Asianet News MalayalamAsianet News Malayalam

ഈ എഞ്ചിനീയർ നിർമ്മിച്ചത് 20 കുട്ടിവനങ്ങൾ, പ്രകൃതിദുരന്തങ്ങളെ ചെറുക്കാനൊരു പോരാട്ടം

പിന്നീട് നൂറോളം സന്നദ്ധപ്രവർത്തകരുമായി ചേർന്ന് അദ്ദേഹം അഞ്ഞൂറോളം ഇനം മരങ്ങൾ ജില്ലയിൽ അങ്ങോളമിങ്ങോളം വിവിധ ​ഗ്രാമങ്ങളിലായി നട്ടുപിടിപ്പിച്ചു.

engineer creates 20 rural forests
Author
Odisha, First Published Mar 4, 2021, 10:37 AM IST

അംരേഷ് സാമന്ത് ഒഡീഷയിലെ ജഗത്സിങ്പൂരിലെ പാരദീപ് പോർട്ട് ട്രസ്റ്റിൽ എലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. എന്നാൽ, എല്ലാ ഒഴിവുദിവസങ്ങളിലും ചുറ്റുമുള്ള പ്രദേശത്ത് ചെടികൾ നട്ടുവളർത്തുന്നതിൽ തൽപരനായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ബിസ്വാലി ഗ്രാമത്തിലാണ് അംരേഷ് ജനിച്ചതും വളർന്നതും. അതിനാൽ തന്നെ ചുഴലിക്കാറ്റ് പോലെയുള്ള പ്രകൃതിദുരന്തങ്ങൾ എപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരിസ്ഥിതിക്ക് സംഭവിക്കുന്ന നാശങ്ങൾ കണ്ട് അദ്ദേഹത്തിന് പലപ്പോഴും വേദന തോന്നി. അങ്ങനെയാണ് വഷളായിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ 'ബാബ ബലുങ്കേശ്വർ ഗ്രാമ ബികാഷ് പരിസദ' എന്ന ഒരു എൻ‌ജി‌ഒ അദ്ദേഹം രൂപീകരിക്കുന്നത്.

ഒഡീഷയിൽ വർഷത്തിൽ രണ്ട് തവണയെങ്കിലും ചുഴലിക്കാറ്റ് അടിക്കാറുണ്ട്. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം എത്രയോ പേർക്ക് ജീവൻ നഷ്ടമായിട്ടുമുണ്ട്. അതെല്ലാം തന്നെ നാം വാർത്തകളിലൂടെയും മറ്റും കാണുന്നതാണല്ലോ. അതുപോലെ തന്നെ അവിടെ ഉൾഗ്രാമങ്ങളിൽ മരം മുറിക്കുന്നതും സജീവമായിരുന്നു. അങ്ങനെ പ്രകൃതിക്ക് വന്നുചേരുന്ന ദുരവസ്ഥ കണ്ടപ്പോഴാണ് അംരേഷ് തന്നെ കൊണ്ട് കഴിയുന്നത് എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുന്നത്. അങ്ങനെ അദ്ദേഹം ചെടികൾ നടാൻ തീരുമാനമെടുത്തു.

അങ്ങനെ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലായി 20 കുട്ടിവനങ്ങൾ അംരേഷുണ്ടാക്കി. എന്തുകൊണ്ടാണ് അംരേഷ് ഇത് ചെയ്യുന്നത് എന്ന് ആദ്യമൊക്കെ നാട്ടുകാർ ചിന്തിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിൻറെ ആ പ്രവൃത്തിയുടെ പിന്നിലെ കാരണങ്ങൾ അറിഞ്ഞപ്പോൾ നാട്ടുകാരും അദ്ദേഹത്തോടൊപ്പം ചെടികൾ നടാൻ കൂടി. ഇന്നും ഇന്നലെയും ഒന്നുമല്ല, അദ്ദേഹം പുഴകളുടെയും തടാകത്തിൻറെയും തീരത്ത് ചെടികൾ നട്ടുതുടങ്ങിയത് 1995 -ലാണ്. അതുപോലെ പൊതുവിടങ്ങളിലും പാതയോരങ്ങളിലും വരിവരിയായി മരങ്ങൾ നട്ടുപിടിപ്പിച്ചു. പക്ഷേ, പലപ്പോഴും ചുഴലിക്കാറ്റ് അവയെ നശിപ്പിച്ചു.

അങ്ങനെയാണ് 2015 -ൽ റൂറൽ ഫോറസ്റ്റ് എന്ന ആശയം ഉൾക്കൊണ്ട് കൊണ്ട് അംരേഷ് ചെടികൾ നട്ടുപിടിപ്പിക്കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങളിലും മറ്റും ചെറിയ ചെറിയ വനങ്ങളുണ്ടാക്കുക എന്ന രീതിയായിരുന്നു ഇത്. എന്നാൽ, ഗ്രാമത്തിലെ പലരും അംരേഷിന്റെ പ്രവർത്തനങ്ങളെ എതിർത്തു. മരം നടാനായി സ്വന്തം ഭൂമി നൽകാൻ പലരും തയ്യാറായില്ല. അതിന്റെ ആവശ്യമില്ല എന്നാണ് കാരണമായി പറഞ്ഞത്. എങ്കിലും അവിടെ വച്ച് പ്രവർത്തനങ്ങൾ നിർത്തിപ്പോകാൻ അംരേഷിന് തോന്നിയില്ല. അങ്ങനെ, എന്തുകൊണ്ടാണ് ഇങ്ങനെ മരം നടുന്നതെന്നും അതിന്റെ പ്രാധാന്യം എത്രത്തോളമുണ്ട് എന്നുമൊക്കെ അംരേഷ് പ്രത്യേകം ബോധവൽക്കരണം തന്നെ ജനങ്ങളുടെ ഇടയിൽ നടത്തി.

engineer creates 20 rural forests

പിന്നീട് നൂറോളം സന്നദ്ധപ്രവർത്തകരുമായി ചേർന്ന് അദ്ദേഹം അഞ്ഞൂറോളം ഇനം മരങ്ങൾ ജില്ലയിൽ അങ്ങോളമിങ്ങോളം വിവിധ ​ഗ്രാമങ്ങളിലായി നട്ടുപിടിപ്പിച്ചു. അംരേഷും അദ്ദേഹത്തെ പോലെ ചിന്തിക്കുന്ന മറ്റുള്ളവരും ചേർന്ന് ഇരുപതോളം ഗ്രാമങ്ങളിലായി ഒരുലക്ഷത്തോളം മരങ്ങളാണ് ഇങ്ങനെ നട്ടുപിടിപ്പിച്ചത്. അതുപോലെ തന്നെ ആ പ്രദേശത്ത് ഇടിമിന്നലേറ്റ് മരിക്കുന്നവരുടെ എണ്ണവും വളരെ  കൂടുതലായിരുന്നു. അത് തടയുന്നതിനായി എന്ത് ചെയ്യുമെന്ന ചിന്തയാണ് പ്രദേശത്ത് പനകൾ നട്ടുപിടിപ്പിക്കുന്നതിലേക്ക് എത്തിച്ചേർന്നത്. അങ്ങനെ ഉയരം വയ്ക്കുന്ന ഇനം പനകൾ പ്രദേശത്താകെ ഇവർ നട്ടു പിടിപ്പിച്ചു. 

ജനങ്ങൾക്ക് വേണ്ടിയും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും മാത്രമല്ല, ചുറ്റുമുള്ള ജീവജാലങ്ങളെ കുറിച്ചും ഇവർക്ക് പരി​ഗണനയുണ്ട്. അങ്ങനെ, മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനിടയിൽ പക്ഷികൾക്ക് വേണ്ടി കളിമൺ കലങ്ങളും മറ്റും സ്ഥാപിച്ചിട്ടുണ്ട് എന്നും അംരേഷ് പറയുന്നു. എന്നാൽ, തന്റെ പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായ അടിത്തറ ഒന്നും തന്നെയില്ല എന്ന ബോധ്യവും അംരേഷിനുണ്ടായിരുന്നു. അങ്ങനെയാണ് തന്റെ സംരക്ഷണ പ്രക്രിയയിലേക്ക് ശാസ്ത്രീയ അറിവ് എത്തിക്കുന്നതിനായി പരിസ്ഥിതി, സുസ്ഥിര വികസന പഠനങ്ങളിൽ അംരേഷ് ഡിപ്ലോമ നേടുന്നത്. അത്, ആ പ്രവർത്തനങ്ങളിൽ കുറച്ച് കൂടി വ്യക്തതയും ആഴവും ഉൾക്കാഴ്ചയും നൽകി.

അംരേഷിന്റെ പ്രവർത്തനങ്ങൾക്ക് സംസ്ഥാന മുഖ്യമന്ത്രി നവീൻ പട്നായിക്, ഗവർണർ ഗണേഷി ലാൽ എന്നിവരിൽ നിന്നും പ്രശംസയും ലഭിച്ചിട്ടുണ്ട്. ഏതായാലും, വരും കാലങ്ങളിലും തന്റെയും കൂട്ടരുടെയും പ്രവർത്തനങ്ങൾ തുടരാൻ തന്നെയാണ് അംരേഷിന്റെ തീരുമാനം. ഭാവിയിൽ പഴങ്ങൾ കിട്ടുന്ന മരങ്ങൾ നടാനും അവർ പദ്ധതി ഇടുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: ദി ബെറ്റർ ഇന്ത്യ)
 

Follow Us:
Download App:
  • android
  • ios