ന്യൂഡല്‍ഹി: ചൈനീസ് വീഡിയോ ആപ്പായ ടിക്ക് ടോക്കിനായി  വീഡിയോ ചിത്രീകരിക്കുന്നതിനിടെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ദില്ലിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സല്‍മാന്‍ സാക്കിര്‍ (19)ആണ് വെടിയേറ്റ് മരിച്ചത്. 

സല്‍മാന്‍ സുഹൃത്തുക്കളായ സൊഹൈല്‍, അമീര്‍ എന്നിവരോടൊപ്പം ഇന്ത്യാഗേറ്റ് സന്ദര്‍ശിക്കാന്‍ ശനിയാഴ്ച  രാത്രിയെത്തിയിരുന്നു. മടങ്ങും വഴി സല്‍മാന്‍ വാഹനം ഓടിക്കുമ്പോള്‍ സൊഹൈല്‍ കൈവശമുണ്ടായിരുന്ന നാടന്‍ തോക്ക് സല്‍മാന്‍റെ കവിളിന് നേരെ ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടയില്‍ തോക്കില്‍ നിന്ന് വെടി പൊട്ടുകയായിരുന്നു. സല്‍മാന്‍റെ കവിളെല്ല് തകര്‍ത്താണ് വെടിയുണ്ട പാഞ്ഞത്. സെന്‍ട്രല്‍ ദില്ലിയിലെ രഞ്ജിത്ത് സിംഗ് ഫ്ലൈഓവറില്‍ വച്ചായിരുന്നു സംഭവം.  

ബന്ധുവിന്‍റെ സഹായത്തോടെ സുഹൃത്തുക്കള്‍ സല്‍മാനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11.30 യോടെ സല്‍മാന്‍റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മൂന്നുപേരും രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മൂന്നപേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇതിനിടെ രക്തക്കറ പുരണ്ട വസ്ത്രവും വാഹനവും ഇവര്‍ കഴുകി വൃത്തിയാക്കിയെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അമീര്‍, സൊഹൈല്‍, സൊഹൈലിന്‍റെ ബന്ധു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആയുധം കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. അബദ്ധത്തില്‍ വെടിയുതിര്‍ത്തതാണോ മനപ്പൂര്‍വ്വമാണോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. 

നേരത്തെ മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പ് നിരോധിച്ചിരുന്നു. അന്ന് മൂന്നുപേരാണ് ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചാബിലും ടിക്ക് ടോക്ക് ചിത്രീകരണത്തിനിടെ ഒരാള്‍ മരിച്ചിരുന്നു. നിരന്തരമായ പരാതിയെ തുടര്‍ന്ന് 2018 ല്‍ ഏതാണ്ട് ആറ് മില്ല്യണ്‍ വീഡിയോകള്‍ ടിക്ക് ടോക്കില്‍ നിന്ന് നീക്കം ചെയ്തതായി കമ്പനി അവകാശപ്പെട്ടിരുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ അമേരിക്കയിലും ടിക്ക് ടോക്ക് നിരോധിച്ചിരുന്നു.