Asianet News MalayalamAsianet News Malayalam

എന്‍റെ ആദ്യ ഫോണും ആ പാക്കിസ്താനിയും!

 ഊണ് മുറിയിൽ നീട്ടിയടിക്കുന്ന ടെലിഫോൺ മണിക്കായി ഊഴമനുസരിച്ച് കാത്തിരിക്കുമ്പോഴാണ് ആ കൊടും പത്രാസുകാരിയുടെ കയ്യിൽ അത് കാണുന്നത്..MyG എന്‍റെ ആദ്യ ഫോണ്‍ പരമ്പരയില്‍ റജീന എംകെ എഴുതുന്നു

myg my first phone ragina mk
Author
Trivandrum, First Published Sep 24, 2018, 4:12 PM IST

അവളോട് എല്ലാവർക്കും കണ്ണു കടിയായിരുന്നു. എനിക്കും.‌ കൈയിൽ ആ കുന്ത്രാണ്ടവും വെച്ച് പതിയെ സംസാരിച്ചു നടക്കുന്ന അവളെ നോക്കി പല്ലിറുമ്മി ഞാനും പറഞ്ഞിട്ടുണ്ട്, ഹോ, ഒരു പത്രാസുകാരി. അവളോട് കുശുമ്പ് തോന്നാൻ പ്രത്യേകിച്ച് ഒരു  കാരണമേ ഉണ്ടായിരുന്നുള്ളൂ. മൊബൈൽ ഫോൺ. മറ്റാർക്കുമില്ലാത്ത ഒരു കിടുതാപ്പ്. വലിയ ഒരു ഹാൻഡ് സെറ്റ്. ഒരു കുഞ്ഞി ആന്റിന. ഒരു കറുത്ത തുകൽ കവറും. അതാരെയും തൊടാതെ, ലോകത്തെ മുഴുവൻ അസൂയപ്പെടുത്തി മൂപ്പത്തി കൊണ്ടു നടക്കും. 

തിരുവനന്തപുരത്തെ  ഒരു ഹോസ്റ്റൽവാസക്കാലത്താണ്  അവളെ കാണുന്നത്. ഒരു  മൊബൈൽ ഫോൺ തൊട്ടരികെ ആദ്യമായി  കാണുന്നതും. 2000 ന്റെ തുടക്കത്തിലുള്ള ആ ചെറുജോലിക്കാലത്ത് ഊണ് മുറിയിൽ നീട്ടിയടിക്കുന്ന ടെലിഫോൺ മണിക്കായി ഊഴമനുസരിച്ച് കാത്തിരിക്കുമ്പോഴാണ് ആ കൊടും പത്രാസുകാരിയുടെ കയ്യിൽ അത് കാണുന്നത്.  ആദ്യം നുരഞ്ഞത് കൗതുകമാണ്. പിന്നെയത് അസൂയയായി. കുശുമ്പായി. 

ഊണ് മുറിയിലെ നീട്ടിയടി ഫോണിലേക്ക് നമ്മൾ ചെവി കൂർപ്പിച്ചിരിക്കുമ്പോൾ അവളാരോടോ വായിൽ തീക്കട്ട ഇട്ട മാതിരി മന്ത്രിക്കുന്നുണ്ടാവും. ഓ പിന്നേയ് എന്ന മട്ടിൽ അവഗണിക്കാൻ ശ്രമിച്ചാലും നോട്ടവും മനസ്സും അതിൽ തന്നെ പതിഞ്ഞിരിക്കും.  എന്റെ  മുറിയിലേക്ക് അവൾ സഹവാസം തുടങ്ങിയത് മുതൽ   മുതൽ  അതിലൊന്ന് തൊടണമെന്ന് നിനച്ചതാ.  പക്ഷെ നടന്നില്ല.  ആ പിശാച്  അതിഭദ്രമായി അത് ബാഗിന്റെ രഹസ്യ അറയിൽ നിക്ഷേപിച്ച് വെച്ചിരിക്കും . എന്നിട്ട് ആനമക്കാറിന്റെ മകളെ  പോലൊരു പോക്ക് പോകും . 

വിവാഹം ഉറപ്പിച്ച പെണ്ണിന്റെ മൊഞ്ചോടെ കിലുകിലെ ചിരിച്ചുകൊണ്ടവൾ  മൊബൈൽ ഫോണിന്റെ ആഭിജാത്യശീതളിമയിൽ  ഹോസ്റ്റലിലെ ഗോവണിപ്പടികളിലും ജനാലപ്പടികളികളിലും മാറി മാറി ഇരുന്ന് സിഗ്നൽ പിടിക്കും. അന്ന് മുതൽ ഉള്ളിലുണ്ട് മൊബൈൽ ഫോൺ. ഒരു ജോലി കിട്ടിയാ ആദ്യം അത് വാങ്ങണം എന്ന് ഉറപ്പിച്ചതും അപ്പോഴാണ്.  പിന്നെയാ ഹോസ്റ്റൽ വിട്ടു. നാട്ടിലായി. കല്യാണമായി. പ്രവാസ ജീവിതത്തിലേക്ക് രണ്ടും കാലും വെച്ച് ചാടി.  

പ്രവാസത്തിന്റെ ആദ്യകാലത്താണ്   ഭർത്താവിന്റെ മൊബൈൽ ഫോണിന്റെ  പാതിയാവകാശം  കിട്ടിയത് . ഒറ്റമുറി ജീവിതത്തിൽ  ഭർത്താവ് ജോലി സ്ഥലത്ത് നിന്ന് വിളിക്കുന്ന കോളുകൾ അല്ലാതെ മിക്കപ്പോഴും അത് മുറിയിൽ മൂകമായിരുന്നു . വല്ലപ്പോഴും നാട്ടിലെ ഏതെങ്കിലും STD  ബൂത്തിൽ നിന്ന് വരുന്ന പപ്പയുടെ വിളികളിൽ മാത്രമാവും അതിന് ജീവനുണ്ടെന്ന് തോന്നുക. തീർന്നു പോവല്ലേയെന്ന് മനസ്സ് തേങ്ങുക.

അങ്ങനിരിക്കെ ആ ജോലി തേടി വന്നു. അല്ലെങ്കിൽ ഞാനത് തേടിപ്പോയി. ഒമാനിലെ ഒരു സ്വകാര്യ കമ്പനിയിൽ അനലിസ്റ്റ്. ആദ്യ ശമ്പളം കൊണ്ട് ചെയ്യേണ്ട നൂറായിരം കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു. എങ്കിലും അത് കിട്ടിയപ്പോൾ ആദ്യം മനസ്സിൽ വന്നത് തമിഴർ കൈപേശി  എന്ന് പറയുന്ന പേശും യന്ത്രം. പഴയ സഹമുറിയത്തിയെ വിദൂരതയിലിരുന്ന് കൊഞ്ഞനം കുത്തി മോട്ടറോളയുടെ തുറക്കാനും അടയ്ക്കാനും പറ്റുന്ന കുഞ്ഞൻ ആന്റിനയൊക്കെയുള്ള  ഹാന്റ് സെറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ചു‌.

വാങ്ങിയപ്പോ തന്നെ അതിനിടാൻ നല്ലൊരുകു പ്പായം വാങ്ങിച്ചു. ഫോൺ വരുമ്പോൾ തിളങ്ങുന്ന ഒരു സ്റ്റിക്കർ പതിപ്പിച്ചു .എന്നിട്ട്,  അതും ഗമയിൽ പിടിച്ച് ഒരു നടത്തം. ആളുകൾ അതിലേക്ക് നോക്കുന്നോ എന്ന് ഇടങ്കണ്ണിട്ടു നോക്കിയെങ്കിലും അതാരും  മൈന്റ് ചെയ്തില്ലെന്ന് കണ്ട് അല്പമൊന്ന് ഉള്ളു പാളി . അപ്പോഴേക്കും കാലം മാറിയെന്നും മൊബൈലൊക്കെ സാധാരണക്കാരുടെ ഉരുപ്പടി ആയി മാറുന്നുവെന്നും തിരിച്ചറിഞ്ഞത് പിന്നെയാണ്. എന്നാലും അഹങ്കാരം ഒട്ടും കുറച്ചില്ല. അമ്പട ഞാനേ എന്ന് അതും പൊക്കിപ്പിടിച്ചു നടന്നു. 

ആരും വിളിക്കുന്നില്ല എന്നതായിരുന്നു പ്രധാന പ്രശ്നം. അതിന് തക്ക കൂട്ടുകാർ ഇല്ല അന്ന് . എങ്കിലും ടാക്സിയിൽ ഇരിക്കുമ്പോൾ ഒക്കെ ആ ഡ്രൈവറെങ്കിലും കാണട്ടെ എന്റെ ഫോൺ എന്ന മട്ടിൽ അതു പൊക്കിപ്പിടിച്ച് മറു കാതിൽ ഒരാളുമില്ലാതെ ഒറ്റയ്ക്ക് നീണ്ട സംസാരം നടത്തി.‌  കുറച്ച് നാൾ കഴിഞ്ഞപ്പോ അത് മടുത്തു. എങ്കിലും വെള്ളി നിറത്തിൽ തിളങ്ങുന്ന  സുന്ദരിയോടുള്ള ഇഷ്ടം കുറഞ്ഞില്ല. നെഞ്ചോട് ചേർത്ത് തന്നെ കൊണ്ടു നടന്നു. ഉറങ്ങുമ്പോ അടുത്ത് വെച്ചു. സമയാസമയം ചാർജിലിട്ടു. കാശ് പോയാലും കുഴപ്പമില്ലെന്ന മട്ടിൽ ശമ്പളം കിട്ടുന്ന നാളുകളിൽ നാട്ടിലേക്ക് വിളിച്ചു. 

അങ്ങനെയിരിക്കെ ആണ് ഗുലാം ശൈഖ് എന്ന പാക്കിസ്ഥാനി ഡ്രൈവർ അവതരിക്കുന്നത്. ജോലി കഴിഞ്ഞ് പതിവു ടാക്സി യാത്ര ആയിരുന്നു. ഓഫീസിനു മുന്നിൽനിന്നു കാറിൽ കയറി. എല്ലാ പാക്കിസ്താനികളെയും പോലെ ചപ്പാത്തിയും ദാലും സവാളയും മണക്കുന്ന ഒരു നരച്ച താടിക്കാരൻ. ശ്രദ്ധിക്കാതിരിക്കെ അയാളുടെ സ്റ്റീരിയോയിൽ ജഗ് ജിത് സിംഗ് പാടാൻ തുടങ്ങി. പാട്ടിൽ പെട്ട് സായാഹ്ന വെയിലിലേക്ക് കണ്ണും നട്ടിരിക്കുന്നതിനിടെ മൂപ്പര് സംസാരിക്കാൻ തുടങ്ങി. 

ഗസൽ ഇഷ്ടാണോ എന്നൊക്കെയുള്ള വർത്തമാനങ്ങൾക്കിടയിൽ അയാൾ സ്വന്തം കഥ കുറഞ്ഞ വാക്കുകളിൽ പറഞ്ഞു തീർത്തു. പേര് ഗുലാം ശൈഖ്. നാട് കറാച്ചി. ഭാര്യയും മോളും.  എനിക്കും ഒരു മോൾ ആണെന്ന് ഞാനും പറഞ്ഞു. അനാൻ എന്ന പേരു പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങി.  അതെന്‍റെ അനിയത്തീടെ പേരാണ്, അയാൾ പറഞ്ഞു. പിന്നെ അവളെക്കുറിച്ച് വാതോരാതെ പറയാൻ തുടങ്ങി.  അത് തീർന്ന ഉടനെ ഇറങ്ങാനുള്ള നേരമായി. അയാളുടെ മുറുക്കാൻ കറയുള്ള പല്ലുകളിൽ നോക്കി ചിരിച്ച് വീട്ടിലേക്ക് ചെന്നു.‌

എന്തോ ഒരു കുഴപ്പം ഉണ്ടെന്ന് ഒരു തോന്നൽ ഒപ്പം വന്നു. തോന്നൽ മുറുകിയപ്പോ അറിയാതെ ബാഗ് നോക്കി. പടച്ചോനെ..മൊബൈൽ... കണ്ണിൽ വല്ലാത്തൊരു കോട മഞ്ഞ് നിറഞ്ഞു.‌സങ്കടവും ദേഷ്യവും ഒക്കെ വന്നു‌ ഞെക്കിക്കൊണ്ടിരുന്നു. പോയത് കാറിൽ തന്നെയാണ്. അതുറപ്പ്. ആ ദരിദ്രവാസി പാക്കിസ്താനി അതും കൊണ്ട് പോവും. അയാളെ ഇനി കാണുക പോലുമില്ല. നമ്പർ പോലും ഓർമ്മയില്ല. 

കാത്തു നിന്നില്ല. ഓടി പുറത്തിറങ്ങി കാണിന്നിടത്തെല്ലാം അയാളെ തിരഞ്ഞു. എങ്ങു‌നോക്കിയാലും ടാക്സികൾ. അയാൾ മാത്രമില്ല. ഗുലാം ശൈഖ് എന്ന പേരും പല്ലിലെ കറയും വെച്ച് ഒരാളെ എങ്ങനെ അത് പോലൊരു സ്ഥലത്ത് കണ്ടെത്താനാവും?  ആ രാത്രി മുഴുവൻ സങ്കടത്തിന്‍റെയും അരിശത്തിന്റെയുമായിരുന്നു. എല്ലാം കണ്ട് പഴയ ഹോസ്റ്റൽ റൂം മേറ്റ് അവളുടെ മൊബൈലും പിടിച്ച് എന്റെ അവസ്ഥയെ കളിയാക്കി  ചിരിക്കുന്നതായി തോന്നി. കിലുക്കം സിനിമയിൽ ഇന്നസന്റിന്റെ കഥാപാത്രം ലോട്ടറി അടിച്ചില്ലെന്ന് അറിയും പോലെ കഠിനമായ നിരാശ കടിച്ചു കുടഞ്ഞു. 

രാവിലെ ഓഫീസിലേക്ക് പായാൻ നേരമായിട്ടും പോവാൻ തോന്നിയില്ല. വല്ലാത്തൊരു നഷ്ടബോധം. സ്വയം ചോർന്നു പോയത് പോലെ തോന്നി.‌സങ്കടം അടക്കി കുളിച്ച് ഏതോ ഡ്രെസ് വലിച്ചു വാരിയിട്ട് ഇറങ്ങി.  ഇത്തിരി വൈകി അന്നെത്താൻ. മാനേജറുടെ ചീത്ത ഉറപ്പാണ്. അതോർത്ത് ലിഫ്റ്റ് ഇറങ്ങി ചെല്ലുമ്പോൾ റിസപ്ഷനിലെ പൂച്ചക്കണ്ണനെയാണ് കണ്ടത്. കശ്മീരിയാണ്. സദാ ഒരേ ഭാവം മുഖത്തൊട്ടിച്ചു വെച്ച ചെറുപ്പക്കാരൻ. കാണാത്ത പോലെ നടക്കുമ്പോൾ അവൻ വിളിച്ചു. അടുത്ത് ചെന്നപ്പോൾ ഒരു പിഞ്ഞിയ കവർ കയ്യിൽ തന്നു. തുറന്ന് നോക്കിയതും അന്തം വിട്ടു. ഫോൺ! എന്റെ മൊബൈൽ ഫോൺ! 

എന്റെ മുഖഭാവം കണ്ടാവണം അവനാ വിവരം പറഞ്ഞു. സെക്യൂരിറ്റി തന്നതാണ്. ഏതോ ടാക്സിക്കാരൻ ഏൽപ്പിച്ചതാണ്. അനാൻ എന്ന കുട്ടീടെ അമ്മയുടേതാണ് എന്നും പറഞ്ഞ് കൊടുത്തു. അവനത് എന്നെ ഏൽപ്പിച്ചു. നിന്‍റെതാണെന്ന് അറിയില്ലായിരുന്നു. അനാൻ എന്നാണ് നിന്റെ മകളുടെ പേരെന്നെന്നു  പേരെന്ന് ഇബ്തിസാം  പറഞ്ഞത്... ഉർദുച്ചുവയുള്ള ആംഗലേയത്തിൽ അവനാ കഥ നീട്ടിയും മൂളിയും പറയുമ്പോൾ മനസ്സിൽ അയാളായിരുന്നു. ഗുലാം ശൈഖ്. നിങ്ങളെന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ എന്ന് നെടുവീർപ്പിട്ടു പോയി. പിഞ്ഞിയ കൂട് തുറന്ന് ആ ഫോണെടുത്ത് കാതോട് ചേർക്കുമ്പോൾ കണ്ണു നനഞ്ഞു.‌

ആ ഫോൺ കുറേ കാലം കഴിഞ്ഞ് തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോയി.‌ ഓർമ്മയുടെ ഏതേതോ അറകളിലേക്ക് അതിന്റെ മണിമുഴങ്ങുന്ന റിംഗ് ടോൺ ആഴ്ന്നും പോയി. പക്ഷെ പ്രിയപ്പെട്ട ഗുലാം ശൈഖ്, നിങ്ങളെ ഞാനിന്നും മറന്നിട്ടില്ല. ഏത് ടാക്സിയിലും ഞാൻ തിരഞ്ഞിട്ടും കാണാത്ത നിങ്ങളോട് പറയാനെനിക്ക് നന്ദിയല്ല ഉള്ളത്. കാശിനു മുട്ടുള്ള നിങ്ങൾ അതെടുത്ത് സ്ഥലം വിടുമെന്ന് വിശ്വസിച്ച എന്റെ മധ്യവർഗ ബോധത്തിന്റെ മുനമ്പിൽ നിന്ന് നിങ്ങളോടെനിക്ക് മാപ്പ് പറയുകയാണ് വേണ്ടത്.  മാപ്പ്, വിദൂരങ്ങളിലെവിടെയോ ആരെയോ വീടെത്താൻ ഓടുന്ന പ്രിയപ്പെട്ട മനുഷ്യ...മാപ്പ്.‌ 

Follow Us:
Download App:
  • android
  • ios