Asianet News MalayalamAsianet News Malayalam

Grande Hotel : പാവപ്പെട്ടവര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍!

അഭയാര്‍ത്ഥികള്‍ കെട്ടിടം ഏറ്റെടുത്തതോടെ ഗ്രാന്‍ഡെ ഹോട്ടല്‍ പെട്ടെന്ന് തകരാന്‍ തുടങ്ങി. പട്ടിണിയിലായവര്‍ ഹോട്ടലില്‍ നിന്ന് വിലപിടിപ്പുള്ളതെല്ലാം എടുത്ത് വിറ്റു.

Grande hotel  a luxury hotel for refugees
Author
Mozambique, First Published May 24, 2022, 3:33 PM IST

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ രണ്ടാമത്തെ വലിയ നഗരവും തുറമുഖ നഗരവുമാണ് ബെയ്റ. 1498ല്‍ വാസ്‌കോ ഡി ഗാമ ആഫ്രിക്കന്‍ മുനമ്പ് ചുറ്റി മൊസാംബിക്കില്‍ കാലു കുത്തിയതോടെ ആ രാജ്യം പോര്‍ച്ചുഗീസ് കോളനിവത്കരണത്തിലേക്ക് പതിയെപ്പതിയെ കൂപ്പുകുത്തി. പിന്നീട് 1975-ലാണ് പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് മൊസാംബിക് സ്വാതന്ത്ര്യം നേടുന്നത്. പോര്‍ച്ചുഗീസ് ഭരണകാലത്ത് 1950-കളുടെ മധ്യത്തില്‍ എസ്റ്റാഡോ നോവോ ഭരണകൂടം ബെയ്റ സന്ദര്‍ശിക്കുന്ന വിഐപി അതിഥികള്‍ക്കായി അത്യാഡംബരപൂര്‍ണമായ ഹോട്ടല്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരത്ത് ബെയ്‌റ നഗരത്തില്‍ 1955-ല്‍ തുറന്ന മനോഹരമായ റിസോര്‍ട്ടായിരുന്നു ഗ്രാന്‍ഡെ. പേരുപോലെ തന്നെയായിരുന്നു ഗ്രാന്‍ഡെ ഹോട്ടല്‍. എല്ലാം ഗ്രാന്റ്..

ലോകത്ത് ലഭ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ അഭിമാനമായി നിലകൊണ്ടു ഗ്രാന്‍ഡെ. 116 മുറികള്‍, കബാനയിലെ ഒളിംപിക് സ്റ്റേഡിയത്തിലെ നീന്തല്‍ ക്കുളത്തിന്റെ വലിപ്പത്തിലുള്ള നീന്തല്‍ക്കുളം, ഒന്നിലധികം എലിവേറ്ററുകള്‍. മുന്‍പ് ആഫ്രിക്ക കണ്ടിട്ടില്ലാത്ത ഒരു ക്ലാസ് ലുക്കായിരുന്നു ഗ്രാന്‍ഡെയ്ക്ക്. ഹോട്ടലിന്റെ വാസ്തുവിദ്യ ബെയ്റയിലേതായിരുന്നില്ല. 1930 -കളിലും 40 -കളിലും പ്രചാരത്തിലായിരുന്ന പോര്‍ച്ചുഗീസ് ആര്‍ട്ട് ഡെക്കോ ഡിസൈനിലായിരുന്നു നിര്‍മ്മാണം.

ഹോട്ടല്‍ ആദ്യം വിഭാവനം ചെയ്തിരുന്നത് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി പോര്‍ച്ചുഗലില്‍ നിന്ന് എത്തുന്ന വിഐപികള്‍ക്കു വേണ്ടിയായിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് ഭരണ കര്‍ത്താക്കള്‍ അപൂര്‍വ്വമായി മാത്രമാണ് ബെയ്റയിലേക്ക് വന്നിരുന്നത്. പോര്‍ച്ചുഗലിന്റെ അതിഥികളായി എത്തുന്ന വിദേശ നയതന്ത്രജ്ഞരോടും വിഐപികളോടും ഗ്രാന്‍ഡെ ഹോട്ടലില്‍ താമസിക്കുന്നതിന് പണവും ഈടാക്കിയിരുന്നില്ല.

 

Grande hotel  a luxury hotel for refugees

 

തുടക്കത്തില്‍ത്തന്നെ ഹോട്ടലിന്റെ വരുമാനത്തില്‍ കാര്യമായ നഷ്ടം സംഭവിച്ചു. ലക്ഷ്യബോധമില്ലാതെ നടത്തിയ അമിത രൂപകല്‍പനയും നിര്‍മാണച്ചെലവ് അംഗീകൃത ബജറ്റിന്റെ ഏകദേശം മൂന്നിരട്ടിയായതും ഹോട്ടലിലെ ദൈനംദിന ജീവനക്കാരുടെ കൂടിയ എണ്ണവുമെല്ലാം പ്രവര്‍ത്തനച്ചെലവ് വല്ലാതെ ഉയര്‍ത്തി.

ആവശ്യത്തിന് അതിഥികളെ കിട്ടാതായതോടെ ഗ്രാന്‍ഡെ ഹോട്ടലിന് പിടിച്ചു നില്‍ക്കാനായില്ല. എട്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ഹോട്ടല്‍ ലാഭത്തിലായില്ല. എന്നാല്‍ നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു. ഇതോടെ 1963 ല്‍ ഹോട്ടല്‍ അടച്ചു പൂട്ടി.

ആഫ്രിക്കയുടെ അഭിമാനമായ, ആഡംബരത്തിന്റെ അവസാന വാക്കായ ഗ്രാന്‍ഡെ ഹോട്ടല്‍ പ്രവര്‍ത്തിച്ചത് വെറും എട്ട് വര്‍ഷം മാത്രം.

പിന്നീടിങ്ങോട്ട് കുറച്ചു കാലം മൊസാംബിക്ക് ഒളിംപിക് നീന്തല്‍ ടീമിന്റെ പരിശീലന കേന്ദ്രമായിരുന്നു ഗ്രാന്‍ഡെ ഹോട്ടലിലെ നീന്തല്‍ക്കുളം. അറുപതുകളുടെ അവസാനത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ സന്ദര്‍ശന വേളയില്‍ അവരുടെ ഔദ്യോഗിക വസതിയായി ഹോട്ടല്‍ താല്‍ക്കാലികമായി തുറന്നു. പിന്നീട് അതിഥികള്‍ക്ക് വേണ്ടി ഹോട്ടല്‍ തുറന്നില്ല.

1975 ജൂണില്‍ മൊസാംബിക്ക് പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം നേടി. ഗ്രാന്‍ഡെ ഹോട്ടല്‍ സര്‍ക്കാരിന്റെ ആസ്ഥാന മന്ദിരമായി. അതേസമയം ഹോട്ടല്‍ ബേസ്‌മെന്റ് ഭരണകൂട ശത്രുക്കളുടെ തടവറയായി മാറി. രണ്ട് വര്‍ഷത്തിനിപ്പുറം 1977 -ല്‍ ആഭ്യന്തരയുദ്ധം മൊസാംബിക്കിനെ കീഴടക്കി.വലിയ താമസമില്ലാതെ രാജ്യം ദുര്‍ബലമായി. ഈ ഘട്ടത്തില്‍ അയല്‍ രാജ്യമായ സിംബാബ്‌വെ മൊസാംബിക്കില്‍ ഇടപെട്ടു. ബെയ്‌റയെ അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ഒരു നിഷ്പക്ഷ മേഖലയായി സിംബാബ്‌വെ പ്രഖ്യാപിക്കുകയും ചെയ്തു. 

 

Grande hotel  a luxury hotel for refugees

 

ഈ സമയത്ത്, 1981-ല്‍ ഗ്രാന്‍ഡെ ഹോട്ടല്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കുടിയൊഴിപ്പിക്കപ്പെട്ട അഭയാര്‍ഥികളുടെ കേന്ദ്രമായി മാറി. ഇന്നും ഗ്രാന്‍ഡെ ഹോട്ടല്‍ അഭയാര്‍ത്ഥി കേന്ദ്രമായി തുടരുകയും ചെയ്യുന്നു.

മൊസാംബിക്കിലെ ലിബറേഷന്‍ ഫ്രണ്ട് ശക്തിപ്രാപിക്കുകയും ആഭ്യന്തരയുദ്ധം രാജ്യത്തുടനീളം വ്യാപിക്കുകയും ചെയ്‌തോടെ ഉടമകള്‍ ഹോട്ടല്‍ ഉപേക്ഷിച്ച് പലായനം ചെയ്തു. 1992-ല്‍ ആഭ്യന്തരയുദ്ധം ലഘൂകരിക്കപ്പെട്ടെങ്കിലും ഹോട്ടല്‍ കെട്ടിടത്തിലെ  അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടേയിരുന്നു. 
അഭയാര്‍ത്ഥികള്‍ കെട്ടിടം ഏറ്റെടുത്തതോടെ ഗ്രാന്‍ഡെ ഹോട്ടല്‍ പെട്ടെന്ന് തകരാന്‍ തുടങ്ങി. പട്ടിണിയിലായവര്‍ ഹോട്ടലില്‍ നിന്ന് വിലപിടിപ്പുള്ളതെല്ലാം എടുത്ത് വിറ്റു.

ജനാലകള്‍, കര്‍ട്ടനുകള്‍, കുളിമുറിയിലെ ടൈലുകള്‍, ബാത്ത് ടബ്ബുകള്‍ എന്നിവയെല്ലാം നീക്കം ചെയ്തു. മാര്‍ബിളുകള്‍ കൊള്ള ചെയ്യപ്പെട്ടു. മര ഉരുപ്പടികള്‍ ഊരിമാറ്റി തീ കത്തിക്കാന്‍ ഉപയോഗിച്ചു.

ആഡംബരത്തിന്റെ അവസാന വാക്കായിരുന്ന ഈ കെട്ടിടത്തിന് ഇപ്പോള്‍ വാതിലുകളോ ജനലുകളോ കുടിവെള്ള സൗകര്യമോ വൈദ്യുതിയോ ഇല്ല, പക്ഷേ പോകാന്‍ മറ്റൊരിടമില്ലാത്തവര്‍ക്ക് ഇത് ഇപ്പോഴും പ്രിയപ്പെട്ട ഇടമായി തുടരുന്നു.

