Asianet News MalayalamAsianet News Malayalam

പൊടുന്നനെ, ഇറ്റാലിയന്‍ തെരുവുകളില്‍ ആളൊഴിഞ്ഞു; ആഘോഷങ്ങള്‍ മറന്ന് മനുഷ്യര്‍ വീട്ടിലായി...

ഭയം നിറഞ്ഞ  നാളുകളില്‍ ഇറ്റലിയില്‍ ഒരു മലയാളി നഴ്‌സ്...കൊറോണക്കാലം. സൗമ്യ ഡിജോ എഴുതുന്നു

corona days by italy nurses experiences Soumya Dijo
Author
Italy, First Published Nov 30, 2020, 3:35 PM IST

കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

corona days by italy nurses experiences Soumya Dijo

 

വുഹാന്‍. എന്റെ മനസ്സിനെ ഒരുപാട് ഭയപ്പെടുത്തിയ പേര്. ആളനക്കങ്ങളില്ലാത്ത, വിജനമായ, ഒരു നിശ്വാസം പോലും പേടിപ്പെടുത്തുന്ന ഭയാനകമായ നഗരം. തിരക്കുപിടിച്ച ഒരു നഗരത്തിനു ഇങ്ങനെ ഒക്കെ ഒരു ഭാവമാറ്റം ഉണ്ടാകുമോ എന്ന് അത്ഭുതപ്പെട്ട നാളുകള്‍! 

 

ഫെബ്രുവരി  21. എന്നത്തേയും പോലെ ഒരു സാധാരണ ദിവസം. ഈവനിംഗ് ഡ്യൂട്ടി ആയിരുന്നു. അപ്രതീക്ഷിതമായി വാര്‍ത്ത കേള്‍ക്കുന്നു. കൊറോണ വൈറസ് മൂലം ഇറ്റലിയില്‍ ആദ്യ മരണം. ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല, ഒരു മരണമല്ലേ, സ്വാഭാവികം. തന്നെയുമല്ല താമസിക്കുന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 കിലോമീറ്റര്‍ വ്യത്യാസവും. 

രാത്രി ജോലികഴിഞ്ഞു വീട്ടില്‍ വന്നു. എഴുന്നേറ്റപ്പോള്‍ പതിവുപോലെ വാട്ട്‌സാപ്പ് തുറന്നു. ഇറ്റലിയില്‍ കൊറോണോ ബാധിതരുടെ എണ്ണം നാലായി. സ്ഥലം ഏതെന്നു നോക്കിയപ്പോള്‍, 40 കിലോമീറ്ററുകള്‍ക്കപ്പുറം എത്തിയിരിക്കുന്നു ആ ഭീകരന്‍. അന്നേരം ഇത്തിരി ആശങ്ക വരാന്‍ തുടങ്ങി. 

അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. വാര്‍ത്താ ചാനലുകള്‍ക്കു മുന്നിാലയിരുന്നു എല്ലാവരും. അതിലെല്ലാം കൊറോണ വൈറസ് വാര്‍ത്ത മാത്രം.  അവിടെ പോസിറ്റീവ്, ഇവിടെ പോസിറ്റീവ്. അതു കഴിഞ്ഞുള്ള രണ്ടു ദിവസം അവധി ആയിരുന്നു. ആ ദിവസങ്ങള്‍ ചുറ്റും ലോകം മാറിമറിയുന്നത് അറിഞ്ഞു. മരണം 40 ആയി. പോസിറ്റീവ് കേസുകള്‍ 159 ആയി. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. മാതാപിതാക്കള്‍ മക്കളെപ്പറ്റി ആശങ്കയിലായി. കാരണം എല്ലാവര്‍ക്കും, ജോലി ഉണ്ട്. ഇറ്റലിയിലെ നിയമം അനുസരിച്ചു പ്രായപൂര്‍ത്തി ആകുന്നതുവരെ കുട്ടികളെ വീടുകളില്‍ തനിച്ചാക്കാന്‍ കഴിയില്ല. പുറത്തറിഞ്ഞാല്‍ ജയില്‍വാസം വരെ കിട്ടാവുന്ന കുറ്റം. 

എന്റെ വീട്ടിലുമുണ്ട് രണ്ട് മക്കള്‍. ചെറിയ കുട്ടി സ്‌കൂളില്‍ പോകാറായിട്ടില്ല. എങ്കിലും, ബേബിസിറ്റര്‍ ഉണ്ടല്ലോ എന്ന ആശ്വാസം പെട്ടെന്ന് വന്നു. ഒരാഴ്ച കഴിയുമ്പോള്‍ എല്ലാം ശരിയാകും എന്നു തന്നെ വിശ്വസിച്ചു. 

എന്നാല്‍ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് മാറി മറിഞ്ഞത്!

കൊറോണോക്കു പുതിയ പേരു വന്നു-കൊവിഡ് 19. പിന്നീടിതുവരെ അവന്റെ സംഹാരതാണ്ഡവം ആയിരുന്നു. സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, ഓഫീസുകള്‍, മാളുകള്‍ എല്ലാം അടച്ചു. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സമയപരിധി വന്നു. പ്രതിസന്ധി ഭയന്ന് ആളുകള്‍ പെട്ടിക്കണക്കിന് സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടി. മൂന്നു നാള്‍ക്കുള്ളില്‍ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും കാലിയായി. അന്ന് ഒരു കെയ്സ് വെള്ളത്തിന് വേണ്ടി മൂന്ന് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്, എനിക്ക്. 
ഭയം മനുഷ്യനെ എങ്ങനെ മാറ്റും എന്നതിന്റെ തെളിവുകളായിരുന്നു മാര്‍ച്ച് 1-മുതല്‍ ഇന്നു വരെയും. 

എല്ലാം അടച്ചിട്ടു. സര്‍വ്വ ഇടങ്ങളും ലോക്ക് ഡൗണ്‍ ആയി. എല്ലാവരും കഴിവതും വീടുകളില്‍ തന്നെ ഇരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. അവിടെയും നമുക്ക് നോ രക്ഷ. കാരണം നഴ്‌സുമാര്‍ ലോകത്തിന്റെ ഏതു കോണില്‍ പോയാലും ജോലി ഒന്നുതന്നെയാണല്ലോ. 

സ്‌കൂള്‍ അവധി പിന്നെയും നീട്ടിക്കൊണ്ടിരുന്നു. കുട്ടികളെ നോക്കുന്നതും ജോലിക്കു പോവുന്നതും പ്രതിസന്ധി സൃഷ്ടിക്കാന്‍ തുടങ്ങി. എന്നിട്ടും അടങ്ങിയില്ല കൊവിഡ് എന്ന ഭീകരന്റെ കലിപ്പ്. സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു. ഞാന്‍ ജീവിക്കുന്ന ലൊംബാര്‍ദിയ നഗരസഭ അടക്കമുള്ള നഗരങ്ങള്‍ റെഡ്‌സോണ്‍ ആയിമാറി. അകത്തേക്കോ പുറത്തേക്കോ പോകാന്‍ കഴിയില്ല.

ആശുപത്രികളുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. ആളുകളെ ഉള്‍ക്കൊള്ളിക്കാനാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥ. ദൈവത്തിന്റെ മാലാഖമാര്‍ 24 മണിക്കൂറും കടന്നു ഒന്നിരിക്കാന്‍ പോലും സമയം കിട്ടാതെ ജോലിചെയ്യുന്നു. ചികില്‍സിക്കുന്ന ഡോക്‌ടേഴ്‌സും നഴ്‌സുമാരുമൊക്കെ പോസിറ്റീവ് ആവാന്‍ തുടങ്ങി. 

കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് മനസ് മന്ത്രിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ദിവസം ജോലി കഴിഞ്ഞു വന്ന ഭര്‍ത്താവിന് ഒരു ക്ഷീണം. സാധാരണ ഓഫ് കിട്ടിയാല്‍ എന്റെ തല തിന്നുന്നതാണ് രണ്ട് ആമ്പിള്ളേരും കെട്ട്യോനും. ഇതിപ്പോ സോഫയില്‍നിന്നും എണീക്കുന്നതെ ഇല്ല. ഭയങ്കര ക്ഷീണം എന്ന് മാത്രമാണ് മറുപടി. ''ദൈവമേ കുഴപ്പമൊന്നും ഉണ്ടാവല്ലേ, എന്നത്തേയും പോലെ ടിവിക്കു മുന്‍പില്‍ ഇരിക്കാനുള്ള അടവായിരിക്കണേ' എന്ന് മൗനമായി പ്രാര്‍ത്ഥിച്ചു. 

വൈകുന്നേരം ചെറുതായി പനിച്ചു. ഇടനെഞ്ചില്‍ അലാം അടിച്ചു. പിറ്റേദിവസം അവസ്ഥ കുറച്ചു കൂടി വഷളായി. ചുരുക്കി പറഞ്ഞാല്‍ മൂന്ന് ആഴ്ച വീട്ടില്‍ത്തന്നെ ഐസോലേഷനിലായി. ഹോസ്പിറ്റലില്‍ പോകാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടല്ല അതിനുള്ള സാഹചര്യമോ സൗകര്യമോ ഇല്ലാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ അതുപോലെ അവസ്ഥ മോശമാകണം. രണ്ട് കുഞ്ഞു കുട്ടികളും ഡ്യൂട്ടിക്ക് പോകുന്ന ഞാനും ഉള്ള ഈ വീട്ടില്‍ ഐസോലേഷന്‍ എത്രമാത്രം സാധ്യമാണെന്ന് ഊഹിക്കാമല്ലോ. എങ്കിലും കഴിവതും മാസ്‌ക് ഉപയോഗിച്ചും ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ മുറിയില്‍ അടച്ചിട്ടും ഞങ്ങള്‍ മുന്‍പോട്ടു പോയി. 

അപ്പോഴാണ് അടുത്ത പ്രശ്‌നം. കുഞ്ഞുങ്ങള്‍ക്കും പനി!

തോറ്റുപോകുമോ എന്ന് തോന്നിപ്പോയ ദിവസങ്ങള്‍. പനിക്ക് കൂട്ടായി ചുമയും ചെറിയ ശ്വാസതടസ്സവും പുള്ളിയെ വല്ലാതെ തളര്‍ത്തിയിരുന്നു. ഫാമിലി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്റിബയോട്ടിക് ആരംഭിച്ചു.  ജോലി ചെയ്യുന്ന സ്ഥലത്തു അതിലും കഷ്ടമാണ് അവസ്ഥ. മെഡിക്:ല്‍ ലീവ് കുറേ ഉണ്ട്. എടുക്കാനാവില്ല. 'ഞാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ എന്റെ എംഡി നിസ്സഹായ അവസ്ഥയില്‍ എന്നോട് പറഞ്ഞത്, എനിക്ക് വയ്യാതാകുന്നത് വരെ ഡ്യൂട്ടിക്ക് വരാനാണ്. 

ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല.  ഇവിടുത്തെ അവസ്ഥ അതാണ്. എന്നിട്ടും കുഞ്ഞുങ്ങള്‍ക്ക് വയ്യെന്നറിഞ്ഞത് കൊണ്ട് നാലു ദിവസം എനിക്ക് ലീവ് തന്നു ആ പാവം.ഹോസ്പിറ്റലുകളില്‍ കൊവിഡ് രോഗികള്‍ നിറയാന്‍ തുടങ്ങിയതോടെ പുറത്തു ടെന്റ് കെട്ടി. നെഗറ്റീവ് ആകുന്നവരെ ഓള്‍ഡേജ് ഹോമുകളിലും ഹോട്ടലുകളിലേക്കും ഒക്കെ മാറ്റി. പ്രായം നോക്കി ചികില്‍സിക്കേണ്ട അവസ്ഥ. 

ഉറ്റവരെ ഒന്ന് കാണാന്‍ പോലും കഴിയാതെ, വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്ന, പോസിറ്റീവ് ആണെന്ന് നൂറുശതമാനം ഉറപ്പുണ്ടായിട്ടും ടെസ്റ്റ് ചെയ്തു നോക്കാന്‍ പോലും സാഹചര്യം ഇല്ലാത്ത ആയിരങ്ങള്‍ ഉണ്ടിവിടെ. ആകെ ഒരു പ്രാര്‍ത്ഥന മാത്രം-അവസ്ഥ മോശമാവരു.േ..

ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുന്നവരാണ് ഇവിടുള്ളവര്‍. ആളും ബഹളവുമായി നിറഞ്ഞു നിന്ന തെരുവുകളും, കുട്ടികള്‍ ആര്‍പ്പുവിളികളോടെ ഒത്തു കൂടിയിരുന്ന പാര്‍ക്കുകളും, ജനനിബിഡമായിരുന്ന മാളുകളുംഒച്ചയനക്കങ്ങളില്ലാതെ കിടക്കുന്നു. പരസ്പരം കണ്ടാല്‍ ചിരിക്കാന്‍ തന്നെ ഭയമാണ് ആളുകള്‍ക്ക്.  എല്ലാ വീടുകളിലും ഉണ്ട് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍. ഹോസ്പിറ്റലുകളില്‍ അവസാനശ്വാസം എടുക്കുന്നതിനു മുന്‍പ് വേണ്ടപ്പെട്ടവരെ വീഡിയോകളിലുടെ കണ്ടു ജീവിതം അവസാനിപ്പിക്കുന്നവര്‍. ആഘോഷമായി നടക്കേണ്ട മരണാനന്തര ചടങ്ങുകള്‍ ഒന്നോ രണ്ടോ ആളുകളുടെ സാന്നിധ്യത്തില്‍ ഒതുക്കി, ഒരു തരി ചാരം പോലും അവശേഷിപ്പിക്കാതെ കത്തിച്ചുകളയേണ്ടി വരുന്ന അവസ്ഥ.

...................

 

ഏകദേശം 5 മാസങ്ങള്‍ക്ക് മുമ്പ് എഴുതിത്തുടങ്ങിയതാണ് ഈ കുറിപ്പ്. അന്ന് ഇതെഴുതുമ്പോള്‍ നാളെ എന്താകുമെന്ന് ഒരു പിടിയുമില്ലായിരുന്നു. എന്നാല്‍ ഇന്ന് രോഗത്തില്‍ നിന്നും പൂര്‍ണമായി ഇറ്റലി മുക്തിനേടി. എങ്കിലും,ചുറ്റുപാടുമുള്ള കാര്യങ്ങള്‍ക്കു വലിയ മാറ്റം ഒന്നും തന്നെ വന്നിട്ടില്ല എന്ന് വളരെ വിഷമത്തോടെ പറയട്ടെ. പൊയ്‌ക്കോ  പൊയ്‌ക്കോ എന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും കൂട്ടാക്കാതെ അതിഥിയായി എത്തിയവന്‍ രണ്ടാംഘട്ട  നാശം വിതച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍.

അതെ വീണ്ടും ഞങ്ങള്‍ ചുവന്ന വരയ്ക്കുള്ളിലാണ്. ഓരോദിവസവും രോഗബാധിതരുടെ എണ്ണം കൂടി വരുന്നു. ആകെ ഒരു ആശ്വാസമുള്ളത് ഞങ്ങള്‍ താമസിക്കുന്ന ഏരിയയില്‍ അത്രയും പ്രശ്‌നം ഇല്ലാ എന്നുള്ളതാണ്. കഴിഞ്ഞതവണ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് ഇവിടെ ആയിരുന്നു. മരണം ഏറ്റവും കൂടുതല്‍ പേരെ കവര്‍ന്നെടുത്ത  സ്ഥലവും  ഇതായിരുന്നു. 

എന്തായാലും കാത്തിരിക്കാം, മുഖം മറക്കാതെ, പേടിയില്ലാതെ സംസാരിക്കാനും ഒത്തുചേരാനും കഴിയുന്ന ഒരു നാളെക്കായി...
 

Latest Videos
Follow Us:
Download App:
  • android
  • ios