Asianet News MalayalamAsianet News Malayalam

പണികിട്ടിയിട്ട് പത്ത് ദിവസം; ബിജെപി വെബ്സൈറ്റ് ഇപ്പോഴും കട്ടപ്പുറത്ത് തന്നെ

തിരിച്ചുവരാന്‍ ഇത്രയും സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ബിജെപി സൈറ്റില്‍ വരുത്തിയ നാശം ചെറുതായിരിക്കില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. അടുത്ത ദിവസങ്ങളിലെങ്കിലും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ കഴിയുമോ എന്നാണ് ടെക് ലോകവും രാഷ്ട്രീയക്കാരും ഉറ്റു നോക്കുന്നത്.

bjp website remains down even after 10 days of hacking attempt
Author
Delhi, First Published Mar 15, 2019, 2:27 PM IST

ദില്ലി: ഈ മാസം അഞ്ചാം തീയതിയാണ് ഭാരതീയ ജനതാ പാർട്ടിയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ www.bjp.org ഹാക്കർമാർ തകർത്തത്. വെബ്സൈറ്റിന്‍റെ ഹോം പേജ് വികൃതമാക്കുന്ന ഹാക്കർമാരുടെ സ്ഥിരം അടവ് മാത്രമാണെന്നും ഉടൻ സൈറ്റ് പൂർവ്വ സ്ഥിതിയിലാകും എന്നും കരുതിയവർക്ക് തെറ്റി. ഹാക്കർമാർ പണികൊടുത്തിട്ട് ദിവസം പത്ത് കഴിഞ്ഞിട്ടും ഇനിയും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ ബിജെപി ഐടി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല.

മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 11.30 മുതല്‍ ആണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. അടുത്തിടെ ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രത്തിന്‍റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത് ഒപ്പം മോശമായ ഭാഷയില്‍ ഒരു പോസ്റ്ററുമാണ് സൈറ്റില്‍ കാണപ്പെട്ടത്. എന്നാല്‍ 11.45 മുതല്‍ ഇത് അപ്രത്യക്ഷമായി സൈറ്റില്‍ എറര്‍ സന്ദേശം കാണിക്കാന്‍ തുടങ്ങി. ഞങ്ങൾ ഉടൻ തിരിച്ചുവരും എന്ന സന്ദേശമാണ് ഇപ്പോഴും കാണിക്കുന്നത്. തിരിച്ചുവരാന്‍ സമയം എടുക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ ബിജെപി സൈറ്റില്‍ വരുത്തിയ നാശം ചെറുതായിരിക്കില്ല എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

bjp website remains down even after 10 days of hacking attempt

ആരാണ് ഹാക്ക് ചെയ്തതെന്നോ എന്തൊക്കെ വിവരങ്ങൾ നഷ്ടപ്പെട്ടുവെന്നോ ഇത് വരെ വ്യക്തമായിട്ടില്ല, വെബ്സൈറ്റിന് ശരിയായ ബാക്കപ്പ് ഇല്ല എന്നും വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബാക്കപ്പ് ഉണ്ടായിരുന്നെങ്കിൽ മണിക്കൂറുകൾക്ക് അകം പരിഹരിക്കാവുന്ന പ്രശ്നം ഇത്രയും വൈകുന്നുണ്ടെങ്കിൽ ഹാക്ക് ചെയ്തയാൾ പ്രധാനപ്പെട്ട വിവരങ്ങളും മോഷ്ടിച്ചിരിക്കാം എന്നും അഭിപ്രായം ഉയരുന്നുണ്ട്. ഡിഫേസിംഗിനെക്കാൾ ഗുരുതരമായ പ്രശ്നമാണ് ഇത്. 

മിസ് കോൾ ക്യാമ്പയിനിലെ നമ്പറുകളും വോട്ടർ രജിസ്ട്രേഷൻ ഡാറ്റയുമൊക്കെയായി വിവരങ്ങളുടെ ഒരു ഖനി തന്നെയായിരുന്നു ബിജെപി വെബ്സൈറ്റ് അത് കൊണ്ട് തന്നെ സംഗതി പ്രൈവസി പ്രശ്നം കൂടിയാണെന്ന് സാങ്കേതിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

ബിജെപിയെ പൊലെ സുശക്തമായ ഐടി സെല്ലുള്ള, ഡിജിറ്റൽ ലോകത്തെ സാന്നിദ്ധ്യത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഒരു പാർട്ടിയുടെ വെബസൈറ്റിന്‍റെ അവസ്ഥ അതിശയിപ്പിക്കുന്നതാണെന്ന് സൈബർ വിദഗ്ധനായ അനിവർ അരവിന്ദ് അടക്കമുള്ളവർ പറയുന്നു.

പ്രശ്നമെന്തായാലും ബിജെപിയെപ്പൊലെ ഒരു പാർട്ടിക്ക് ഇലക്ഷൻ പടിവാതിലിൽ നിൽക്കുമ്പോൾ കിട്ടിയ അടി അത്ര ചെറുതൊന്നുമല്ല. വേണമെങ്കിൽ ഞങ്ങൾ സഹായിക്കാമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്യുക വരെ ചെയ്തു. ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്‍ധൻ റോബർട്ട് ബാപ്റ്റിസ്റ്റ് (എലിയട്ട് ആൾ‍ഡേഴ്സൺ) ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് ട്രോളുക വരെ ചെയ്തു. അടുത്ത ദിവസങ്ങളിലെങ്കിലും വെബ്സൈറ്റ് തിരിച്ചു കൊണ്ടു വരാൻ കഴിയുമോ എന്നാണ് ടെക് ലോകവും രാഷ്ട്രീയക്കാരും ഉറ്റു നോക്കുന്നത്

Follow Us:
Download App:
  • android
  • ios