കാലിഫോര്‍ണിയ: ഗൂഗിൾ സെർച്ചിന്റെ തലപ്പത്ത് ഇന്ത്യൻ അമേരിക്കന്‍ വംശജനായ പ്രഭാകർ രാഘവൻ. 2012 മുതല്‍ ഗൂഗിളില്‍ ജോലി ചെയ്യുന്ന പ്രഭാകര്‍ രാഘവന്‍  2018 മുതൽ ആഡ്സ് ആന്റ് കൊമേഴ്സിന്റെ ടീം ലീഡറായി പ്രവർത്തിച്ചു വരികയായിരുന്നു. നിലവിലെ മേധാവിയായ ബെൻ ഗോമസ് ഒഴിയുന്ന സ്ഥാനത്തേക്കാണ് പ്രഭാകര്‍ രാഘവനെ നിയമിച്ചിരിക്കുന്നത്. 

1960 ല്‍ ഇന്ത്യയിലായിരുന്ന രാഘവന്റെ ജനനം. രാഘവന്റെ മാതാവ് അംമ്പ രാഘവന്‍ ഭോപ്പാലില്‍ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്കൂള്‍ ഫിസിക്‌സ് അധ്യാപികയായിരുന്നു. ഭോപ്പാലില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം യുസി ബെർക്കിലിയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുണ്ട്. ഐബിഎം റിസര്‍ച്ചിലും  പ്രഭാകര്‍ രാഘവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

യാഹൂവില്‍ നിന്നാണ് പ്രഭാകര്‍ രാഘവന്‍ ഗൂഗിളില്‍ എത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് കണ്‍സള്‍ട്ടിംഗ് പ്രൊഫസറായും പ്രഭാകര്‍ രാഘവന്‍ സേവനം ചെയ്തിട്ടുണ്ട്. പ്രഭാകര്‍ രാഘവന്‍ തയ്യാറാക്കിയ നിരവധി പ്രബന്ധങ്ങളും അല്‍ഗോരിതങ്ങളും ഇതിനോടകം പാഠപുസ്തകങ്ങളായിട്ടുണ്ട്.