അറ്റ്ലസ് 5 റോക്കറ്റിന്‍റെ ഓക്സിജൻ വാൽവ് തകരാർ പരിഹരിച്ച് വരികയാണെന്നും നാസ വ്യക്തമാക്കി.

ന്യൂയോര്‍ക്ക്: അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ. മെയ് 10ന് പ്രാദേശിക സമയം രാത്രി 9ന് (ഇന്ത്യൻ സമയം മെയ് 11 രാവിലെ ആറരക്ക്) ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് സ്റ്റാർലൈനർ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. റോക്കറ്റിന്‍റെ സാങ്കേതിക തകരാർ മൂലം ഇന്നത്തെ ദൗത്യം മാറ്റി വെച്ചിരുന്നു. അറ്റ്ലസ് 5 റോക്കറ്റിന്‍റെ ഓക്സിജൻ വാൽവ് തകരാർ പരിഹരിച്ച് വരികയാണെന്നും നാസ വ്യക്തമാക്കി.


റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ സമയം ഇന്ന് രാവിലെ എട്ടിനുശേഷം നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റിയത്. വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ, തന്നെ സംബന്ധിച്ച് അത് വീട്ടിലേക്ക് മടങ്ങുന്നതു പോലെയാണെന്നാണ് ദൗത്യത്തിന് മുമ്പ് സുനിത വില്യംസ് പ്രതികരിച്ചത്. പുതിയ പേടകത്തിൽ പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെങ്കിലും വലിയ ആശങ്കകളൊന്നും ഇല്ലെന്ന് സുനിത വ്യക്തമാക്കിയിരുന്നു. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് പറന്ന സുനിത വില്യംസ്, 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തം. 10 തവണ നടന്ന പെഗ്ഗി വിറ്റ്സണ്‍ പിന്നീട് ആ റെക്കോർഡ് മറികടന്നു. 

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണ് സ്റ്റാർലൈനറിന്‍റേത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങിന്‍റെ ശേഷി വികസിപ്പിക്കുന്നതിന്‍റെ ഭാഗമാണീ ദൗത്യം.
ബൈക്കിൽ നിന്നിറങ്ങിയശേഷം കെട്ടിപ്പിടിച്ചു, പിന്നാലെ സംഘം ചേർന്ന് യുവാവിനെ ക്രൂരമായി മർദിച്ചു; 3പേര്‍ അറസ്റ്റിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates