ദില്ലി: ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി, റിയല്‍മീ, മറ്റ് ബജറ്റ് സ്മാര്‍ട്ട് ടിവി നിര്‍മാതാക്കള്‍ എന്നിവരുമായി ഏറ്റുമുട്ടാന്‍ തയ്യാറായി വണ്‍പ്ലസ്. പുതിയ വണ്‍പ്ലസ് ടിവിയുടെ ലോഞ്ചിംഗ് തീയതിയും ടിവിയുടെ വിലയും കമ്പനി വെളിപ്പെടുത്തി. സ്മാര്‍ട്ട് ടിവിയില്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇതോടെ കൂടുതല്‍ തെരഞ്ഞെടുപ്പുകള്‍ക്കാണ് അവസരമൊരുങ്ങുന്നത്. ഷവോമി ഉണ്ടാക്കിയെടുത്ത വിപണിയിലേക്ക് അടുത്തിടെയാണ് റിയല്‍മീ കടന്നു വന്നത്. ഇതിന്റെ ചുവടു പിടിച്ച് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുകയെന്നതാണ് വണ്‍പ്ലസിന്റെ ലക്ഷ്യം.

ഏറ്റവും പുതിയ ട്വീറ്റില്‍ 20,000 രൂപയില്‍ താഴെയുള്ള വണ്‍പ്ലസ് ടിവിയാണ് വില്‍പ്പനയ്ക്ക് ഒരുക്കുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം സ്മാര്‍ട്ട് ടിവി അനുഭവം കൂടുതല്‍ ആക്‌സസ് ചെയ്യാന്‍ വണ്‍പ്ലസ് അവസരമൊരുക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. ജൂലൈ 2 ന് വൈകുന്നേരം 7 മണിക്ക് ലൈവ്‌സ്ട്രീം വഴിയാണ് ലോഞ്ച് ഇവന്റ്. വണ്‍പ്ലസ് ടിവിയുടെ രണ്ട് പുതിയ സീരീസാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇതിലൂടെ വണ്‍പ്ലസ് അതിന്റെ ഉപയോക്താക്കള്‍ക്ക് പ്രീമിയവും കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും കണക്റ്റു ചെയ്ത ഇക്കോസിസ്റ്റം അനുഭവവും എത്തിക്കാന്‍ ലക്ഷ്യമിടുന്നു.

20,000 രൂപയില്‍ താഴെയുള്ള വില വിപണിയിലെ എന്‍ട്രി ലെവല്‍ സെഗ്‌മെന്റിന് ആകാമെങ്കിലും മിഡ് റേഞ്ച് വിഭാഗത്തിലും ടിവികള്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി സൂചന നല്‍കി. രണ്ട് സീരീസുകളും 'ഭാരമില്ലാത്ത രൂപകല്‍പ്പന' എന്ന വണ്‍പ്ലസിന്റെ ആശയമാണ് അവതരിപ്പിക്കുന്നത്. ഒപ്പം ക്ലാസ്ഡിസ്‌പ്ലേ, പ്രീമിയം ഡിസൈന്‍, തടസ്സമില്ലാത്ത ബന്ധങ്ങള്‍ എന്നിവ അതാത് പ്രൈസ് സെഗ്‌മെന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു.