തൊണ്ണൂറുകളുടെ അവസാനകാലം. പാപ്പർസ്യൂട്ടടിക്കുന്നതിന്റെ വക്കിലെത്തി നിൽക്കുകയായിരുന്ന ആപ്പിളിനെ ഉയിർത്തെഴുന്നേൽപ്പിക്കാൻ വേണ്ടി സാക്ഷാൽ സ്റ്റീവ് ജോബ്സ് തന്നെ തിരികെയെത്തി പണിപ്പെട്ടുകൊണ്ടിരിക്കുന്ന കാലം. അവർക്ക് വിപണിയിൽ ഒരു പുനർജ്ജന്മത്തിന് ഒരുഗ്രൻ പ്രൊഡക്റ്റ് വേണമായിരുന്നു.  കമ്പ്യൂട്ടിങ്ങ് മേഖലയിൽ അന്നുവരെ നിലവിലുണ്ടായിരുന്ന എല്ലാ സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന ഒരു അസാമാന്യഡിസൈൻ. ഒരർത്ഥത്തിൽ, അന്ന് വിപണി പോലും അത്തരത്തിൽ ഒരു ഉത്പന്നത്തിനായി കാത്തിരിക്കുകയായിരുന്നു. ആ ശൂന്യതയിലേക്കാണ്, iMac പിറന്നുവീഴുന്നത്.

അതുവരെ നിലവിലുണ്ടായിരുന്ന സകല ഡെസ്ക്ടോപ്പ് സങ്കല്പങ്ങളെയും പൊളിച്ചെഴുതുന്ന ഒരു ഡിസൈൻ ആയിരുന്നു iMac'ന്റേത്. അത് ആപ്പിളിനെ പാപ്പരാവുന്നതിൽ നിന്നും കരകയറ്റി. എട്ടു ലക്ഷത്തിലധികം iMac ആണ് ആദ്യത്തെ അഞ്ചു മാസത്തിനുള്ളിൽ തന്നെ വിറ്റുപോയത്. ഈ സ്വപ്നഡിസൈനിനുപിന്നിൽ അന്ന് പ്രവർത്തിച്ചത് ജോനാഥൻ ഐവ് എന്ന സ്റ്റാർ ഡിസൈനർ ആയിരുന്നു. ഒരർത്ഥത്തിൽ തകർന്നടിഞ്ഞു കിടന്ന അവസ്ഥയിൽ നിന്നും,  ഒരു ട്രില്യൺ ഡോളർ കമ്പനിയിലേക്കുള്ള ആപ്പിളിന്റെ തേർവാഴ്ചയുടെ ക്രെഡിറ്റിന്റെ മുഖ്യ അവകാശി.  ഐമാകിൽ നിർത്തിയില്ല ജോനാഥൻ. ഐ ഫോൺ, ഐ പാഡ്, ഐ പോഡ്, മാക് ബുക്ക് അങ്ങനെ ആപ്പിൾ വാച്ചുവരെ ഇന്നോളം ആപ്പിൾ പുറത്തിറക്കിയ സകല ഉത്പന്നങ്ങളുടെയും ഡിസൈൻ ബ്രെയിൻ ജോനാഥൻ ഐവ് തന്നെയായിരുന്നു. ആപ്പിളിൽ നിന്നുള്ള തന്റെ രാജിവാർത്തക്ക് സ്ഥിരീകരണം നൽകിയിരിക്കുകയാണ്,   ജോനാഥൻ ഐവ്. 'ലവ്ഫ്രം' (LoveFrom) എന്നപേരിൽ, ആപ്പിൾ തന്നെ മുഖ്യ ക്ലയന്റായിട്ടുള്ള, ഒരു ഡിസൈൻ കമ്പനി തുടങ്ങിയിരിക്കുകയാണ് ജോനാഥൻ. 2020-ൽ ഈ കമ്പനി പൂർണ്ണമായും പ്രവർത്തനസജ്ജമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 

2011-ൽ സ്റ്റീവ് ജോബ്സ് എന്ന വൻമരം വീണപ്പോൾ,  ജോനാഥൻ ഐവ് എന്നത് ആപ്പിൾ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരായി മാറി. ഏതുത്പന്നം എപ്പോൾ റിലീസ് ചെയ്യണം, കാണാൻ എങ്ങനെ ഇരിക്കണം, എന്നിങ്ങനെ സുപ്രധാനമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ജോനാഥനായിരുന്നു. രണ്ടു ഡസൻ പേരടങ്ങുന്ന ആപ്പിളിന്റെ  ഫൈവ് സ്റ്റാർ ഡിസൈൻ ടീമിന്റെ തലവനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ രാജകീയ പ്രൗഢി ഏകദേശം മൂന്നു വർഷത്തോളം നീണ്ടുനിന്നു. 

2015-ലായിരുന്നു ആപ്പിൾ വാച്ചിന്റെ ലോഞ്ച്. അതിനു ശേഷമാണ് ജോനാഥൻ ഐവ് തന്റെ ഉത്തരവാദിത്തങ്ങൾ ഒന്നൊന്നായി ഇറക്കിവെക്കാൻ തുടങ്ങിയത്. ഡിസൈൻ ടീമിന്റെ മേൽനോട്ടം അദ്ദേഹം രണ്ടാഴ്ചയിൽ ഒരിക്കൽ  നടത്തിയിരുന്ന ഹെഡ് ക്വാർട്ടേഴ്‌സ് സന്ദർശനങ്ങളിലൊതുക്കി. 

ഏതാണ്ട് അതേ കാലത്താണ്, സ്റ്റീവ് ജോബ്‌സിന്റെ പത്നിയും ആപ്പിൾ കമ്പനി ഉടമകളിൽ ഒരാളുമായ ലൗറീൻ പവൽ ജോബ്സ്, ജോനാഥന്റെ ചുമതലാ മാറ്റത്തെപ്പറ്റിയുള്ള ആദ്യ സൂചനകൾ നൽകിയത്. അദ്ദേഹത്തിന്റെ ഓഫീസിനോടുള്ള നിർമമതയ്ക്ക് അതിനു ശേഷവും മാറ്റമൊന്നുമുണ്ടായില്ല. പല പ്രോഡക്റ്റ് ലോഞ്ചുകൾക്കും അദ്ദേഹം വരാതിരുന്നിട്ടു പോലുമുണ്ട് ആ സമയത്ത്. അപ്പോഴേക്കും, ആപ്പിൾ കമ്പനിയിൽ ജോനാഥൻ   സംഘർഷഭരിതമായ 25  വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞിരുന്നു. അദ്ദേഹത്തിന് ആ കമ്പനി മടുത്തു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. 

കഴിഞ്ഞ നാലഞ്ച് വർഷത്തോളം ജോനാഥൻ ഔദ്യോഗികമായി ആപ്പിൾ ഉണ്ടായിരുന്നെങ്കിലും, ഡിസൈൻ സംബന്ധിയായ തീരുമാനങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ വളരെ ചുരുക്കമായിരുന്നു. എന്നാലും, അദ്ദേഹം ആപ്പിളിന്റെ ഭാഗം തന്നെയായിരുന്നു എന്നത് ഒരു ആശ്വാസമായിരുന്നു. ഇപ്പോൾ അദ്ദേഹം ആപ്പിളിൽ നിന്നും ഔഗ്യോഗികമായ വേര്പെടൽ പ്രഖ്യാപിച്ചുകഴിഞ്ഞു. അത് അപ്പീലുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന പലരെയും അലട്ടുന്ന ഒന്നാണ്. ആപ്പിളിന്റെ ഇന്നോളമുള്ള എല്ലാ മാസ്മരിക ഡിസൈനുകളുടെയും പിന്നിലെ അത്ഭുതമസ്തിഷ്‌കം, ഡിസൈനിൽ കലയുടെ മിന്നലൊളി കൊണ്ടുവന്ന ആ അപൂർവ പ്രതിഭ ഇനി തങ്ങളോടൊപ്പമില്ല എന്നത് ആപ്പിളിൽ പലരുടെയും ആത്മവിശ്വാസത്തിന് ഇടിവുണ്ടാക്കുന്ന ഒന്നാണ്. 

ഏറെക്കാലമായി ആപ്പിൾ സ്റ്റുഡിയോ മാനേജർ ആയിരുന്ന ഇവാൻസ് ഹാൻസ്‌കിയാണ് ഇനി ജോനാഥനുപകരം  ഹാർഡ് വെയർ ഡിസൈൻ ഗ്രൂപ്പിനെ നയിക്കുക. അദ്ദേഹം ജെഫ് വില്യംസ് എന്ന ആപ്പിളിന്റെ ചീഫ് ഓപ്പറേഷൻസ് മാനേജർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യും. ആപ്പിളിൽ എന്നും മുന്നിട്ടുനിന്നിരുന്നത് ഡിസൈൻ വിങ്ങ് ആയിരുന്നു. ഓപ്പറേഷൻസ്  എന്നും ഡിസൈൻ വിങ്ങിന്റെ ആലക്തിക പ്രഭയുടെ നിഴലിൽ മാത്രമേ നിന്നിട്ടുള്ളൂ ആപ്പിളിൽ. 'ഡിസൈൻ മുനി'യായിരുന്ന ജോനാഥൻ ഐവിൽ നിന്നും അധികാരങ്ങൾ ഒന്നൊന്നായി അടർത്തി യെടുത്ത് പതുക്കെ കമ്പനിയിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തതും, പകരം ഓപ്പറേഷൻസ് മാനേജരുടെ വിശ്വസ്തരിൽ ഒരാളെ ഡിസൈൻ വിഭാഗത്തിന്റെ ചുമതല ഏൽപ്പിച്ചതും ഒക്കെ, ആപ്പിളിൽ ഓപ്പറേഷൻസ് വിഭാഗം പതിയെ പിടിമുറുക്കുന്നു എന്നതിന്റെ പ്രകടമായ ലക്ഷണമാണ്.  

ഐവ് റിപ്പോർട്ട് ചെയ്തിരുന്നത് സിഇഒ ടിം കുക്കിന് നേരിട്ടായിരുന്നു. പല കാര്യങ്ങളിലും സ്റ്റീവ് ജോബ്‌സിനും. വിപണിയിൽ പൊതുവെ പ്രചരിച്ചിരുന്ന കഥകളിലൊന്ന്, " ആപ്പിളിൽ നടക്കുന്ന പല ഡിസൈൻ തീരുമാനങ്ങളും സിലിക്കൺ വാലിയിലെ കാമ്പസിനുള്ളിൽ സ്റ്റീവ് ജോബ്‌സും ജോനാഥൻ ഐവും ചേർന്ന് നടത്തിയ സായാഹ്നസവാരികളിലാണ് പിറന്നു വീണിട്ടുള്ളത് " എന്നാണ്. അവർ തമ്മിൽ അന്ന് വളരെ ക്രിയാത്മകമായ പല സംവാദങ്ങളും  ആ നടത്തങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ആ ഒരു സമ്മേളനം തന്നെയാവും ഇനിയുള്ള ദിനങ്ങളിൽ ഒരു പക്ഷേ, ആപ്പിളിൽ ഇല്ലാതെ പോവുന്നതും.