കെട്ടിടത്തിലേക്ക് ആദ്യം കുടിയേറിയവര്‍ സ്വന്തമായി മുറികള്‍ പിടിച്ചെടുത്തു. ചിലര്‍ ഇപ്പോഴും ഹോട്ടലില്‍ ഭൂവുടമകളായി പ്രവര്‍ത്തിക്കുകയും മുറികള്‍ വാടകയ്ക്ക് കൊടുക്കുക വരെ ചെയ്യുന്നുണ്ട്. മുറികള്‍ തലമുറകളായി കുടുംബങ്ങള്‍ കൈമാറി കൈമാറി ഉപയോഗിക്കുന്നു. ചിലര്‍ അവരുടെ  ആയുഷ്‌കാലം മുഴുവന്‍ ഗ്രാന്‍ഡെ ഹോട്ടലില്‍ ജീവിച്ച് മരിക്കുന്നു.

അന്തേവാസികള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹോട്ടലില്‍ ഇപ്പോള്‍ ഒരു ഹെഡ് സെക്രട്ടറിയുണ്ട്. കെട്ടിടത്തിന് സുരക്ഷാ പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വാണിജ്യകേന്ദ്രങ്ങളും പഴവും പച്ചക്കറിയും വില്‍ക്കുന്ന മാര്‍ക്കറ്റുമെല്ലാം ഇപ്പോള്‍ ഗ്രാന്‍ഡെ ഹോട്ടലില്‍ തന്നെയുണ്ട്. ഹോട്ടല്‍ അവരുടെ സ്വന്തം നഗരമായി മാറിയിരിക്കുന്നു. എന്നാലിപ്പോള്‍ കെട്ടിടം അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ്. എന്നാല്‍ ഹോട്ടല്‍ കെട്ടിടം പൊളിച്ചു മാറ്റാനും മൊസാംബിക് സര്‍ക്കാരിന് ആവില്ല. കാരണം കെട്ടിടം നില്‍ക്കുന്ന സ്ഥലം ബെയ്റ നഗരത്തിന്റെ  സ്വന്തമല്ല, അതിനാല്‍ കെട്ടിടം പൊളിക്കണമെന്ന് ഉടമകളെ  നിര്‍ബന്ധിക്കാനാവില്ല. സ്വന്തം നിലയില്‍ കെട്ടിടം നശിപ്പിക്കുന്നതിനുള്ള ചെലവ് ബെയ്‌റ ഭരണകൂടത്തിന്റെ മൊത്തം ബഡ്ജറ്റിനും അപ്പുറമാണ്. രണ്ടാമത്തെ കാരണം കെട്ടിടത്തില്‍ താമസിക്കുന്നവരുടെ പുനരധിവാസമാണ്. അവിടെ താമസിക്കുന്നവര്‍ക്ക് പോകാന്‍ മറ്റൊരു സ്ഥലമില്ലെന്നതും ബെയ്‌റ ഭരണകൂടത്തെ മാറ്റി ചിന്തിപ്പിക്കുന്നതാണ്.

എന്നാല്‍ പതിറ്റാണ്ടുകളായി സംരക്ഷണമില്ലാതെ കിടക്കുന്നത് കൊണ്ട് കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയിലാണ്. ഏകദേശം അയ്യായിരം അഭയാര്‍ത്ഥികളാണ് ഗ്രാന്‍ഡെ ഹോട്ടലില്‍ നിലവില്‍ കഴിയുന്നത്. കെട്ടിടത്തിനുണ്ടാകുന്ന ഏത് തകര്‍ച്ചയും അതിവ വിനാശകരമായേക്കാം. അല്ലാതെ തന്നെ ഒഴിഞ്ഞ ലിഫ്റ്റുകളുടെ ഇടയിലൂടെ കുട്ടികള്‍ വീണ് മരിക്കുന്നതും തുടര്‍ക്കഥയാണ്. നിരവധി അഭയാര്‍ത്ഥികള്‍ സുരക്ഷിതമല്ലാത്ത മേല്‍ക്കൂരയില്‍ നിന്നും വീണു മരിച്ചു. ഇതിനൊക്കെ പുറമെയാണ് പതിറ്റാണ്ടുകളായി കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

എങ്കിലും പോകാന്‍ എവിടെയും ഇടമില്ലാത്തവര്‍ക്ക് ഇപ്പോള്‍ ഗ്രാന്‍ഡെ ഹോട്ടലെന്ന മേല്‍ക്കൂരയെങ്കിലുമുണ്ട്. ഒരു പക്ഷേ ഗ്രാന്‍ഡെ ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തേക്കാള്‍ ഏറെ ഇപ്പോള്‍ ഗ്രാന്‍ഡെയിലെ മുറികള്‍ക്ക് ആവശ്യക്കാരുണ്ട്. 


 

Follow Us:
Download App:
  • android
  • ios