Asianet News MalayalamAsianet News Malayalam

World water day : വരൾച്ച കാരണം കർഷകർ ആത്മഹത്യ ചെയ്‍ത നാടിനെ ജലസംരക്ഷണത്തിലൂടെ കരകയറ്റിയ യുവാവ്

അതിനുശേഷം ഗുൻവന്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതുവരെ, 26 ഗ്രാമങ്ങളിലായി 165 കോടി ലിറ്റർ വെള്ളം സംരക്ഷിക്കാൻ സഹായിച്ചതായി അദ്ദേഹം പറയുന്നു.

effort of this man made these villages drought free
Author
Maharashtra, First Published Mar 22, 2022, 2:23 PM IST

മഹാരാഷ്ട്രയിലെ ചാലിസ്ഗാവ് താലൂക്ക്(Maharashtra’s Chalisgaon taluk), സംസ്ഥാനത്തെ നിരവധി വരൾച്ചബാധിത പ്രദേശങ്ങളിൽ ഒന്നായിരുന്നു. ആയിരക്കണക്കിന് കർഷകരുടെ മുന്നോട്ടുള്ള ജീവിതം തന്നെ ഭീഷണിയിലാകും വിധത്തിലാണ് ഇവിടെ വരൾച്ച. സോയ, പയർവർ​ഗങ്ങൾ, ചോളം, പരുത്തി, നിലക്കടല തുടങ്ങിയ പരമ്പരാഗത വിളകൾ കൃഷി ചെയ്താണ് കർഷകർ ജീവിതം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. അതിനെല്ലാം ഈ വരൾച്ച നാശം വിതച്ചു. ഈ അവസ്ഥ പലപ്പോഴും കർഷക ആത്മഹത്യകളിലാണ് ചെന്നെത്തിച്ചത്. ജലം എത്രത്തോളം മനുഷ്യർക്ക് അത്യന്താപേക്ഷിതമാണ് എന്നത് ഈ ​ഗ്രാമത്തിലെ ജീവിതം നോക്കിയാൽ മനസിലാവും. എന്നാൽ, ഇന്ന് ഈ ​ഗ്രാമത്തിൽ പ്രതീക്ഷകളുണ്ട്. വെള്ളവുമുണ്ട്.  

താലൂക്കിലെ കൽമഡു ഗ്രാമത്തിൽ കംപ്യൂട്ടർ എഞ്ചിനീയറായ ഗുൻവന്ത് സോനവാനെ(Gunvant Sonawane) കർഷകർക്ക് അനുകൂലമായി ചിലതെല്ലാം ചെയ്യാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പൂനെ ആസ്ഥാനമായുള്ള ഈ ഐടി പ്രൊഫഷണൽ 26 ഗ്രാമങ്ങളെ കോടിക്കണക്കിന് ലിറ്റർ വെള്ളം ലാഭിക്കാൻ സഹായിച്ചു, ഇത് 50,000 കർഷകർക്ക് പ്രയോജനം ചെയ്തു.

2012 -ൽ, പൂനെ ആസ്ഥാനമായുള്ള സേവ സഹ്യോഗ് എന്ന എൻജിഒയിൽ ​ഗുൻവന്ത് പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനത്തോടുള്ള ആദരവായി 2017 -ൽ ന്യൂയോർക്കിൽ വെച്ച് ADP പ്രസിഡന്റ് ഗ്ലോബൽ CSR അവാർഡ് ഗുൻവന്തിന് ലഭിച്ചു. സമ്മാനത്തുകയായി $10,000(ഏകദേശം ഏഴ് ലക്ഷത്തിന് മുകളിൽ) അദ്ദേഹത്തിന് ലഭിച്ചു. തന്റെ ​ഗ്രാമത്തിലും സമീപത്തെ ഇന്ദാപൂർ ഗ്രാമത്തിലും വാട്ടർ ഫിൽട്ടർ പ്ലാന്റുകൾ സ്ഥാപിക്കാൻ ആ അവാർഡ് തുക ചെലവഴിക്കാൻ ഗുൻവന്ത് തീരുമാനിച്ചു. “എന്റെ ഗ്രാമത്തിലെ ജലത്തിന്റെ ഗുണനിലവാരം മോശമായിരുന്നു, ഗ്രാമവാസികൾ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ എല്ലാ ദിവസവും പാടുപെടും. അയൽഗ്രാമവും സമാനമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതിനാൽ, വാട്ടർ ഫിൽട്ടറേഷൻ പ്ലാന്റുകൾ ഉപയോഗിച്ച് ​ഗ്രാമവാസികളെ സഹായിക്കാൻ ഞാൻ തീരുമാനിച്ചു” അദ്ദേഹം പറയുന്നു.

37 -കാരനായ അദ്ദേഹം ​ഗ്രാമത്തിലെ കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളും വളരെ മോശം അവസ്ഥയിലാണ് എന്ന് മനസിലാക്കി. പല കുട്ടികളും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോവുകയാണ്. അന്വേഷണത്തിൽ, പ്രശ്നത്തിന് പിന്നിലെ കാരണം ഗുൻവന്തിന് മനസ്സിലായി, മാതാപിതാക്കൾ ജോലി തേടി ഗ്രാമങ്ങളിൽ നിന്ന് കുടിയേറുകയാണ്. “ജലദൗർലഭ്യം കർഷകരെ അവരുടെ ഗ്രാമങ്ങൾക്ക് പുറത്ത് ജോലി ചെയ്യാൻ പ്രേരിപ്പിച്ചു. മോശമായ സാമ്പത്തിക സാഹചര്യങ്ങൾ കുട്ടികളെ കൊഴിഞ്ഞുപോക്കിനും പ്രേരിപ്പിച്ചു” അദ്ദേഹം പറയുന്നു.

കുട്ടികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കുന്നതിനും ഗ്രാമങ്ങളുടെ മൊത്തത്തിലുള്ള സമഗ്രവികസനത്തിനും ശക്തമായ ജലവിതരണം അനിവാര്യമാണെന്ന് ഗുൻവന്ത് മനസ്സിലാക്കി. 2017 -ൽ, കടുത്ത ജലക്ഷാമം ബാധിച്ച ഒരു രാജ്മനെ ഗ്രാമം അദ്ദേഹം കണ്ടു. ബ്രിട്ടീഷുകാരുടെ കാലത്തെ ഒരു കുളമുണ്ടായിരുന്നു അവിടെ. അതിൽ ചെളി അടിഞ്ഞുകൂടി, അത് ഉപയോ​ഗശൂന്യമായിരിക്കയായിരുന്നു. അങ്ങനെ, ജലസാക്ഷരതാ പരിപാടികളിലൂടെ ​ഗ്രാമീണർക്കിടയിൽ അവബോധം സൃഷ്ടിക്കുകയും ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകാൻ ഗ്രാമീണരോട് അഭ്യർത്ഥിക്കുകയും ചെയ്തു” അദ്ദേഹം പറയുന്നു.

കിടങ്ങുകളും കനാലുകളും ബണ്ടുകളും നിർമ്മിക്കുന്നതിനും തടാകത്തിലെ ചെളി നീക്കം ചെയ്യുന്നതിനും കോൺക്രീറ്റ് ബാരേജുകൾ സ്ഥാപിക്കുന്നതിനും സകാൽ ഫൗണ്ടേഷനിൽ നിന്ന് പണം കണ്ടെത്താനും ഗുൻവന്തിന് കഴിഞ്ഞു. ജീർണിച്ച ചെക്ക് ഡാമുകളുടെയും മറ്റും അറ്റകുറ്റപ്പണികളും ഗ്രാമവാസികൾ നടത്തി. മൊത്തത്തിലുള്ള ശ്രമങ്ങൾ വൃഷ്ടിപ്രദേശങ്ങളിലൂടെ മഴവെള്ളം തടഞ്ഞുനിർത്താനും കുളങ്ങളിലേക്ക് അവ നിറയാനും ഭൂഗർഭജലം നിറയ്ക്കാനും സഹായിച്ചതായി അദ്ദേഹം പറയുന്നു. 

2018 ആയപ്പോഴേക്കും ഗ്രാമീണരുടെ സംഭാവനയിലൂടെ 15 കോടി ലിറ്റർ ജലം സംരക്ഷിക്കാൻ ആയി, ഗുൻവന്ത് പറയുന്നു. വിജയത്തിൽ നിന്ന് ആത്മവിശ്വാസം നേടിയ അദ്ദേഹം അതേ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ആബോൺ തണ്ട ഗ്രാമത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. “രണ്ട് വർഷം കൊണ്ട് ഞങ്ങൾ മൂന്ന് തടാകങ്ങൾ പുനരുജ്ജീവിപ്പിക്കുകയും ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ നാല് കുളങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഗ്രാമവാസികൾക്ക് ഇത് പ്രയോജനപ്പെടാൻ തുടങ്ങി. വാർത്ത പരന്നു. കർഷകരുടെ വരുമാനം മൂന്നിരട്ടിയായി വർദ്ധിച്ചു” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

അതിനുശേഷം ഗുൻവന്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതുവരെ, 26 ഗ്രാമങ്ങളിലായി 165 കോടി ലിറ്റർ വെള്ളം സംരക്ഷിക്കാൻ സഹായിച്ചതായി അദ്ദേഹം പറയുന്നു. “ജലശേഖരണം അളക്കുന്നത് ജലത്തെ തടഞ്ഞുനിർത്തുന്ന ബോഡികളുടെ നീളവും വീതിയും അവയിൽ അടങ്ങിയിരിക്കാവുന്ന അളവും പരിഗണിച്ചാണ്” അദ്ദേഹം വിശദീകരിക്കുന്നു. 

2012 -നും 2018 -നും ഇടയിൽ തന്റെ ഗ്രാമത്തെ കടുത്ത ജലക്ഷാമം ബാധിച്ചതായി ആബോൺ തണ്ടയിൽ നിന്നുള്ള രാഹുൽ റാത്തോഡ് പറയുന്നു. “വർഷത്തിൽ നാല് മാസം മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന കർഷകരെയെല്ലാം ഈ വരൾച്ച ബാധിച്ചു. മഴക്കാലത്തിനുശേഷം വെള്ളം കുറഞ്ഞതിനാൽ കർഷകർക്ക് മറ്റ് വിളകൾ കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയായി. നേരത്തെ, കുടിവെള്ളത്തിനും ഗാർഹിക ജല ആവശ്യങ്ങൾക്കും ഗ്രാമവാസികൾ ദിവസത്തിൽ രണ്ടുതവണ വാട്ടർ ടാങ്കറുകൾ എത്തിച്ചിരുന്നു. ഇവരിൽ പലരും കരിമ്പ് തൊഴിലാളികളായി പുറത്തേക്ക് കുടിയേറിപ്പാർക്കും. എന്നാൽ, ഇപ്പോൾ അതെല്ലാം മാറി” അദ്ദേഹം പറയുന്നു.

തന്റെ ഗ്രാമം ഇന്ന് വരൾച്ചരഹിതമാണെന്ന് അദ്ദേഹം പറയുന്നു. “ഞങ്ങൾക്ക് ജലം കിട്ടുന്നുണ്ട്. കൂടാതെ കിണറുകൾ വർഷം മുഴുവനും നിറഞ്ഞിരിക്കും. ഒരു വർഷത്തിൽ മൂന്ന് വിളകൾ വിളയിച്ച് ഒരു കർഷകന് ഇന്ന് ഏക്കറിന് 70,000 രൂപ വരെ വരുമാനമുണ്ട്. നേരത്തെ പരുത്തി, നിലക്കടല, പയർ എന്നിവ മാത്രമാണ് ഇവർ കൃഷി ചെയ്തിരുന്നത്. എന്നാൽ ഈ വർഷം മുതൽ ജലലഭ്യത അവരെ സീസണൽ പച്ചക്കറി കൃഷി ചെയ്യാൻ പ്രാപ്തമാക്കി. എന്റെ ഗ്രാമത്തിൽ വെണ്ടയും മുളകും വളരുന്നത് ഞാൻ കണ്ടിട്ടില്ല. എന്നാൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ അത് സാധ്യമാക്കി” രാഹുൽ പറയുന്നു.

വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി‌എസ്‌ആർ) ഫണ്ട് ഉപയോഗിച്ചാണ് ഗുൻവന്ത് എല്ലാ ജലസംരക്ഷണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയത്. താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം പറയുന്നു, “ആദ്യം ആളുകൾ എന്നിൽ വിശ്വാസം അർപ്പിച്ചിരുന്നില്ല. ഒരു വ്യക്തി 350 കിലോമീറ്റർ സഞ്ചരിച്ച് ജലവിതരണം ഉറപ്പാക്കാൻ സഹായിക്കുന്നത് എന്തുകൊണ്ടാണെന്ന് അവർ സംശയിച്ചു. ഗ്രാമവാസികളെ കാര്യം ബോധ്യപ്പെടുത്താൻ ആഴ്ചകളെടുത്തു. ഒരു പൊതു ആവശ്യത്തിനായി വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മറക്കാൻ അവരോട് ആവശ്യപ്പെടുന്നതും ഒരു ജോലിയായിരുന്നു. സിഎസ്ആർ ഫണ്ട് നേടുന്നതും ബുദ്ധിമുട്ടുള്ള ജോലി തന്നെ ആയിരുന്നു.“

സംസ്ഥാനത്തെ മറ്റ് ഗ്രാമങ്ങൾക്കിടയിൽ ജലസാക്ഷരത വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ​ഗുൻവന്ത് ഇപ്പോൾ ലക്ഷ്യമിടുന്നത്. “ജല സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അത് ഫലപ്രദമായി നടപ്പിലാക്കുന്നതിനും എല്ലാ ഗ്രാമങ്ങളിലും ജല സാക്ഷരതാ കേന്ദ്രങ്ങൾ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഗ്രാമങ്ങളിൽ ഭൂഗർഭജല സ്രോതസ്സുകളുടെ മാപ്പിംഗ് ഉണ്ടായിരിക്കണം. ഗ്രാമീണ വിദ്യാലയങ്ങളും വിഷയം ഉൾപ്പെടുത്തണം. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിന് കൂടുതൽ ശാസ്ത്രീയവും സാങ്കേതികവുമായ സമീപനം രൂപപ്പെടുത്താൻ ഇത്തരം നടപടികൾ സഹായിക്കും” അദ്ദേഹം പറയുന്നു.

ഏതായാലും ഈ ജലദിനത്തിൽ ​ഗുൻവന്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്. 

(വിവരങ്ങൾക്ക് കടപ്പാട് : ദ ബെറ്റർ ഇന്ത്യ)

Latest Videos
Follow Us:
Download App:
  • android
  • ios