ബംഗളൂരു: ഐഎസ്ആര്‍ഒയുടെ ഹൃദയമിടിപ്പേറ്റുന്ന മണിക്കൂറുകളാണ് ഇനി മുന്നിലുള്ളത്. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ ഏത് നിമിഷവും ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ തൊടാം. അതി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളാണ് അവസാന 15 മിനിറ്റില്‍ നടക്കേണ്ടത്. അതില്‍ ഏറ്റവും പ്രധാനം വേഗത കുറക്കുക എന്നതാണ്. ചില്ലറ വേഗതയൊന്നുമല്ല കുറക്കേണ്ടത്. മണിക്കൂറില്‍ 21,600 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന ചന്ദ്രയാനെ മണിക്കൂറില്‍ വെറും ഏഴ് കിലോമീറ്ററാക്കിയാണ് കുറക്കേണ്ടത്.

വേഗത കുറക്കുന്നതിനായി സ്വന്തം സാങ്കേതിക വിദ്യയാണ് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയം. ത്രസ്റ്റേഴ്സ് (ശൂന്യാകാശവാഹനത്തിൽ ദിശ മാറ്റാൻ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റ്) ഉപയോഗിച്ചാണ് ചാന്ദ്രയാന്‍ അതിവേഗത കൈവരിച്ച് ചന്ദ്രനിലേക്ക് കുതിച്ചത്. ഇതേ ത്രസ്റ്റേഴ്സ് തന്നെയാണ് വേഗത കുറക്കുന്നതിന് വേണ്ടിയും ഉപയോഗിക്കുന്നത്. അഞ്ച് ത്രസ്റ്റേഴ്സുകളാണ് വിക്രം ലാന്‍ഡറില്‍ ഉള്ളത്.

വേഗത കൈവരിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്‍റെ നേരെ വിപരീത പ്രവര്‍ത്തനമാണ് വേഗത കുറക്കുന്നതിനായി ചെയ്യുക. ഗുരുത്വാകര്‍ഷണത്തിന് എതിര്‍ദിശയിലേക്ക് ഊര്‍ജം നല്‍കുന്നതോടെ ലാന്‍ഡറിന്‍റെ വേഗത കുറഞ്ഞു വരും. ചന്ദ്രോപരിതലത്തോടടുക്കും തോറും ഈ ബലവും ഊര്‍ജവും വര്‍ധിപ്പിക്കും. ഈ പ്രവ‍ൃത്തി വന്‍ വെല്ലുവിളി നിറഞ്ഞതാണ്. അതിശക്തമായ പൊടിപടലങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

അതിനാല്‍ മധ്യത്തിലെ ത്രസ്റ്റര്‍ മാത്രം പ്രവര്‍ത്തിപ്പിച്ച് മറ്റ് നാല് ത്രസ്റ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തും. നാല് കാലിലുള്ള ലാന്‍ഡറിന്‍റെ ലാന്‍ഡിംഗും ഏറെ സങ്കീര്‍ണമാണ്. ലാന്‍ഡറിന്‍റെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ത്രെസ്റ്ററുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചേ പറ്റൂ. അവസാന മിനിറ്റുകളിലാണ് ഇത്രയും സങ്കീര്‍ണമായ സാങ്കേതികത പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് തന്നെ ത്രെസ്റ്ററുകളുടെ പ്രവര്‍ത്തനത്തെ ഉറ്റുനോക്കുകയാണ് ഐഎസ്ആര്‍ഒ.