Asianet News MalayalamAsianet News Malayalam

പ്രിയപ്പെട്ട പ്രധാനമന്ത്രീ, അങ്ങ് പറഞ്ഞത് അത്ര തമാശയല്ല; അതറിയണമെങ്കില്‍ ഈ അമ്മമാരോട് ചോദിക്കണം

എന്നാൽ രാജ്യത്തിൻറെ പല കോണുകളിലായി ഇത് തത്സമയം കണ്ടുകൊണ്ടിരുന്ന പല അമ്മമാരുടെയും ഇടനെഞ്ചിലേക്ക്  ആ തമാശ ഒരു കഠാരി പോലെയാണ് തുളഞ്ഞിറങ്ങിയത്. കാരണം അവരിൽ പലരുടെയും മക്കൾ ഡിസ്‌ലെക്‌സിക് ആയിരുന്നു. അല്ലെങ്കിൽ ഓട്ടിസം ബാധിച്ചവർ ആയിരുന്നു. അതുമല്ലെങ്കിൽ ഡൗൺ  സിൻഡ്രം പോലുള്ള പലവിധം അസുഖങ്ങളാൽ അവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരുന്നു. 

article on prime minister's response on dyslexia
Author
Thiruvananthapuram, First Published Mar 4, 2019, 12:47 PM IST

മാർച്ച് രണ്ടാം തീയതി  ഐ ഐ ടി ഖരഗ്‌പൂറിലെ വിദ്യാർത്ഥികളുമായി 'ഹാക്കത്തോൺ' എന്ന  പരിപാടിയിൽ വെച്ച് സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.  അവിടെവെച്ചാണ്  ഡെറാഡൂണിലെ ദിക്ഷ എന്നൊരു ബി ടെക്ക് വിദ്യാർത്ഥിനി തന്റെ പ്രോജക്ടിനെപ്പറ്റി പ്രധാനമന്ത്രിയോട് പറയുന്നത്. 'ഡിസ്‌ലെക്‌സിയ' എന്ന അസുഖം ബാധിച്ച കുട്ടികൾക്ക് പഠനത്തിന് സഹായമേകുന്ന ഒരു  നൂതന സങ്കല്പമായിരുന്നു ദിക്ഷയുടെ പ്രോജക്ടിന്റെത്. എന്നാൽ പരിമിതികൾ അനുഭവിയ്ക്കുന്ന സഹജീവികൾക്ക് ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യാൻ പരിശ്രമിക്കുന്ന  ഒരു കോളേജ് വിദ്യാർത്ഥിനിയുടെ അക്കാദമിക് ഭാവനയെപ്പോലും തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ഏറുവടിയായി മാറ്റാനാണ് അവിടെ നരേന്ദ്ര മോദി ശ്രമിച്ചത്. 

മോദിയിൽ നിന്നും ഉടൻ വന്ന മറുചോദ്യം ഇങ്ങനെയായിരുന്നു. "നാൽപതു വയസ്സുള്ള കുട്ടികൾക്ക് ഉപകരിക്കുന്ന ഇതുപോലുള്ള പ്രോജക്ടുകൾ ഉണ്ടാക്കിക്കൂടെ..?" തികച്ചും ഇൻസെന്സിറ്റീവ് ആയ ആ തമാശ മോദിയുടെ   ഒരു  ചിരിയുടെ അകമ്പടിയോടെ വന്നപ്പോൾ തങ്ങളും  ഈ സന്ദർഭത്തിൽ  ചിരിക്കുകയാണ് വേണ്ടത് എന്ന് സദസ്സിലിരുന്ന വിദ്യാർത്ഥികൾക്ക് മനസ്സിലായി. അവർ വിനയപൂർവം ആ തമാശയോട് സഹകരിച്ചു. പ്രതികരണത്തിൽ ആവേശം കേറി മോദി തമാശയുടെ ബാക്കി കൂടി പറഞ്ഞു തീർത്തു ,"എങ്കിൽ, ആ കുട്ടികളുടെ അമ്മമാർക്ക് വളരെ സന്തോഷം തോന്നും.. " അതിനും കിട്ടി സദസ്സിന്റെ വക നിറഞ്ഞ പൊട്ടിച്ചിരിയും കയ്യടികളും. 

കാരണം അവരിൽ പലരുടെയും മക്കൾ ഡിസ്‌ലെക്‌സിക് ആയിരുന്നു

എന്നാൽ രാജ്യത്തിൻറെ പല കോണുകളിലായി ഇത് തത്സമയം കണ്ടുകൊണ്ടിരുന്ന പല അമ്മമാരുടെയും ഇടനെഞ്ചിലേക്ക്  ആ തമാശ ഒരു കഠാരി പോലെയാണ് തുളഞ്ഞിറങ്ങിയത്. കാരണം അവരിൽ പലരുടെയും മക്കൾ ഡിസ്‌ലെക്‌സിക് ആയിരുന്നു. അല്ലെങ്കിൽ ഓട്ടിസം ബാധിച്ചവർ ആയിരുന്നു. അതുമല്ലെങ്കിൽ ഡൗൺ സിൻഡ്രം പോലുള്ള പലവിധം അസുഖങ്ങളാൽ അവർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരായിരുന്നു. ആ വ്യത്യസ്തതകളുടെ പേരിൽ പലവട്ടം പൊതുസദസ്സുകളിൽ, കുടുംബച്ചടങ്ങുകളിൽ ഒക്കെ   തലകുനിച്ച് നിൽക്കേണ്ടി വന്നിട്ടുള്ള അവർക്ക് ഒട്ടും ദഹിക്കുന്നതല്ലായിരുന്നു ഈ തമാശ. അവർക്ക് ഒട്ടും ചിരി വരുന്നുണ്ടായിരുന്നില്ല. 

ശാരീരികവും മാനസികവുമായ പരിമിതികളുടെ കാര്യം വരുമ്പോൾ എല്ലാവരും  ഒരു പോലെ  അല്ല ചിന്തിക്കുന്നത്. ചുരുങ്ങിയത് നമ്മുടെ പ്രധാനമന്ത്രിയെങ്കിലും അങ്ങനെ അല്ല എന്ന് ഈ അനുഭവം തെളിയിക്കുന്നു. ഒരു കുട്ടിയെ വ്യത്യസ്തനാക്കുന്നത് ഓട്ടിസമോ, ഡിസ്‌ലെക്‌സിയയോ, ഡൗൺ സിൻഡ്രമോ അസുഖം എന്തുമാട്ടെ.. പരിമിതി ശാരീരികമോ മാനസികമോ ആവട്ടെ.. തങ്ങളുടേതല്ലാത്ത പിഴകളാൽ അത് അനുഭവിക്കാൻ വിധിക്കപ്പെട്ടവർ, ആത്യന്തികമായി മനുഷ്യജന്മങ്ങളാണെന്ന് ആ പരിമിതികളുടെ പേരിൽ പരിഹാസങ്ങൾ മെനയുന്നവർ നിമിഷനേരത്തേക്കെങ്കിലും മറന്നുപോവുന്നു. നിങ്ങൾക്ക് ചിലപ്പോൾ അവർ ആരുമാവില്ല. ദൈവം സഹായിച്ച് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പരിപൂർണമായ ആരോഗ്യമുണ്ടായിരിക്കാം. ചിലപ്പോൾ നിങ്ങൾ അവിവാഹിതരാവാം, കുഞ്ഞുങ്ങളോടുള്ള സ്നേഹം നിങ്ങളുടെ മനസ്സിൽ സ്വാഭാവികമായി ഒരിക്കലും ഉണർന്നുകാണില്ല. അതുപക്ഷേ, അവരെപ്പറ്റി പൊതുസദസ്സുകളിലിരുന്ന്  'ഇൻസെൻസിറ്റീവ്'  ആയിട്ടുള്ള തമാശകൾ  പറയാനുള്ള ഒരു ജാമ്യമല്ല. അവരും ആരുടെയെങ്കിലുമൊക്കെ മക്കളാണ്. സഹോദരങ്ങളാണ്. 

ഇഷാൻ അവസ്തി എന്ന ബാലന്റെ മനോവേദനകൾ കണ്ട് അന്നത്തെ തിയറ്ററുകളിൽ കണ്ണീർമഴ തന്നെ പെയ്തിറങ്ങിയതാണ്

എന്തുവേണമെങ്കിലും പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനപ്രകാരം നമുക്കെല്ലാവർക്കും ഉണ്ടെന്നത്  ശരിതന്നെ. എന്നാലും, പരിമിതികൾ അനുഭവിക്കുന്ന കുഞ്ഞുങ്ങളെ നമ്മുടെ വിലകുറഞ്ഞ പരിഹാസങ്ങൾക്കുള്ള ആയുധങ്ങളാക്കും മുമ്പ് ചില കാര്യങ്ങളെങ്കിലും പരിഗണിക്കണം. ഈ അവസരത്തിൽ മോദിക്കുനേരെ വിരൽ ചൂണ്ടിക്കൊണ്ട്, അദ്ദേഹത്തെ ആക്ഷേപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള നമ്മൾ എല്ലാവരും  കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് ഒന്ന് അവനവനോടു തന്നെ ചോദിക്കണം.  ഇതുപോലെ നമ്മൾ എന്നെങ്കിലും പെരുമാറിയിട്ടുണ്ടോ..? ആത്മാർത്ഥമായി മറുപടി പറഞ്ഞാൽ മോദിക്കുനേരെ വിരൽ ചൂണ്ടാൻ ആരും തന്നെ അവശേഷിച്ചെന്നുവരില്ല..  

നമ്മൾ വിചാരിക്കുന്നത്ര ലളിതമാണോ ഈ ഡിസ്‌ലെക്‌സിയ ..? ഈ അസുഖം ബാധിച്ച ഒരു കുട്ടിക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെപ്പറ്റി വളരെ വിശദമായി വികാരാർദ്രമായി പ്രതിപാദിക്കുന്ന ഒരു സിനിമ വന്നിട്ടുണ്ട്. അമോലെ ഗുപ്തയുടെ മനസ്സിൽ വിരിഞ്ഞ, അമീർഖാൻ സ്വന്തം പേരിലാക്കിയ  'താരേ സമീൻ പർ' എന്ന ഹിന്ദി ചിത്രം. അതിലെ ഇഷാൻ അവസ്തി എന്ന ബാലന്റെ മനോവേദനകൾ കണ്ട് അന്നത്തെ തിയറ്ററുകളിൽ കണ്ണീർമഴ തന്നെ പെയ്തിറങ്ങിയതാണ്.  മോദിയുടെ പരിഹാസങ്ങൾ സാക്ഷ്യം പറയുന്നത് അദ്ദേഹം ആ സിനിമ കണ്ടിട്ടില്ല എന്നുതന്നെയാണ്.  

നിങ്ങൾ  അല്ലെങ്കിൽ നിങ്ങളുടെ മകൻ.. മകൾ.. ഡിസ്‌ലെക്‌സിക്ക് ആണ് എന്നുകരുതുക.. ഈ ലോകം നിങ്ങൾക്ക് എങ്ങനെയാണ് അനുഭവപ്പെടുക എന്നറിയുമോ..? അറിയില്ലെങ്കിൽ പറഞ്ഞുതരാം.  അകാരണമായ 'ഉത്കണ്ഠ.. ' അതിലാണ് നിങ്ങളുടെ ഓരോ  ദിവസത്തിന്റെയും  തുടക്കം.. സദാ പടപടാ മിടിച്ചുകൊണ്ടിരിക്കും നിങ്ങളുടെ ഹൃദയം. വായിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും നിങ്ങൾക്ക്. അക്ഷരങ്ങൾ പിടിതരാതെ ആടിയുലഞ്ഞു കൊണ്ടിരിക്കും.. ചിലപ്പോൾ അവ മേലോട്ടും താഴോട്ടും പാഞ്ഞു കളിക്കും, ചിലപ്പോൾ വശങ്ങളിലേക്ക് പാളിക്കൊണ്ടിരിക്കും.. ചില അക്ഷരങ്ങൾ കണ്ണാടിയിൽ കാണുമ്പോലെ  തിരിഞ്ഞും മറിഞ്ഞും കാണും. ഏറെ നേരം തുറിച്ചു നോക്കിയാലേ ഓരോ വാക്കും നിങ്ങൾക്കു മുന്നിൽ അനങ്ങാതെ ഒന്ന് നിന്നു തരൂ.. അപ്പോഴാണ് നിങ്ങളുടെ തലച്ചോർ അതിന്റെ 'ഫോട്ടോ'യെടുക്കുന്നത്.  അപ്പോൾ മാത്രമാണ് നിങ്ങൾ അതിനെ വായിക്കുന്നത്. അതിന്റെ അർഥം മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് വളരെ പതുക്കെ മാത്രമേ വായിക്കാൻ പറ്റൂ.. ക്‌ളാസിൽ മറ്റുള്ള പിള്ളേർ പേജുകൾ മറിച്ച് വായിച്ചോടിപ്പോവുമ്പോൾ, കൂടെയെത്താൻ പറ്റാതെ ഉള്ളിൽ വിതുമ്പി നിൽക്കും നിങ്ങൾ. 

അച്ഛനുമമ്മയും നിങ്ങളെ അടിച്ചു നേരെയാക്കാൻ നോക്കും

കണക്കു കൂട്ടാൻ നിങ്ങൾക്ക് പറ്റുകയേയില്ല.  നിങ്ങളെ പഠിപ്പിക്കാൻ വരുന്ന ട്യൂഷൻ ടീച്ചർമാർ പലരും നിങ്ങളുടെ ബുദ്ധിക്കുറവിന്മേൽ പഴി ചാരി സ്ഥലംവിടും. ക്ളോക്ക് നോക്കി ഒന്ന് സമയം പറയാൻ പോലും നിങ്ങൾക്കാവില്ല. വാച്ചിൽ നേരം 2:30 ആണെങ്കിൽ നിങ്ങൾ സമയം ചോദിച്ച ആളിനോട് പറയുക 3:20 എന്നായിരിക്കും. എല്ലാം ആകെ തിരിഞ്ഞുപോവും.  പരീക്ഷകളിൽ നിങ്ങളുടെ പ്രകടനം വളരെ മോശമാകും. ക്‌ളാസ്സിലെ ഏറ്റവും ഉഴപ്പൻ നിങ്ങളായിരിക്കും. ടീച്ചർമാരുടെ കണ്ണിലെ കരടും നിങ്ങൾ തന്നെ. സ്പെല്ലിങ്ങ് ഒരിക്കലും നിങ്ങൾക്ക് കൃത്യമായി പറയാൻ പറ്റില്ല. അതിന്റെ പേരിൽ എന്നും നിങ്ങളെ ടീച്ചർമാരും സഹപാഠികളും കളിയാക്കിക്കൊണ്ടിരിക്കും. അച്ഛനുമമ്മയും നിങ്ങളെ അടിച്ചു നേരെയാക്കാൻ നോക്കും.. നിങ്ങളെ വൈകാരികമായി അവരിൽ നിന്നും അകറ്റും.. നിങ്ങളുടെ കളിപ്പാട്ടങ്ങൾ എടുത്തുമാറ്റും.. നിങ്ങൾ നന്നാവും വരെ നിങ്ങളെ കളിയ്ക്കാൻ വിടില്ല.. നിങ്ങളെ വരയ്ക്കാൻ അനുവദിക്കില്ല. ആകെ വീർപ്പുമുട്ടും നിങ്ങൾ ഓരോ നിമിഷവും.. 

ഇത്രയും കേട്ടിട്ടും നിങ്ങൾക്ക് ഒരു ഡിസ്‌ലെക്‌സിക് ആയ കുട്ടിയെ ഉപയോഗിച്ച് ഒരാളെ പരിഹസിക്കാൻ തോന്നുന്നുണ്ടോ..? ഉണ്ടെങ്കിൽ നിങ്ങളെ എങ്ങനെ സഹായിക്കണം എന്നെനിക്കറിയില്ല..!!
 

Follow Us:
Download App:
  • android
  • ios