Asianet News MalayalamAsianet News Malayalam

ഒടുവിൽ അത് സംഭവിച്ചു, മുറിക്കുള്ളിലെ താപനിലയിൽ 'അതിചാലകത' സാധ്യമാക്കി ഇന്ത്യൻ ശാസ്ത്രജ്ഞർ

ഈ ഫലങ്ങൾ കൃത്യമാണെങ്കിൽ, 'രാമൻ പ്രഭാവ'ത്തിനു ശേഷം ഇന്ത്യയിൽ നിന്നുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ പഠനങ്ങളിൽ ഒന്നാണ് ഇത്.  പത്തിരുപത് വെള്ളിഗോളങ്ങളെ ഉൾക്കൊള്ളുന്ന ഒരു ഇത്തിരിക്കുഞ്ഞൻ സ്വർണ്ണഗോളമാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ സൂപ്പർ കണ്ടക്ടർ

indian scientists at IISc make super conductivity possible at room temperature
Author
Bengaluru, First Published May 27, 2019, 12:56 PM IST

വൈദ്യുതിയുടെ പ്രവാഹത്തിനോട് ഒട്ടും 'റെസിസ്റ്റൻസ്' കാണിക്കാത്ത  (Nil Resistance) വസ്തുക്കളെയാണ് നമ്മൾ 'അതിചാലകങ്ങൾ' ( Super Conductors) എന്ന് പറയുന്നത്. ഭാവിയിൽ വളരെ ഫലപ്രദമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും, വൈദ്യുതീനഷ്ടം വളരെയധികം കുറയ്ക്കുന്നതിനും അതിചാലകങ്ങൾ ഉപകരിക്കും. ഇന്നോളം, ശാസ്ത്രജ്ഞർക്ക് അതിചാലകത കൈവരിക്കാൻ സാധിച്ചിരുന്നത് പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ, അത്തരത്തിലുള്ള അതിചാലകങ്ങളെ പ്രായോഗികമായ എന്തെങ്കിലും ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വളരെ പ്രയാസമായിരുന്നു. 

നമ്മുടെ മുറിക്കുള്ളിലെ സാധാരണ താപനിലയിൽ 'സൂപ്പർ കണ്ടക്റ്റിവിറ്റി' അഥവാ 'അതിചാലകത' കൈവരിക്കാനാവുന്ന വസ്തുക്കൾ വികസിപ്പിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയായിരുന്നു. അതിനിടെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫ. അൻഷു പാണ്ഡെയുടെയും അദ്ദേഹത്തിന്റെ  ഡോക്ടറൽ വിദ്യാർത്ഥിയായ ദേവ് കുമാർ ഥാപ്പയുടെയും  നേതൃത്വത്തിലുള്ള  ഒരു സംഘം ഗവേഷകർ  ചേർന്നാണ്  മുറിക്കുള്ളിലെ താപനിലയിൽ സാധാരണ അന്തരീക്ഷമർദ്ദത്തിൽ തന്നെ അതിചാലകത  പ്രകടിപ്പിക്കാൻ ശേഷിയുള്ള ഒരു വസ്തു വികസിപ്പിച്ചെടുത്തിരിക്കുന്നത്.   

 മെയ് 21-ന്  arXiv എന്ന 'പ്രീ-പ്രിന്റ് റെപ്പോസിറ്ററി' വെബ്‌സൈറ്റ് വഴിയാണ് ഇത് സൂചിപ്പിക്കുന്ന ഒരു ലേഖനം അവർ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഇതേവിഷയത്തിൽ 2018-ൽ നടത്തിയ പ്രാഥമിക പഠനങ്ങളുടെ ഒരു പരിഷ്കൃത രൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(MIT) യിലെ ഗവേഷകൻ ഡോ. ബ്രയാൻ സ്കിന്നറുടെ ശ്രദ്ധയിലാണ് ആദ്യമായി ഈ ഗവേഷണങ്ങൾ പെടുന്നത്.  ഇതിന് വേണ്ടവിധത്തിലുള്ള തെളിവുകൾ നൽകാത്തതിന് അന്ന് IISc  അദ്ദേഹം ഗവേഷക സംഘത്തെ വിമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ പ്രകാരമുള്ള തെളിവുകളാണ്  ഇന്നവർ നൽകിയിരിക്കുന്നത്. ഇതിനെ അംഗീകരിച്ചുകൊണ്ടുള്ള ട്വീറ്റും അദ്ദേഹം  ചെയ്യുകയുണ്ടായി. 
indian scientists at IISc make super conductivity possible at room temperature

IIScയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ സൂപ്പർ കണ്ടക്ടർ,  നാനോ വലിപ്പത്തിലുള്ള 'ഫിലിം രൂപത്തിലുള്ളതാണ്. ഇവയ്ക്ക് മുറിക്കുള്ളിലെ താപനിലയിൽ തന്നെ അതിചാലകത പ്രകടിപ്പിക്കാനുള്ള കഴിവുണ്ട്. ഒരു സ്വർണ്ണ മെട്രിക്സിനുള്ളിൽ അടക്കം ചെയ്ത വെള്ളി നാനോ വസ്തുക്കളാണ് ഇതിന്റെ അടിസ്ഥാന രൂപം. സ്വർണ്ണമോ വെള്ളിയോ വെവ്വേറെ എടുത്താൽ  അതിചാലകത പ്രകടിപ്പിക്കുന്നില്ല എന്നതാണ് ഒരു കൗതുകം. ഈ ഗവേഷക സംഘം പരിശോധിച്ച 125  സാമ്പിളുകളിൽ പത്തെണ്ണം അതിചാലകതയിലേക്ക് വഴുതി വീഴും വണ്ണമുള്ള 'റെസിസ്റ്റൻസ്‌ കുറവ്' പ്രകടിപ്പിച്ചു. മറ്റുള്ള 115  സാമ്പിളുകൾ ഓക്സിജനുമായി സമ്പർക്കം വരുന്ന രീതിയിൽ തയ്യാർ ചെയ്തെടുത്തതാവും അവയിൽ വിപരീതഫലങ്ങളുണ്ടാവാൻ കാരണം എന്ന് ഗവേഷകർ കരുതുന്നു. 

"ഈ ഫലങ്ങൾ കൃത്യമാണെങ്കിൽ, 'രാമൻ പ്രഭാവ'ത്തിനു ശേഷം ഇന്ത്യയിൽ നിന്നുണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ പഠനങ്ങളിൽ ഒന്നാണ് ഇത്. "എന്ന് IIScയിലെ ഭൗതിക ശാസ്ത്ര ഗവേഷകനായ പ്രൊഫ. ടി വി രാമകൃഷ്ണൻ  പറഞ്ഞു. "പത്തിരുപത് വെള്ളിഗോളങ്ങളെ ഉൾക്കൊള്ളുന്ന ഒരു ഇത്തിരിക്കുഞ്ഞൻ സ്വർണ്ണഗോളമാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്ന ഈ സൂപ്പർ കണ്ടക്ടർ. ഇതിന്റെ റെസിസ്റ്റൻസ് വളരെ പെട്ടെന്ന് കുറയുന്നതായി അവർ കണ്ടെത്തി. ഇത് വളരെ പ്രതീക്ഷ നൽകുന്ന ഒരു കണ്ടുപിടുത്തമാണ്.." അദ്ദേഹം പറഞ്ഞു. 

indian scientists at IISc make super conductivity possible at room temperature

13  ഡിഗ്രി സെൽഷ്യസിൽ ഈ വസ്തു അതിചാലകതയിലേക്ക് കുതിക്കുന്നുണ്ടെന്നും, അത് ഇന്നോളം ഒരു ഗവേഷകരെക്കൊണ്ടും സാധിച്ചിട്ടില്ലാത്ത ഒന്നാണെന്നും പ്രൊഫ. ഘോഷ് പറഞ്ഞു. ഈ വസ്തുവിന്റെ നിർമാണത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടക്കമുള്ള ഒരു ലേഖനമാണ് ഇക്കുറി IISc  ശാസ്ത്രജ്ഞർ അന്താരാഷ്ട്ര തലത്തിലുള്ള ഒരു പ്രീ-പ്രിന്റ് റെപ്പോസിറ്ററിയിൽ  പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസ്തുത വസ്തുവിനെ ദീർഘകാലത്തേക്ക് സൂക്ഷിക്കാനുള്ള സാങ്കേതികത ആദ്യം തങ്ങൾക്ക് ലഭ്യമായിരുന്നില്ല എന്നും, ഇപ്പോൾ അത് തങ്ങൾ വികസിപ്പിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അത് പൂർണമായും വികസിപ്പിച്ച ശേഷം ഇതേ രംഗത്തു പ്രവർത്തിക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള  മറ്റു ഏജൻസികളിലെ  ഗവേഷകരുമായി  ചേർന്ന് പ്രവർത്തിക്കുന്നതിനെപ്പറ്റിയും ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഈ പഠനഫലങ്ങൾ ഒരു ഗവേഷണപ്രബന്ധമായി പ്രസിദ്ധീകരിക്കപ്പെടുന്നതിന്റെ പ്രാഥമിക ഘട്ടം കഴിഞ്ഞിരിക്കുകയാണ്. അധികം താമസിയാതെ ഇത് ഔപചാരികമായി പ്രസിദ്ധപ്പെടുത്തപ്പെടുമെന്നും അതിനുശേഷം ആഗോളതലത്തിൽ തന്നെ തങ്ങളുടെ നേട്ടങ്ങൾ   വേണ്ട രീതിയിൽ  അംഗീകരിക്കപ്പെടുമെന്നും IIScയിലെ ശാസ്ത്രജ്ഞസംഘം പ്രത്യാശ പ്രകടിപ്പിച്ചു.

Follow Us:
Download App:
  • android
  • ios