Asianet News MalayalamAsianet News Malayalam

മുംബൈയിലെ ട്രെയിനുകളിൽ യാചിച്ച് കിട്ടിയ പൈസക്ക് ആദ്യക്യാമറ, ട്രാൻസ്ജെൻഡർ ഫോട്ടോജേണലിസ്റ്റിന്റെ ജീവിതം

അപ്പോഴും ഈ പ്രസ്കാര്‍ഡും കൊണ്ട് എന്ത് ചെയ്യണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അവള്‍ യാചിക്കുന്നത് തുടര്‍ന്നു. അങ്ങനെ 30,000 രൂപ സ്വരുക്കൂട്ടി അവളൊരു സെക്കന്‍ഡ്ഹാന്‍ഡ് ക്യാമറ വാങ്ങി. 

inspiring story of transgender photo journalist Zoya Thomas Lobo
Author
Mumbai, First Published Jun 17, 2021, 12:11 PM IST

മുംബൈയിലെ ട്രെയിനുകളില്‍ യാചിച്ചുകൊണ്ടായിരുന്നു അവളുടെ തുടക്കം. ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ഫ്രീലാന്‍സ് ഫോട്ടോജേണലിസ്റ്റാണ് എന്ന് കരുതപ്പെടുന്ന സോയാ തോമസ് ലോബോയുടെ ജീവിതം ഇങ്ങനെ:

സോയ എന്ന ഇരുപത്തിയേഴുകാരിയുടെ ജീവിതം ഇവിടെ വരെയെത്താന്‍ സഞ്ചരിച്ചത് ഒട്ടും എളുപ്പമുള്ള വഴികളിലൂടെ ആയിരുന്നില്ല. അഞ്ചാം ക്ലാസില്‍ വച്ച് അവള്‍ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. റെയിൽ‌വേ ലൈനുകളിൽ നിന്ന് വളരെ അകലെയല്ലാത്ത മാഹിം കപഡ് ബസാറിലാണ് അവള്‍ വളർന്നത്. അവളുടെ അച്ഛന്‍ നേരത്തെ മരിച്ചു. വിധവയായിരുന്ന അമ്മയ്ക്ക് രണ്ടു മക്കളെ വളര്‍ത്തുക പ്രയാസമുള്ള കാര്യം തന്നെയായിരുന്നു. 

പതിനൊന്നാമത്തെ വയസായപ്പോഴേക്കും താന്‍ മറ്റ് ആണ്‍കുട്ടികളെ പോലെ അല്ലെന്ന് സോയക്ക് ബോധ്യപ്പെട്ടു. എന്നാല്‍, വഴക്ക് കേള്‍ക്കും എന്ന ഭയം കാരണം അവള്‍ക്കത് ആരോടും പറയാനായില്ല. പക്ഷേ, മാഹിമിന്‍റെ മറ്റൊരു ഭാഗത്തേക്ക് മാറിയപ്പോള്‍ അവള്‍ കുറച്ച് സുഹൃത്തുക്കളെ കണ്ടുമുട്ടുകയും ഗേ ആണ് എന്ന് പറയാനുള്ള ധൈര്യവുമുണ്ടായി.

പതിനേഴാമത്തെ വയസിലാണ് അവള്‍ ഗുരുവായി കാണുന്ന സല്‍മയെ കണ്ടുമുട്ടുന്നത്. സല്‍മയാണ് അവളെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായി ആദ്യം അംഗീകരിക്കുന്നത്. സല്‍മ അവളെ കൂട്ടത്തിലെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി. പെട്ടെന്ന് തന്നെ അവളും അവര്‍ക്കിടയിലൊരാളായി. സല്‍മ അവളെ അവരുടെ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിപ്പിച്ചു. 

ആദ്യമായി ട്രെയിനില്‍ യാചിക്കാന്‍ പോയ ദിവസം സോയ ഇന്നും ഓര്‍ക്കുന്നുണ്ട്. അവള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കൊപ്പമാണ് എന്നറിഞ്ഞ അമ്മ അവള്‍ ലൈംഗികത്തൊഴിലാളിയാകുമോ എന്ന് ഭയക്കുകയും ആദ്യദിവസം അവള്‍ യാചിക്കാന്‍ കയറിയ ട്രെയിനിലിരുന്ന് അവളെ വീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരിക്കലും അതിലേക്ക് തിരിയില്ലെന്ന് അവളമ്മയ്ക്ക് വാക്കുകൊടുക്കുകയും ചെയ്തു. എന്നാല്‍, യാചിക്കുന്നത് കണ്ട് ഒരു മാസത്തേക്ക് അമ്മ വളരെ അസ്വസ്ഥയായിരുന്നു. ഒരു മാസത്തിന് ശേഷം അമ്മ അവളെ അംഗീകരിച്ചു. 'ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്ക് ആരും തൊഴില്‍ നല്‍കില്ല. ഭക്ഷണം കഴിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെയാവുമ്പോഴാണ് യാചിക്കുന്നത്' എന്ന് സോയ പറയുന്നു. 

2016 -ല്‍ അവളുടെ അമ്മ മരിച്ചു. 2018 വരെ അവള്‍ യാചിക്കുന്നത് തുടര്‍ന്നു. പലപ്പോഴും പൊലീസിനെ പേടിക്കണം. അവര്‍ കണ്ടാല്‍ 1,200 രൂപ പിഴ നല്‍കേണ്ടി വരും. ട്രെയിനിലെ ഈ സമയത്ത് ആകെ കഴിക്കുന്നത് വടപാവോ മറ്റോ ആണ്. ബെറ്റര്‍ ദിവസങ്ങളില്‍ മാത്രമാണ് നല്ല ആഹാരം കഴിക്കുന്നത് എന്നും സോയ ബെറ്റര്‍ ഇന്ത്യയോട് പറയുന്നു. ചില ദിവസങ്ങളില്‍ 1500 രൂപ വരെ കിട്ടും ചിലപ്പോള്‍ 500-800 ഒക്കെയാവും കിട്ടുന്നത്. പത്ത് വര്‍ഷത്തോളം ഈ യാചിക്കല്‍ തുടര്‍ന്നു. 2020 -ലാണ് ഒരു ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയില്‍ അവള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരിക്കല്‍ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യവേ ബാന്ദ്രാ സ്റ്റേഷന് പുറത്ത് കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത് കണ്ടു. അവള്‍ വീട്ടിലേക്ക് ഓടിച്ചെന്ന് ക്യാമറയുമായി വന്നു. ആ ചിത്രങ്ങളെടുത്തു. അത് വലിയവലിയ പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകരിച്ചു. അന്നാണ് അവളുടെ പേര് ആദ്യമായി ആ പ്രസിദ്ധീകരണങ്ങള്‍ കേള്‍ക്കുന്നത്. 

2018 -ല്‍ യൂട്യൂബിൽ 'ഹിജ്‌റ ഷാപ് കി വർദാൻ പാർട്ട് 1' കണ്ടുകൊണ്ടിരിക്കെ ഒരുദിവസം ചില കൃത്യതയില്ലായ്മ അവൾ കമന്റായി ചേർത്തു. ഇത് ചിത്രത്തിന്റെ തുടർച്ചയിൽ അഭിനയിക്കാനും അവളുടെ പ്രകടനത്തിന് ഒരു അവാർഡ് ലഭിക്കാനും കാരണമായി. 'സിനിമാമേഖല പലപ്പോഴും പുരുഷന്മാരെ വേഷം കെട്ടിച്ചാണ് ട്രാന്‍സ്ജെന്‍ഡറായി അവതരിപ്പിക്കുന്നത്. അതിന് പകരം എത്രയോ തൊഴിലില്ലാത്ത ട്രാന്‍സ്ജെന്‍ഡര്‍ ആളുകളുണ്ട്' എന്ന അവളുടെ അഭിപ്രായ പ്രകടനവും ശ്രദ്ധിക്കപ്പെടുകയുണ്ടായി. അവളുടെ സിനിമയ്ക്ക് യൂട്യൂബില്‍ നാല് മില്ല്യണ്‍ കാഴ്ചക്കാരുണ്ടായി. ഒരു പ്രാദേശിക കോളേജ് മീഡിയ ഏജൻസിയുടെ ഒരു പ്രതിനിധി അവളുടെ പ്രസംഗം കേട്ട് അവളെ ശ്രദ്ധിച്ചു. ആ വർഷം അവസാനം അവൾക്ക് ഒരു റിപ്പോർട്ടറുടെ ജോലി വാഗ്ദാനം ചെയ്തു.

അപ്പോഴും ഈ പ്രസ്കാര്‍ഡും കൊണ്ട് എന്ത് ചെയ്യണമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. അവള്‍ യാചിക്കുന്നത് തുടര്‍ന്നു. അങ്ങനെ 30,000 രൂപ സ്വരുക്കൂട്ടി അവളൊരു സെക്കന്‍ഡ്ഹാന്‍ഡ് ക്യാമറ വാങ്ങി. പിന്നീട് 2019 ൽ, പരിചയസമ്പന്നനായ ഒരു ഫോട്ടോഗ്രാഫറെ പരിചയപ്പെട്ടത് അവളെ ശരിയായ പാതയിലേക്ക് നയിച്ചു. ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ അവരുടെ തുല്യ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്ന 'പിങ്ക് റാലി'യുടെ ചിത്രം പകര്‍ത്തിയത് ഇപി‌എയുടെ (യൂറോപ്യൻ പ്രസ്ഫോട്ടോ ഏജൻസി) സീനിയർ ഫോട്ടോ ജേണലിസ്റ്റ് ദിവ്യകാന്ത് സോളങ്കി ശ്രദ്ധിച്ചു. അദ്ദേഹം അവളെ ഫോട്ടോജേണലിസത്തിന്‍റെ സൂക്ഷ്മതയെ കുറിച്ച് ബോധ്യപ്പെടുത്തി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ZOYALOBO (@zoya_lobo)

വൈല്‍ഡ് ലൈഫ് ഫോട്ടോകളും മഹാമാരിക്കാലത്തെ ചിത്രങ്ങളുമടക്കം അവളുടെ ചിത്രങ്ങള്‍ അനവധിയാണ്. നേരത്തെ അവള്‍ ട്രാന്‍സ്ജെന്‍ഡറാണ് എന്ന് അറിഞ്ഞ് അകന്നുപോയ സഹോദരിപോലും ഇന്ന് അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. എങ്കിലും അവളുടെ ജീവിതത്തില്‍ ഇപ്പോഴും ബുദ്ധിമുട്ടുകളുണ്ട്. വിദ്യാഭ്യാസത്തിലേക്ക് തിരിച്ചുപോകാനാഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കാതലായ മാറ്റം വരുത്തണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ ആരാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്യണമെന്നും അവള്‍ പറയുന്നു. ഭാവിയിലെങ്കിലും ട്രാന്‍സ് ആളുകള്‍ അവരുടെ വീട്ടില്‍ നിന്നും അകറ്റപ്പെടില്ലാ എന്ന് പ്രതീക്ഷിക്കുന്നുവെന്നും സോയ പറയുന്നു. 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ) 

Follow Us:
Download App:
  • android
  • ios