Asianet News MalayalamAsianet News Malayalam

Ukraine Kerala Link: യുക്രൈനിലെ ഒഡേസ നഗരവും കേരളവും തമ്മില്‍ അസാധാരണമായ ഒരു ബന്ധമുണ്ട്!

റഷ്യന്‍ ബോംബുകള്‍ തരിപ്പണമാക്കുന്ന ഒഡേസ മലയാളിക്ക് വെറുമൊരു വിദേശനഗരമല്ല! അത് തകര്‍ക്കപ്പെടുമ്പോള്‍ നെഞ്ചു നോവുന്ന മലയാളികളുണ്ട്. 
 

Strange connection between Ukraine's Odessa city and Kerala
Author
Kiev, First Published Mar 3, 2022, 6:42 PM IST

വിചിത്രമെന്നു പറയട്ടെ,  തുടക്കകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കൊടിക്കൂറകളുയര്‍ന്ന അതേ ഒഡേസ നഗരത്തെയും പൊടംകിന്‍ പടവുകളെയും ഇന്നാക്രമിക്കുന്നത് പഴയ സോവിയറ്റ് യൂനിയന്റെ നേരവകാശിയായ റഷ്യയാണ്. അന്തര്‍ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല തലങ്ങളുള്ള യുക്രൈന്‍ അധിനിവേശത്തില്‍ അക്രമികളായ റഷ്യയ്ക്ക് അനുകൂലമാണ് ഇടതുപക്ഷ പാര്‍ട്ടികളില്‍ ഏറെയും. 

 

Strange connection between Ukraine's Odessa city and Kerala

 

സോവിയറ്റ് യൂനിയനെക്കുറിച്ചുള്ള ഇടതുപക്ഷ ഗൃഹാതുരതയായി മലയാളി കൊണ്ടുനടന്ന ഒഡേസ എന്ന ദേശം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.  റഷ്യന്‍ മിസൈലുകളും യുദ്ധവിമാനങ്ങളും ആക്രമണം തുടരുന്ന യുക്രൈന്‍ നഗരം എന്ന നിലയിലാണ് വീണ്ടും ആ പേര് വാര്‍ത്തകളില്‍ മുഴങ്ങുന്നത്. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ആ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ റഷ്യന്‍ സൈന്യം തകര്‍ത്തുകഴിഞ്ഞു. ആദ്യ ദിവസം തന്നെ 10 വനിതകള്‍ അടക്കം 18 പേരാണ് ആക്രമണങ്ങളില്‍ അവിടെ കൊല്ലപ്പെട്ടത്. സോവിയറ്റ് യൂനിയന്റെ പ്രതാപം തിരിച്ചുകൊണ്ടുവരാനുള്ള അധിനിവേശത്തിന്റെ ഭാഗമായി ഒഡേസ നഗരം ബോംബിട്ട് തകര്‍ക്കാനുള്ള ശ്രമങ്ങളിലാണ് റഷ്യന്‍ സെന്യം.

 

Strange connection between Ukraine's Odessa city and Kerala

ഒഡേസ മൂവീസ് നിര്‍മിച്ച അമ്മ അറിയാന്‍ സിനിമയുടെ ടൈറ്റില്‍ കാര്‍ഡ് 

 

ഒഡേസയും മലയാളികളും

ഒഡേസ. പഴയ 16 എം എം പ്രൊജക്ടറുകളിലൂടെ ലോകസിനിമ കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച എഴുപതുകളിലാണ് മറ്റുപല വാക്കുകളും പോലെ ആ പേരും കേരളത്തിലെത്തുന്നത്. ലോകസിനിമയില്‍ ഇടതുപക്ഷ ഭാവുകത്വത്തിന് അടിത്തറയിട്ട സോവിയറ്റ് ചലച്ചിത്രകാരന്‍ സെര്‍ജി ഐസന്‍സ്റ്റീന്റെ 'ബാറ്റില്‍ഷിപ്പ് പൊടംകിന്‍' എന്ന സിനിമയിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു സീക്വന്‍സിന്റെ പേരായിരുന്നു അത്. മൊണ്ടാഷ് എന്ന ചലച്ചിത്ര സങ്കേതത്തിന്റെ ഏറ്റവും ഗംഭീരമായ ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു ഒഡേസ സീക്വന്‍സ്. 

പിന്നീട്, കേരളത്തിലുടലെടുത്ത അനേകം ഫിലിം സൊസൈറ്റികള്‍ക്ക് ആ പേര് വന്നു. അതിനുശേഷം, 1984 മേയില്‍ ഒഡേസ എന്ന പേരില്‍ കോഴിക്കോട്ട് ഒരു ജനകീയ സിനിമാ പ്രസ്ഥാനം രൂപംകൊണ്ടു. രാഷ്ട്രീയ ഉള്ളടക്കത്തിലൂന്നിയ കലാമൂല്യമുള്ള സിനിമകളുടെ നിര്‍മാണവും പ്രദര്‍ശനവുമായിരുന്നു ആ കൂട്ടായ്മയുടെ ലക്ഷ്യം. മലയാള സിനിമയിലെ വേറിട്ട ശബ്ദമായ ജോണ്‍ എബ്രഹാമിന്റെ മുന്‍ കൈയിലാണ് ആ ജനകീയ സിനിമാ പ്രസ്ഥാനം മുന്നോട്ടുപോയത്. 1987-ല്‍ കോഴിക്കോട്ടെ ഒരു കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്കു പതിച്ച് ജോണിന്റെ ബൊഹീമിയന്‍ ജീവിതത്തിന് പൂര്‍ണ്ണ വിരാമമായെങ്കിലും, ഒഡേസ ജനകീയ സിനിമ എന്ന വഴിക്കുള്ള നടത്തം പിന്നെയും തുടര്‍ന്നു. 

അതിനിടെ കാലം മാറി, ലോകവും. സോവിയറ്റ് യൂനിയന്‍ തകര്‍ന്നുവീണു. േലാകം ശീതസമരാനന്തരമുള്ള അമേരിക്കന്‍ കേന്ദ്രിത ആഗോളവല്‍കരണ കാലത്തെ ആലിംഗനം ചെയ്തു. ഉദാരവല്‍ക്കരണനയങ്ങള്‍ ഇന്ത്യയെയും കേരളത്തെയുമെല്ലാം മാറ്റിപ്പണിതു. മുതലാളിത്ത വികസന മാതൃകകളെ സവിശേഷശൈലിയില്‍ സ്വീകരിച്ച് മുന്നോട്ടുനീങ്ങുന്ന ചൈനയുടെയും റഷ്യയുടെയും മാതൃകയില്‍, പ്രത്യയശാസ്ത്ര നിര്‍ബന്ധങ്ങള്‍ മറന്ന് നിയോലിബറല്‍ വികസന അജണ്ടകളെ സ്വാഗതം ചെയ്യുന്ന വികസന നയരേഖ കേരളത്തിലെ ഇടതുരാഷ്ട്രീയ മുഖമായ സിപിഎം സ്വീകരിച്ച അതേ സമയത്താണ്, വീണ്ടും ഒഡേസ പടവുകള്‍ ചര്‍ച്ചയാവുന്നത്.  വിചിത്രമെന്നു പറയട്ടെ,  തുടക്കകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കൊടിക്കൂറകളുയര്‍ന്ന അതേ ഒഡേസ നഗരത്തെയും പൊടംകിന്‍ പടവുകളെയും ഇന്നാക്രമിക്കുന്നത് പഴയ സോവിയറ്റ് യൂനിയന്റെ നേരവകാശിയായ റഷ്യയാണ്. അന്തര്‍ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട പല തലങ്ങളുള്ള യുക്രൈന്‍ അധിനിവേശത്തില്‍ അക്രമികളായ റഷ്യയ്ക്ക് അനുകൂലമാണ് ഇടതുപക്ഷ പാര്‍ട്ടികളില്‍ ഏറെയും. 

 

ബാറ്റില്‍ഷിപ്പ് പൊടംകിന്‍ സിനിമയിലെ ഒഡേസ സീക്വന്‍സ്

 

ഒഡേസ പടവുകളിലെ ദൃശ്യവിസ്മയം

1905-ല്‍ റഷ്യന്‍ യുദ്ധക്കപ്പലായ പൊട്ടംകിനില്‍ നടന്ന നാവികരുടെ കലാപത്തെക്കുറിച്ചായിരുന്നു 1925-ല്‍ പുറത്തിറങ്ങിയ  'ബാറ്റില്‍ഷിപ്പ് പൊടംകിന്‍' ആ സിനിമ. സോവിയറ്റ് ചലച്ചിത്രകാരന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍ സംവിധാനം ചെയ്ത അഞ്ച് ഭാഗങ്ങളുള്ള ഈ സിനിമ സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലത്തെ ജനകീയ മുന്നേറ്റത്തിന്റെ കഥയാണ് പറയുന്നത്. കരിങ്കടലില്‍ നങ്കൂരമിട്ട പൊട്ടംകിന്‍ എന്ന റഷ്യന്‍ യുദ്ധക്കപ്പലില്‍ ഒരു സംഘം നാവികര്‍ നടത്തിയ കലാപം വമ്പിച്ച ജനകീയ സമരമായി മാറുന്നതിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു അത്. സാര്‍ ചക്രവര്‍ത്തിമാരുടെ കാലത്തെ ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഈ ചലച്ചിത്രം ലോകസിനിമയുടെ സാങ്കേതിക ചരിത്രത്തിലെ പ്രധാന അധ്യായമാണ്. മൊണ്ടാഷ്, ഫാസ്റ്റ് എഡിറ്റിങ്, റിഥമിക്ക് കട്ട്സ് തുടങ്ങിയ സാങ്കേതികപരീക്ഷണങ്ങളുടെ വിളനിലമായിരുന്നു അത്.  'ഒഡേസാ പടവുകള്‍' എന്ന ഭാഗമാണ് അതിലേറ്റവും ശ്രദ്ധേയം. മൊണ്ടാഷ് എന്ന ചലച്ചിത്ര സങ്കേതത്തെ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിലൂന്നി അവതരിപ്പിക്കുകയായിരുന്നു ഐസന്‍സ്റ്റീന്‍ എന്നാണ് ഒഡേസ സീക്വന്‍സ് വിലയിരുത്തപ്പെട്ടത്. 

ഇന്നത്തെ യുക്രൈനിലുള്ള ഒഡേസ നഗരത്തിലെ പൊടംകിന്‍ പടവുകളിലാണ് ഐസന്‍സ്റ്റീന്‍ ആ സിനിമയിലെ ശ്രദ്ധേയമായ ഒഡേസ സീക്വന്‍സ് ചിത്രീകരിച്ചത്. പട്ടാളക്കാര്‍ തോക്കുമായി പടികളിലേയ്ക്ക് മാര്‍ച്ച് ചെയ്യുന്നതും സാധാരണക്കാരെ വെടിവെച്ചു കൊല്ലുന്നതുമായിരുന്നു രംഗം. ജനകീയ പോരാട്ടത്തെ അടിച്ചമര്‍ത്താനായി ഇറങ്ങിയ കുതിരപ്പട്ടാളക്കാര്‍ ജനങ്ങളെ ലക്ഷ്യം വെച്ച് നീങ്ങുന്നതും 192 പടികളുള്ള  പൊടംകിന്‍ പടവുകളിലൂടെ ആളുകള്‍ മറിഞ്ഞുവീഴുന്നതും ഒരു കൈക്കുഞ്ഞുമായി ചക്രവണ്ടി താഴേക്ക് ഉരുളുന്നതുമെല്ലാം കോര്‍ത്തിണക്കുന്നതായിരുന്നു ആ ദൃശ്യവിസ്മയം. പൊട്ടിച്ചിതറിയ കണ്ണട, പട്ടാള ബൂട്ടുകള്‍ എന്നിങ്ങനെ അനേകം ദൃശ്യങ്ങള്‍ യുക്തിഭദ്രമായി വിളക്കിച്ചേര്‍ത്ത് സവിശേഷമായ അര്‍ത്ഥം ഉല്‍പ്പാദിപ്പിക്കുന്നതായിരുന്നു ആ സീക്വന്‍സ്. ക്ളോസ് അപ് അടക്കമുള്ള ബാക്ക് ആന്‍ഡ് ഫോര്‍ത്ത് കട്ടുകള്‍ ഉപയോഗിച്ച് വയലന്‍സും നിഷ്‌കളങ്കതയും ഭീകരതയും നിസ്സഹായവസ്ഥയും ശക്തമായ ഭാഷയില്‍ ആവിഷകരിക്കുകയായിരുന്നു ആ മൊണ്ടാഷിലൂടെ ഐസന്‍സ്റ്റീന്‍. നെടുനീളന്‍ ഷോട്ടിന്റെ താളഭദ്രമായ കട്ടുകളും ഗംഭീരമായ പശ്ചാത്തലസംഗീതവും ചേര്‍ന്ന് പുതിയ കാഴ്ചാനുഭവമായിരുന്നു അത്. 

 

Strange connection between Ukraine's Odessa city and Kerala

ഒഡേസ മൂവീസ് നിര്‍മിച്ച അമ്മ അറിയാന്‍ സിനിമയില്‍ ജോയ് മാത്യു
 

കേരളത്തിലൊരു ഒഡേസ, ജനകീയ സിനിമയുടെ കൊടിക്കൂറ

ലോകമാകെ പടര്‍ന്ന മാറ്റങ്ങളുടെ കാറ്റുകള്‍ക്കൊപ്പമാണ് ലോകസിനിമാ പ്രദര്‍ശനങ്ങളും ഫിലിം സൊസൈറ്റികളുമൊക്കെ കേരളത്തിലും വളര്‍ന്നുവന്നതെങ്കിലും വിശാലമായ ഇടതുപക്ഷ രാഷ്ട്രീയ ബോധമായിരുന്നു അതിന്റെ കാതല്‍. അതിനാല്‍ തന്നെ, അക്കാലങ്ങളില്‍ രൂപം കൊണ്ട തീവ്രഇടതുപക്ഷ രാഷ്്രടീയവും തഴച്ചുവളര്‍ന്നത്, സിനിമ അടക്കമുള്ള മാധ്യമങ്ങളെ ഉപയോഗിച്ചു തന്നെയായിരുന്നു. നക്‌സല്‍ബാരിയുടെ കാറ്റില്‍ കേരളത്തില്‍ പരാഗണം ചെയ്യപ്പെട്ട തീവ്രഇടതുപക്ഷ രാഷ്ട്രീയം ഫിലിം സൊസൈറ്റികളെയും ആധുനിക സാഹിത്യത്തെയും കലയിലെ ജനകീയതയെയുമെല്ലാം ഗുണപരമായി ഉപയോഗിച്ചിരുന്നു. ആത്യന്തികമായി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഫോക്കസ് ചെയ്യപ്പെട്ട ഫിലിം സൊസൈറ്റികളില്‍ പലതിന്റെയും പേര് ഒഡേസ എന്നായി മാറിയത് അങ്ങനെയാണ്. ആ കാലത്തിന്റെ ട്രെന്റ് അതായിരുന്നതിനാല്‍, അന്നത്തെ യുവാക്കളെ ഹാംലിനിലെ കുഴലൂത്തുകാരെ പോലെ ആകര്‍ഷിക്കാന്‍ ഒഡേസ എന്ന പേരിനായി. 

 ഈ കാലത്താണ്, സിനിമ വെറും കാഴ്ചപ്പണ്ടമല്ലെന്നും ജനങ്ങളോടുള്ള രാഷ്ട്രീയം പറയാനുള്ള മാധ്യമമാണെന്നുമുള്ള ചര്‍ച്ചകള്‍ സാംസ്‌കാരിക രംഗത്ത് സജീവമായത്. മുഖ്യധാരാ സിനിമ നിലനില്‍ക്കുന്നത് വലിയൊരു വിപണിയുടെയും മൂലധനനിക്ഷേപങ്ങളുടെയും പിന്തുണയിലാണ്. എന്നാല്‍ അത്തരമൊരു സാദ്ധ്യത രാഷ്ട്രീയ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ ജനങ്ങളില്‍നിന്നും ധനസമാഹാരണം നടത്തി ജനങ്ങളുടെ മുന്‍കൈയില്‍ സിനിമകള്‍ നിര്‍മിക്കാനും ജനങ്ങള്‍ക്കു മുന്നില്‍ അവ പ്രദര്‍ശിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ സജീവമായി നടന്നു. അതിന്റെ ഏറ്റവും വിജയകരമായ പരീക്ഷണത്തിന് 1984 മേയ് മാസം കോഴിക്കോട്ട് ഫാറൂഖ് കോളജില്‍ തുടക്കം കുറിച്ചു. സമാന്തര സിനിമക നിര്‍മിക്കാനും സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാനും ഒരു കൂട്ടായ്മ രൂപം കൊണ്ടു. യജ്ഞമൂര്‍ത്തി, സഞ്ജീവ്‌ഘോഷ്, എം സോമനാഥന്‍, വി കെ പ്രഭാകരന്‍, ഹമീദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ ചേര്‍ന്നാരംഭിച്ച ആ കൂട്ടായ്മക്ക് ഇട്ട പേര് ഒഡേസ എന്നായിരുന്നു. സഞ്ജീവ്‌ഘോഷാണ് ഒഡേസ എന്ന പേര് നിര്‍ദേശിച്ചതെന്നാണ് ആ കൂട്ടായ്മയുടെ മുന്നണിയിലുണ്ടായിരുന്ന ചാലില്‍ അമ്മത് എന്ന ഒഡേസ അമ്മത് ഒരു അഭിമുഖത്തില്‍ പറയുന്നത്. ഒഡേസ കൂട്ടായ്മയുടെ വിശാല പശ്ചാത്തലം തീവ്രഇടതുപക്ഷ രാഷ്ട്രീയമായിരുന്നു. അതിലേക്ക്, അന്നു തന്നെ രാഷ്ട്രീയ സിനിമാ സ്വപ്‌നം പ്രസരിപ്പിച്ച് നടന്നിരുന്ന ജോണ്‍ എബ്രഹാം അടക്കമുള്ളവര്‍ കടന്നുവന്നു. 

1984 ജൂണില്‍ ഒഡസേ ജോണ്‍ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍, പട്ടാഭിരാമ റെഡ്ഡിയുടെ സംസ്‌കാര, ജി വി അയ്യരുടെ വംശവൃക്ഷ എന്നീ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീടുള്ള കാലങ്ങളില്‍ ചാര്‍ലി ചാപ്ലിന്റെ ദി കിഡ് കേരളത്തിലങ്ങോളമിങ്ങോളം ഒഡേസ പ്രദര്‍ശിപ്പിച്ചു. ആനന്ദ് പട്വര്‍ധന്റെ ബോംബെ ഔവര്‍ സിറ്റി, പ്രിസണേഴ്സ് ഓഫ് കോണ്‍ഷ്യന്‍സ് തുടങ്ങിയ ഡോക്യുമെന്ററികള്‍ ഒഡേസ പ്രദര്‍ശിപ്പിച്ചു. ആനന്ദ് പട്വര്‍ധന്‍ അടക്കമുള്ളവര്‍ ഈ പ്രദര്‍ശനങ്ങളില്‍ ജനങ്ങളോട് സംവദിക്കാനെത്തി. 

അപ്പോഴേക്കും ഒഡേസയുടെ മുഖമായി മാറിയ ജോണ്‍ എബ്രഹാം 1987-ല്‍ കോഴിക്കോട്ടെ ഒരു കെട്ടിടത്തിനു മുകളില്‍നിന്നും താഴേക്കു വീണു മരിച്ചു. അതിനു ശേഷവും ഒഡേസ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വടകര കേന്ദ്രമായി ഒഡേസ സത്യന്‍ എന്നറിയപ്പെട്ട സിവി സത്യന്‍ അടക്കമുള്ള ചെറുകൂട്ടം ഒഡേസയുടെ പ്ലാറ്റ്‌ഫോമിലൂടെ ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകളും ചലച്ചിത്ര പ്രവര്‍ത്തനങ്ങളും നടത്തി. 

 

Strange connection between Ukraine's Odessa city and Kerala

തിരുവനന്തപുരം കൈരളി ശ്രീയിലെ ഒഡേസ പടവുകള്‍

 

തിരുവനന്തപുരം കൈരളി ശ്രീയിലെ ഒഡേസ പടവുകള്‍

എണ്‍പതുകളുടെ പകുതിയോടെ പല കാരണങ്ങളാല്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം തളര്‍ന്നു. കലാസിനിമകളുടെ സാങ്കേതികവും കലാപരവുമായ വശങ്ങള്‍ സ്വാംശീകരിച്ച് കച്ചവട സിനിമകളും വിപണിവല്‍കൃത സിനിമകളുടെ മാര്‍ക്കറ്റിംഗ്, വിപണന സാദ്ധ്യതകള്‍ ആഗിരണം ചെയ്ത് കലാസിനിമകളും വലിയ മാറ്റങ്ങളിലേക്ക് നിശ്ശബ്ദമായി തന്നെ വാതില്‍ തുറന്നു. 

തൊണ്ണൂറുകളില്‍ ലോകത്താകമാനം മാറ്റങ്ങള്‍ വിതച്ച ആഗോളവല്‍ക്കരണം സിനിമയെയും സിനിമ കാണലിനെയും കൂടി മാറ്റിമറിച്ചിരുന്നു. ലോക രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളും പുത്തന്‍ സാങ്കേതിക വിസ്‌ഫോടനവും ഡിജിറ്റല്‍ സിനിമാ സാദ്ധ്യതകളുമെല്ലാം ചേര്‍ന്ന് പഴയ മട്ടിലുള്ള ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കി. ലോകത്തെവിടെയും നിന്നുള്ള സിനിമകള്‍ ആര്‍ക്കും എവിടെയും ലഭ്യമാവുന്ന സാഹചര്യങ്ങള്‍ വന്നതും അതിനു പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായതുമെല്ലാം കാര്യങ്ങളെ അടിമുടി മാറ്റി. 

എന്നിട്ടും 1996-ല്‍ കോഴിക്കോട്ടാരംഭിച്ച കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേള (IFFK) വിജയകരമായി മുന്നോട്ടുപോയി. ലോകമെങ്ങുമുള്ള ഏറ്റവും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഐ എഫ് എഫ് കെ പിന്നീട് തിരുവനന്തപുരത്തെ സ്ഥിരം വേദിയിലേക്ക് മാറി. തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൈരളി ശ്രീ തിയറ്ററുകളുടെ പടവുകള്‍ മേളക്കാലത്തെ അനൗപചാരിക കൂടിച്ചേരലുകളുടെയും ചര്‍ച്ചകളുടെയും കേന്ദ്രമായി മാറി. ഈ പടവുകള്‍ക്ക് പിന്നീട് ആരൊക്കെയോ ഒഡേസ പടവുകള്‍ എന്ന് പേരിട്ടു. പിന്നീടുള്ള കാലങ്ങളില്‍ മാധ്യമങ്ങളും ഒഡേസ പടവുകള്‍ എന്ന് ഈ തിയറ്റര്‍ പടവുകളെ വിളിച്ചുപോന്നു. 

ലോകത്തെ മാറ്റിമറിച്ച കൊവിഡ് കാലം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെയും സാരമായി ബാധിച്ചിരുന്നു.  രണ്ടു വര്‍ഷങ്ങളിലെ നിര്‍ജീവതയ്ക്കുശേഷം സജീവമായി വീണ്ടും ചലച്ചിത്രമേള എത്തുന്നതിനു തൊട്ടുമുമ്പാണ് യുക്രൈനിലെ ഒഡേസ ദേശത്തിനു നേര്‍ക്ക് ഒട്ടും സിനിമാറ്റിക്കല്ലാത്ത വിധം റഷ്യന്‍ മിസൈലുകളും യുദ്ധവിമാനങ്ങളും തീതുപ്പാന്‍ തുടങ്ങിയത്. 

 

Strange connection between Ukraine's Odessa city and Kerala

ഒഡേസ പടവുകളില്‍ വിനോദ സഞ്ചാരികള്‍
 

ഒഡേസ എന്ന വിപ്ലവദേശത്തിന്റെ മാറ്റങ്ങള്‍

കേരളവും മലയാള സിനിമയും ഇടതുപക്ഷ രാഷ്രടീയവുമെല്ലാം അടിമുറി മാറിയതുപോലെ യഥാര്‍ത്ഥ ഒഡേസ നഗരവും മാറിക്കഴിഞ്ഞിരുന്നു. സാര്‍ ചക്രവര്‍ത്തിക്കെതിരെ ജനകീയ വിപ്ലവം നടന്ന ഒഡേസയിലെ തെരുവീഥികള്‍ പുതിയ കാലത്ത് മുതലാളിത്തത്തിന്റെ ദീപശിഖയേന്തി നിന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖമുദ്രയായിരുന്ന ഒഡേസ സോവിയറ്റ് യൂനിയനില്‍നിന്നും വിട്ടുപോന്ന് യൂറോ കേന്ദ്രിതമായ പുത്തന്‍മുതലാളിത്തത്തിന്റെ കൊടിക്കൂറ പാറിച്ചു. 

സോവിയറ്റ് യൂണിയന്റെ കാലത്തു തന്നെ വിനോദസഞ്ചാരികളുടെ കേന്ദ്രമായിരുന്നു ഒഡേസ നഗരം. സമ്പന്നരുടെ വേനല്‍ക്കാല ഇടം. സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ യുക്രൈന്‍ പുതിയ രാജ്യമായി മാറി. മുതലാളിത്തത്തെ പുല്‍കിയ പുതിയ ഭരണക്രമം വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഒഡേസയെ വളര്‍ത്തി. സ്വകാര്യ മുലധനം ഇവിടേക്ക് ഒഴുകിയെത്തി. സ്വകാര്യ സംരംഭകരുടെ പ്രിയപ്പെട്ട ഇടമായി ഇതുമാറി. കടല്‍ത്തീരങ്ങള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കി. ലോകമെങ്ങും നിന്നുള്ള സഞ്ചാരികളാല്‍ ഇവിടം നിറഞ്ഞു. നെറ്റ് ക്ലബുകളുടെയും നഗ്‌നനൃത്തങ്ങളുടെയും അരാജക ഇടമായി ഇതുമാറി. 

വിനോദസഞ്ചാരികള്‍ക്ക് നിരവധി ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. പ്രധാനം പൊട്ടംകിന്‍ പടവുകള്‍ തന്നെയാണ്.  ഒഡേസ നഗരത്തില്‍ നിന്ന്  തുറമുഖത്തിലേക്ക് തുറക്കുന്ന പടവുകളാണ് പൊട്ടംകിന്‍ പടവുകള്‍. നഗരത്തില്‍ നിന്ന് കരിങ്കടല്‍ തീരത്തെ തുറമുഖത്തേക്ക് എത്താനുള്ള 192 പടവുകള്‍ 1800-ലാണ്. നിര്‍മാണം ആരംഭിച്ചത്. 1837-ല്‍ നിര്‍മാണം പൂര്‍ത്തിയായി. 1925-ല്‍ 'ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍' സിനിമ ഇവിടെ ചിത്രീകരിച്ചതോടെയാണ പടവുകള്‍ ലോകപ്രശസ്തമായത്. 1933-ല്‍ പടവുകള്‍ പുനരുദ്ധാരണം നടത്തി. ഒഡേസയുടെ ആദ്യ മേയറായിരുന്ന ഡ്യൂക്ക് ദ റിഷല്യുവിന്റെ പേരിലുള്ള പ്രതിമയുടെ ചുവട്ടില്‍ നിന്നാണ് പടവുകളുടെ തുടക്കം. അതിനു വലതുവശത്താണ് ഫ്യൂണിക്കുലര്‍ റെയില്‍വേ ലൈന്‍. അതിനടുത്തുള്ള സിറ്റി ഹാള്‍, പ്രൗഢമായ ഓപ്പറ ഹൗസ്. ചരിത്രം ഉറങ്ങിക്കിടക്കുന്ന തെരുവുകളും ബീച്ചുകളും മലകളും ഒക്കെയായി ടൂറിസ്റ്റുകളെ മയക്കുന്ന ഇടങ്ങള്‍ ഏറെയാണ് ഇവിടെ. 

 

Strange connection between Ukraine's Odessa city and Kerala

ഒഡേസ നഗരത്തിലെ പ്രശസ്തമായ ബീച്ച്
 

വാണിജ്യവും കയറ്റുമതിയും വിനോദസഞ്ചാരവും ചേര്‍ന്ന പണംകൊയ്യുന്ന നഗരമായി ഒഡേസയെ മാറ്റിയെടുക്കുകയായിരുന്നു യുക്രൈന്‍ ഭരണകൂടം. കാടും മലയും കടലും ചേര്‍ന്ന ഒഡേസ നഗരത്തെ യുക്രൈനിന്റെ ടൂറിസം കേന്ദ്രമായി വളര്‍ത്തുന്നതിനിടെയാണ് റഷ്യന്‍ വിമാനങ്ങള്‍ അവിടേക്ക് ഇരമ്പിയെത്തിയത്. ആ നഗരം തകര്‍ക്കുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യം. അതിനിടെയാണ്, മലയാളികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഈ നഗരം വിട്ട് പലായനം ആരംഭിച്ചത്. ആയിരങ്ങളാണ് കിട്ടിയതെല്ലാം എടുത്ത് ഇവിടെനിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പോവുന്നത്. 

യുക്രൈനിലെ ഒഡേസ പടവുകളിലേക്ക് വീഴുന്ന റഷ്യന്‍ ബോംബുകള്‍ യഥാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുന്നത് മലയാളി ഇടതുപക്ഷ ഗൃഹാതുരതയില്‍ കൂടിയാണ്. 
 

Follow Us:
Download App:
  • android
  • ios