഏറ്റവും വലിയ പിരിച്ചുവിടൽ നടന്നതും അടുത്തിടെയാണ്. കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിരിച്ചുവിടലിന് പിന്നിലെ കാരണമായി രണ്ട് കമ്പനികളും ചൂണ്ടിക്കാണിക്കുന്നത്  ചെലവ് ചുരുക്കലാണ്. മെറ്റയെയും ട്വിറ്ററിനെയും പോലെ വരുമാന നഷ്ടം കൈകാര്യം ചെയ്യുന്നതിനും ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗമായാണ് ഡിസ്നിയും പിരിച്ചുവിടൽ നടപടി അവതരിപ്പിക്കുന്നത്. 

Read Also: 'ട്രൂ 5ജി സേവനങ്ങൾ നൽകുന്ന ഏക ഓപ്പറേറ്റർമാർ'; അവകാശവാദവുമായി ജിയോ

Follow Us:
Download App:
  • android
  • ios