ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന പേരില്‍ 2009 ല്‍ ഗിന്നസ് ബുക്കില്‍ കയറിയ മുളകാണ് ഭൂത് ജൊലോക്കിയ. എന്നാല്‍ 2011 ല്‍ ഈ റെക്കോഡ് നഷ്ടമായി. നിയന്ത്രിതമായ സാഹചര്യങ്ങളില്‍  വളര്‍ത്തി ഗവേഷണത്തിലൂടെ കൂടുതല്‍ എരിവുള്ള മുളകായി ഭൂത് ജൊലോക്കിയയെ മാറ്റാനും നഷ്ടപ്പെട്ട റെക്കോര്‍ഡ് തിരികെ കൊണ്ടുവരാനുമുള്ള ശ്രമങ്ങള്‍ ഗവേഷകര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 

അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്റ് , മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ഈ മുളക് കൃഷി ചെയ്യുന്നത്. വളരെ മൃദുവായ തരത്തിലുള്ള മുളകാണിത്. പഴുക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ വിളവെടുക്കുന്നതാണ് നല്ലത്. 6 മാസമാണ് നന്നായി വളര്‍ച്ചയെത്തി വിളവെടുപ്പിനുള്ള കാലാവധി. 0.13 ഹെക്ടറില്‍ 1500 മുതല്‍ 1600 വരെ മുളകിന്റെ തൈകള്‍ നടാറുണ്ടെന്ന് ആസ്സാമിലെ കൃഷിക്കാര്‍ പറയുന്നു. മൂന്ന് കിലോഗ്രാം മുളക് ഓരോ വിളവെടുപ്പിലും ഒരു മുളക് ചെടിയില്‍ നിന്നും ലഭിക്കും.

ഗുവാഹതിയിലെ കമ്പോളത്തില്‍ ഒരു ദിവസം ശരാശരി 50 മുതല്‍ 100 കിഗ്രാം വരെ ഭൂത് ജൊലോക്കിയ വിറ്റഴിയുന്നുണ്ട്. മാര്‍ച്ച്-ജൂലായ് കാലയളവില്‍ 150 മുതല്‍ 300 വരെയാകും ഒരു കി.ഗ്രാം മുളകിന്റെ വില. സുലഭമായി ലഭിക്കുന്ന കാലയളവില്‍ കി.ഗ്രാമിന് 600 രൂപ കൊടുത്ത് വാങ്ങ് ഉണക്കി സൂക്ഷിക്കുന്ന ഇവര്‍ മുളക് ലഭ്യമല്ലാത്ത സീസണില്‍ 800 രൂപയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നു.

കര്‍ഷകര്‍ വന്‍തോതില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ ക്രോസ് പോളിനേഷന്‍ നടത്താന്‍ തുടങ്ങി. അങ്ങനെ മുളകിന്റെ എരിവ് കുറഞ്ഞു.

ഭക്ഷണത്തില്‍ എരിവ് പകരാനായി പച്ചയ്ക്കും ഉണക്കിയ രൂപത്തിലും ഭൂത് ജൊലോക്കിയ ഉപയോഗിക്കുന്നു. സാധാരണയായി പോര്‍ക്ക് പോലുള്ള ഇറച്ചികളിലും ഉണക്കിയ മത്സ്യങ്ങളിലും എരിവിനായി ഇത് ചേര്‍ക്കാറുണ്ട്.  

2009 ല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞര്‍ സ്വരക്ഷയ്ക്കായി ഉപയോഗിക്കുന്ന പെപ്പര്‍ സ്പ്രേ പോലെ ഹാന്‍ഡ് ഗ്രനേഡായി ഭൂത് ജലോക്കിയ ഉപയോഗിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു.

നാഗാലാന്റിലെ ആളുകള്‍ കിങ്ങ് ചില്ലി അല്ലെങ്കില്‍ രാജാ മിര്‍ചി എന്നാണ് ഈ മുളകിനെ വിളിക്കുന്നത്. ക്ഷണത്തില്‍ ഈ മുളകിന് അതിപ്രധാനമായ ഒരു സ്ഥാനം അവര്‍ നല്‍കിയിരുന്നു.

അസമിലെ ആളുകളാണ് ഭൂത് ജൊലോക്കിയ എന്ന പേരില്‍ ഈ എരിവ് രാജാവിനെ ലോകപ്രശസ്തമാക്കിയത്.

രൂപത്തിലും വലുപ്പത്തിലും എരിവിന്റെ കാഠിന്യത്തിലും വ്യത്യസ്തയുള്ള പലയിനം മുളകുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാണപ്പെടുന്നുണ്ട്. എന്നിരുന്നാലും ഭൂത് ജൊലോക്കിയക്കുള്ള സ്ഥാനം മറ്റൊരു മുളകിനും ഇവര്‍ നല്‍കിയിട്ടില്ല. കൃഷി ചെയ്യുന്ന മണ്ണിന്റെ വ്യത്യാസമനുസരിച്ച് മുളകിന്റെ രുചിയും എരിവും മാറും.

ഇതിന്റെ അസാധാരണമായ എരിവ് കാരണം ഒരു കുടുംബത്തിന് മുഴുവനുമുള്ള ഉച്ചഭക്ഷണത്തിന് ഒരു മുളക് മാത്രം ഉപയോഗിച്ചാല്‍ മതി. ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ കടുകെണ്ണയും ഉപ്പും ഭൂത് ജോലോക്കിയയും ചേര്‍ത്ത് ഭക്ഷത്തിന് രുചിയുണ്ടാക്കാനായി കൈയില്‍ കരുതാറുണ്ട്. ചില ആളുകള്‍ അച്ചാറിലും പാസ്തയിലും ചില്ലി ഫ്ളേക്ക്സിലും ഇത് ഉപയോഗിക്കുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളിലും ഈ മുളക് ഉപയോഗിക്കുന്നുണ്ട്.

ഈ മുളക് വളര്‍ത്തുന്നത് അത്ര എളുപ്പമല്ല. രണ്ടു സീസണില്‍ വിളവെടുപ്പ് നടത്താവുന്നതാണ്. മെയ് മാസത്തില്‍ ആരംഭിച്ച് ആഗസ്റ്റ് അവസാനവാരത്തില്‍ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യവാരത്തില്‍ വിളവെടുപ്പ് അവസാനിക്കും. രണ്ടാമത്തെ വിളവെടുപ്പുകാലം സെപ്റ്റംബറില്‍ ആരംഭിച്ച് ജനുവരി വരെ നീണ്ടുനില്‍ക്കും. നാഗാലാന്റിന്റെയും മണിപ്പൂരിന്റെയും മലനിരകളിലാണ് ഈ സമയത്ത് വിളവെടുപ്പ് നടക്കുന്നത്.

കൈകൊണ്ടാണ് മുളക് പറിച്ചെടുക്കുന്നത്. പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ പറിച്ചെടുത്ത ഉടനെ ഉണക്കുകയാണ് ചെയ്യുന്നത്. രണ്ടു രീതിയില്‍ ഉമക്കിയെടുക്കുന്നു. നെയ്തെടുത്ത ഒരു പാത്രത്തിലിട്ട് പുകയില്‍ ഉണക്കിയെടുക്കുകയാണ് സാധാരണയായി ചെയ്യുന്ന രീതി. ഒരു ഓവനില്‍ 24 മുതല്‍ 30 മണിക്കൂര്‍ സ്ഥിരമായ ഊഷ്മാവില്‍ വെച്ച് ഉണക്കിയെടുക്കുന്നു.

ഈ മുളകിന് ആവശ്യക്കാര്‍ വര്‍ധിച്ചതുകാരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യാനും കൃഷി ചെയ്യാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മെക്സിക്കോ പോലുള്ള രാജ്യങ്ങളില്‍ കൃഷി ചെയ്യാനുള്ള പദ്ധതിയുമുണ്ട്. ഇപ്പോള്‍ കിലോഗ്രാമിന് ശരാശരി 1,800 രൂപയാണ് കയറ്റുമതി വില.