സിഡ്‌നി: സാമൂഹ്യമാധ്യമ ഭീമനായ ഫേസ്‌ബുക്കിന് വീണ്ടും നാണക്കേട്. ഇത്തവണ ഓസ്‌ട്രേലിയന്‍ കോടതിയിലേക്കാണ് ഫേസ്‌ബുക്കിന്‍റെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ പങ്കിട്ടുവെന്നാരോപിച്ച് ഓസ്‌ട്രേലിയന്‍ സ്വകാര്യതാ നിരീക്ഷണ സംഘമാണ് ഫെയ്‌സ്‌ബുക്കിനെ ഫെഡറല്‍ കോടതി കയറ്റിയിരിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയിലേക്ക് ഡാറ്റ ചോര്‍ന്നതിന് ശേഷം 'ഇത് നിങ്ങളുടെ ഡിജിറ്റല്‍ ലൈഫ്' എന്ന പേഴ്‌സണാലിറ്റി ക്വിസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ഉപയോക്താക്കളുടെ ഡാറ്റ എക്‌സ്ട്രാക്റ്റ് ചെയ്ത് ഡാറ്റാലംഘനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

യുഎസില്‍ 2016ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുവേളയില്‍ ഫേസ്‌ബുക്ക് ഉപയോക്താക്കളെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ഡാറ്റ ഉപയോഗിച്ചുവെന്ന് ആരോപണമുണ്ട്. ഇത്തരത്തില്‍ ഏകദേശം മൂന്ന് ലക്ഷത്തിലധികം ഓസ്‌ട്രേലിയന്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ഫേസ്‌ബുക്ക് വെളിപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആരോപിച്ചതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014ലും 2015ലും ഫേസ്‌ബുക്ക് അവരുടെ ഡാറ്റ ആപ്ലിക്കേഷനുമായി പങ്കിട്ടപ്പോള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ നിയമവിരുദ്ധമായി പങ്കിട്ടതായി കമ്മീഷണര്‍ കുറിക്കുന്നു. 

311,127 ഓളം ഓസ്‌ട്രേലിയന്‍ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ പൊളിറ്റിക്കല്‍ പ്രൊഫൈലിംഗ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി വിറ്റഴിക്കപ്പെട്ടുവെന്നും ഇത് ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്ക് പുറത്താണെന്നും ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ആഞ്ചലീന്‍ ഫോക്ക് പ്രസ്‌താവനയില്‍ പറഞ്ഞു. കേംബ്രിഡ്ജ് അനലിറ്റിക്ക ഡാറ്റാ ചോര്‍ച്ച ആഗോളതലത്തില്‍ 86 ദശലക്ഷത്തിലധികം ഫേസ്‌ബുക്ക് ഉപയോക്താക്കളെ ബാധിച്ചു. അന്വേഷണത്തിനിടെ ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ (ഒഎഐസി) ഓഫീസുമായി സജീവമായി സഹകരിച്ചതായി ഫേസ്‌ബുക്ക് അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം ഇപ്പോള്‍ ഫെഡറല്‍ കോടതിയുടെ മുമ്പിലാണ്. 

ഒഎഐസി-യുടെ നിലപാട് അനുസരിച്ച് ഫേസ്‌ബുക്ക് സ്വകാര്യത ക്രമീകരണങ്ങളില്‍ സുതാര്യമായിരുന്നില്ല. ഇത് ആപ്ലിക്കേഷനുമായി പങ്കിടുന്ന ഡാറ്റയെക്കുറിച്ച് മനസിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടായി. അക്കാലത്തെ സൈറ്റിന്റെ രൂപകല്‍പ്പനയും അവരുടെ വ്യക്തിഗത വിവരങ്ങള്‍ എങ്ങനെ വെളിപ്പെടുത്തിയെന്നതിനെക്കുറിച്ച് സമ്മതമോ നിയന്ത്രണമോ പ്രയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിഞ്ഞില്ലെന്നും ഇവര്‍ പറയുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയെക്കുറിച്ച് യുഎസ് രാഷ്‌ട്രീയക്കാരുടെ കടുത്ത പരിശോധനയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ടത്. ഇത്തരത്തില്‍ 2018 ല്‍ യുകെയുടെ ഡാറ്റാ പ്രൊട്ടക്ഷന്‍ ഏജന്‍സി ഫേസ്‌ബുക്കിന് 5,00,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു.