Asianet News MalayalamAsianet News Malayalam

'ഫ്ലോട്ടിങ് ന്യൂക്ലിയര്‍ റിയാക്ടര്‍': ചെര്‍ണോബില്‍ ദുരന്തത്തില്‍ നിന്നും ഒന്നും പഠിച്ചില്ലേയെന്ന് റഷ്യയോട് പരിസ്ഥിതി പ്രവര്‍ത്തകര്‍...

പക്ഷേ, പരിസ്ഥിതി പ്രവർത്തകർ ഇതിന്‍റെ അപകടങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്, അപകടം മുന്നില്‍ക്കണ്ട് ‘ചെർണോബിൽ ഓൺ ഐസ്’, ‘ന്യൂക്ലിയർ ടൈറ്റാനിക്’ എന്ന പേരിലാണ് അവര്‍ അക്കാദമിക് ലോമോനോസോവിനെ വിളിക്കുന്നത് തന്നെ. 

floating nuclear reactor russia
Author
Russia, First Published Sep 5, 2019, 10:22 AM IST

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമാണ് ചെർണോബിൽ ന്യൂക്ലിയർ ദുരന്തം.  പ്രിപ്യാറ്റ് എന്ന പ്രദേശത്തെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തമായി മാറുകയായിരുന്നു. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അന്ന് അപകടത്തിൽ പെട്ടത്.

എന്നാല്‍, ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ന്യൂക്ലിയർ റിയാക്ടർ, ആർട്ടിക്കിന് കുറുകെ യാത്രയ്ക്ക് അയച്ചിരിക്കുകയാണ് ഇപ്പോള്‍ റഷ്യ. ലോകത്തിലെ തന്നെ ആദ്യത്തെ ഫ്ലോട്ടിങ് ന്യൂക്ലിയര്‍ റിയാക്ടറാണിത്. മേഖലയിലെ ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും റഷ്യ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. 

ന്യൂക്ലിയർ ഇന്ധനം നിറച്ച അക്കാദമിക് ലോമോനോസോവ്, ആർട്ടിക് തുറമുഖമായ മർമാൻസ്കിൽ നിന്ന് 5,000 കിലോമീറ്റർ മാറി വടക്കുകിഴക്കൻ സൈബീരിയയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. ന്യൂക്ലിയർ ഏജൻസിയായ റോസാറ്റോം പറയുന്നത്, ‘സാധാരണ ഒരിടത്ത് പരമ്പരാഗത പ്ലാന്‍റ് നിർമ്മിക്കുന്നതിനുള്ള ലളിതമായ ബദലാണ് ഈ റിയാക്ടർ. അത്തരം റിയാക്ടറുകൾ വിദേശത്ത് വിൽക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നു.’ എന്നാണ്.

പക്ഷേ, പരിസ്ഥിതി പ്രവർത്തകർ ഇതിന്‍റെ അപകടങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്, അപകടം മുന്നില്‍ക്കണ്ട് ‘ചെർണോബിൽ ഓൺ ഐസ്’, ‘ന്യൂക്ലിയർ ടൈറ്റാനിക്’ എന്ന പേരിലാണ് അവര്‍ അക്കാദമിക് ലോമോനോസോവിനെ വിളിക്കുന്നത് തന്നെ. മാത്രമല്ല, റഷ്യയുടെ വടക്കുഭാഗത്തുള്ള ഒരു സൈനിക പരിശോധനാ സ്ഥലത്ത് ഈ മാസം ഒരു സ്ഫോടനം നടന്നിരുന്നു. ഇത് റേഡിയോ ആക്ടീവ് കുതിപ്പിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്, ഇത് സംബന്ധിച്ചും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്.

144 മീറ്റർ വരുന്ന അക്കാദമിക് ലോമോനോസോവിനായി സെന്റ് പീറ്റേഴ്‌സ്ബർഗില്‍ 2006 മുതൽ റഷ്യ പ്രവർത്തിക്കുന്നുണ്ട്. 1990 മുതൽ ഫ്ലോട്ടിംഗ് റിയാക്ടർ എന്ന ആശയത്തെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘങ്ങള്‍ വിമർശിക്കുന്നുണ്ടെന്ന് ഗ്രീൻപീസ് റഷ്യയുടെ എനര്‍ജി സെക്ടര്‍ മേധാവി റാഷിദ് അലിമോവ് പറയുന്നു. “ഏതൊരു ആണവ നിലയവും റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുകയും അപകടമുണ്ടാക്കുകയും ചെയ്തേക്കാം. പക്ഷേ, അക്കാദമിക് ലോമോനോസോവ് കൊടുങ്കാറ്റിലും അപകടകാരിയാണ്... ഈ ഇന്ധനം ഉൾപ്പെടുന്ന ഏത് അപകടവും ആർട്ടിക് പ്രദേശത്തെ ദുർബലമായ അന്തരീക്ഷത്തെ സാരമായി ബാധിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ അതിനെ മറികടക്കാനാകുന്ന സംവിധാനങ്ങളും അവിടെയില്ല" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

21,000 ടൺ ഭാരമുള്ള കപ്പലാണിത്. 35 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് റിയാക്ടറുകളാണ് ഇതിനുള്ളത്. ഏതായാലും, വെള്ളത്തേയും ഐസിനേയും മലിനമാക്കുന്ന തരത്തിലാണ് നിലവില്‍ ഈ റിയാക്ടര്‍ ഉള്ളത് എന്നതിനാല്‍ത്തന്നെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആശങ്ക പ്രസക്തമാണ്.  

Follow Us:
Download App:
  • android
  • ios