ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലെ ആ ഗ്രാമവാസികള്‍ സന്തോഷത്തിലായിരുന്നു. 2019 ഒക്ടോബറില്‍ ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവര്‍ക്ക് ഒരു ഡോക്ടറെ കിട്ടിയിരിക്കുന്നു. അവരുടെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അവസാനം ഒരു ഡോക്ടര്‍ ചാര്‍ജ്ജെടുത്തിരിക്കുന്നു. ദില്ലിയില്‍ നിന്നുള്ളൊരു വനിതാ ഡോക്ടറായിരുന്നു അത്. തികച്ചും വ്യത്യസ്തമായ ജീവിതരീതിയെയും കടുത്ത കാലാവസ്ഥയേയും അതിജീവിച്ച് അവരവിടെ തുടരുമോ എന്ന കാര്യത്തില്‍ അപ്പോഴും ഗ്രാമത്തിലുള്ളവര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. സത്യത്തില്‍ ഡോ. ശില്‍പയ്ക്കും ഇക്കാര്യത്തിലെല്ലാം ആദ്യം ആശങ്കകളുണ്ടായിരുന്നു, തനിക്കീ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും ജീവിക്കാനാവുമോ എന്ന സംശയം അവളെ അലട്ടിയിരുന്നു. എന്നാല്‍, ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്കും ആരോഗ്യകാര്യത്തില്‍ സുരക്ഷയുറപ്പാക്കേണ്ടതുണ്ട് എന്ന് ശില്‍പ തന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വളരെ പെട്ടെന്ന് തന്നെ അവള്‍ ആ ഗ്രാമത്തിന്‍റെ പ്രിയപ്പെട്ട ഡോക്ടറായി മാറി.

അതുവരെ ആ ഗ്രാമവാസികളെ എല്ലാവരും തഴഞ്ഞിരിക്കുകയായിരുന്നു. കൃത്യമായി ചെക്കപ്പുകള്‍ വേണ്ടിവരുന്ന രോഗികള്‍ക്കും വിവിധ സമ്മര്‍ദ്ദത്തിനടിപ്പെട്ടവര്‍ക്കുമെല്ലാം ശില്‍പ പക്ഷേ കൃത്യമായി പരിഗണന നല്‍കി. ചികിത്സ തേടിയെത്തുന്നവരോട് പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. ഓരോ സ്റ്റേജിലും അവര്‍ക്കുവേണ്ടുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൃത്യമായി നല്‍കി. എണ്ണൂറോളം വരുന്ന ഗ്രാമവാസികള്‍ക്ക് ഡോ. ശില്‍പ പ്രിയപ്പെട്ടവളായി. രാജ്യമാകെ കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഡോ. ശില്‍പയ്ക്ക് അതുകൊണ്ടുതന്നെ തന്‍റെ ബംഗളൂരുവിലുള്ള വീട്ടിലേക്ക് പോവാനായിരുന്നില്ല.

ഇപ്പോള്‍ ആ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നഴ്സുമാരോ മറ്റ് ജീവനക്കാരോ ഇല്ല. ശില്‍പ മാത്രമാണ് അവിടെ ചികിത്സ നടത്തുന്ന ഏക ഡോക്ടര്‍. അവിടെ ഉപകരണങ്ങളും മറ്റും ആവശ്യത്തിനുണ്ട് എങ്കിലും ജീവനക്കാരോ സഹായത്തിനാളുകളോ ഇല്ല. അതിനാല്‍ത്തന്നെ ചില അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ 13 കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരും. ഈ മഹാമാരിയുടെ സമയത്ത് ഡോ. ശില്‍പ ഓരോ വീട്ടിലും പോവുകയും പനിയുടെയും മറ്റും ലക്ഷണങ്ങളുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും കടുത്ത കാലാവസ്ഥയേയും മറ്റും അതിജീവിച്ച് 20 വീടുകളില്‍ കൂടുതല്‍ ചെല്ലാന്‍ അവര്‍ക്ക് കഴിയാറില്ല.  എങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ വീടുകളെല്ലാം പൂര്‍ത്തിയാക്കി. അടുത്ത ഗ്രാമത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ശില്‍പ ആ ഗ്രാമങ്ങളിലും സന്ദര്‍ശനങ്ങള്‍ നടത്തി. അടുത്തുള്ള ഗ്രാമത്തിലെ ആശുപത്രിയില്‍ സ്റ്റാഫ് കുറവായതിനാല്‍ അവിടേക്ക് താല്‍ക്കാലികമായ സ്ഥലംമാറ്റവുമുണ്ടായി ശില്‍പയ്ക്ക്. ആഴ്ചാവസാനങ്ങളിലും മറ്റുമൊക്കെ ശില്‍പ ഓരോരുത്തരെയും കൊറോണവൈറസിനെ കുറിച്ചും മറ്റും ബോധവല്‍ക്കരിക്കുന്നു.

ശില്‍പയുടെ അച്ഛന്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ത്തന്നെ ഛത്തീസ്‌ഗഢിലാണ് ജനിച്ചതെങ്കിലും അച്ഛന്‍ സ്ഥലം മാറിപ്പോവുന്നതിനനുസരിച്ച് ഇന്ത്യയിലെ പലപല സ്ഥലങ്ങളിലും മാറിമാറിത്താമസിക്കേണ്ടി വന്നിരുന്നു അവള്‍ക്ക്. പല സ്ഥലങ്ങളിലുള്ള പലതരത്തില്‍പ്പെട്ട ആളുകളെ പരിചയപ്പെടാനും അടുത്തറിയാനും സാധിച്ചിരുന്നുവെന്നതിനാല്‍ത്തന്നെ നഗരങ്ങളിലും അല്ലാത്തയിടങ്ങളിലും തമ്മില്‍ ആരോഗ്യരംഗത്ത് എന്തൊക്കെ മാറ്റങ്ങളുണ്ട് എന്ന് അവള്‍ക്ക് മനസിലാവുന്നുണ്ടായിരുന്നു. അത് വിദൂരപ്രദേശത്ത് ജോലി ചെയ്യണമെന്നുള്ള ശില്‍പയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് അവള്‍ ദില്ലി വിട്ട് ഇങ്ങോട്ട് മാറിയത്. മെഡിക്കല്‍ പഠനം കഴിഞ്ഞശേഷം പലപ്രാവശ്യം അവിടേക്ക് യാത്രകള്‍ നടത്തിയിരുന്നു ശില്‍പ. അത്തരമൊരു യാത്രയില്‍ പ്രായം ചെന്ന ഒരു സ്ത്രീയുമായി സൗഹൃദത്തിലായി. അവര്‍ തുടര്‍ച്ചയായി ചുമയ്ക്കുന്നത് കേട്ട ശില്‍പ സ്റ്റെതസ്കോപ്പെടുക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. വിശദമായ പരിശോധനയില്‍ അവര്‍ക്ക് Chronic Obstructive Pulmonary Disease ആണെന്ന് ബോധ്യപ്പെട്ടു. അവരെപ്പോലെ തന്നെ അവിടെയുള്ള പലരും എന്ത് രോഗം വന്നാലും പാരാസെറ്റാമോള്‍ കഴിച്ചാല്‍ മതി എന്ന് കരുതുന്നവരാണ് എന്ന് ശില്‍പയ്ക്ക് മനസിലായി. മാത്രവുമല്ല, ആശുപത്രി അകലെയായിരുന്നതിനാല്‍ പലര്‍ക്കും അവിടേക്ക് ചെല്ലാനും കഴിഞ്ഞിരുന്നില്ല. 

അപ്പോഴാണ് അങ്ങനെയുള്ളവര്‍ക്കിടയിലാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന് ശില്‍പ തീരുമാനിക്കുന്നത്. അത്തരം സ്ഥലങ്ങളെ കുറിച്ചുള്ള ചില അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഷിംല ഭരണകൂടം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കുള്ള ഡോക്ടര്‍മാര്‍ക്കുള്ള അഭിമുഖം നടത്തുന്നതായി അറിഞ്ഞത്. അവള്‍ അപേക്ഷിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുകയായിരുന്നു. ഒരു വര്‍ഷമായി ശില്‍പ അവിടെ ജോലിക്ക് കയറിയിട്ട്. പലതും പഠിക്കാനുള്ളൊരു യാത്ര എന്നാണ് ശില്‍പ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒപ്പം തന്നെ അവിടെയുള്ള ജനങ്ങള്‍ നല്‍കുന്ന സ്നേഹവും സഹകരണവും അവളെ സന്തോഷിപ്പിക്കുന്നു.

(വിവരങ്ങള്‍ക്ക് കടപ്പാട്: ബെറ്റര്‍ ഇന്ത്യ)