ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ ഒന്നാം സ്ഥാനത്തുള്ള ചൈന, 80,881 കേസുകളും 3,226 മരണങ്ങളുമായി, കൊവിഡ് 19 ബാധയുടെ ലിസ്റ്റിലും ഒന്നാമത് നിൽക്കുമ്പോൾ, ജനസംഖ്യയുടെ കാര്യത്തിൽ ചൈനയുടെ തൊട്ടുപിന്നിൽ നിൽക്കുന്ന ഇന്ത്യ 129 കേസുകളും 3 മരണങ്ങളും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ട നാല്പത്തിയഞ്ചാം സ്ഥാനത്തു നിൽക്കാൻ കാരണമെന്താണ്? സത്യത്തിൽ ഇന്ത്യയിൽ ഇത്രയധികം ജനങ്ങൾ ഉണ്ടായിരുന്നിട്ടും, കേസുകളുടെ എണ്ണവും മരണസംഖ്യയും ഇത്രകണ്ട് കുറഞ്ഞിരിക്കാൻ കാരണം എന്താണ്? കൊവിഡ് 19  ബാധിച്ചുണ്ടാകുന്ന മരണങ്ങളെ അങ്ങനെ അടയാളപ്പെടുത്തുന്നതിൽ എന്തെങ്കിലും വീഴ്ച സംഭവിക്കുന്നതുകൊണ്ടാണോ മരണസംഖ്യ ഇങ്ങനെ കുറഞ്ഞിരിക്കുന്നത്? ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ എല്ലാവരെയും കൊവിഡ് 19 ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാത്തതുകൊണ്ടാണോ സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞിരിക്കുന്നത്? 
 

 

ദില്ലിയിലെ അവസ്ഥ ഇതാണ്. നിങ്ങൾക്ക് പനിയോ ചുമയോ ഉണ്ടായി, അത് കൊറോണാ വൈറസ് ബാധയുടെ ലക്ഷണങ്ങളാണോ എന്ന് നിങ്ങൾക്ക് സംശയം തോന്നിയാൽ നേരിട്ട് ഏതെങ്കിലും സർക്കാർ ആശുപത്രിയിലേക്ക് ചെന്നാൽ അവിടെ കൊവിഡ് 19 നുള്ള ടെസ്റ്റിംഗ് നടത്താം എന്ന് വിചാരിച്ചാൽ നടപ്പില്ല. നിങ്ങളെ അവർ തിരിച്ചു പറഞ്ഞയക്കും. രോഗബാധയുള്ളതായി സംശയമുള്ളവർ ആദ്യം തന്നെ കൊവിഡ് 19 ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാൻ ബാധ്യസ്ഥരാണ്. തുടക്കത്തിൽ കുറെ നേരം ഹോൾഡ് ചെയ്യേണ്ടി വരും എങ്കിലും, ഒന്നുകിൽ നിങ്ങൾക്ക് ആളെ ലൈനിൽ കിട്ടും ഇല്ലെങ്കിൽ അവർ തിരികെ വിളിക്കും. രണ്ടായാലും, നിങ്ങളുടെ പ്രശ്നം പറഞ്ഞാൽ അവർ നിങ്ങളോട് പലവിധത്തിലുള്ള ചോദ്യങ്ങൾ ചോദിക്കും. ഉദാ. അടുത്തെങ്ങാനും വിദേശയാത്ര നടത്തിയിരുന്നോ? വിദേശയാത്ര കഴിഞ്ഞ ആരെങ്കിലുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നോ? കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ഏതെങ്കിലും രോഗിയുമായി അടുത്ത് ഇടപഴകിയിരുന്നോ? ചെയ്തിരുന്നു എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, അടുത്തുള്ള കൊവിഡ് 19 ടെസ്റ്റിംഗ് കേന്ദ്രത്തിൽ പോയി നിങ്ങൾക്ക് ടെസ്റ്റ് ചെയ്യാനുള്ള അനുമതി കിട്ടും. നിങ്ങൾക്ക് കൊവിഡ് 19 ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് അവർക്ക് പ്രോട്ടോക്കോൾ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടില്ല എങ്കിൽ നിങ്ങളുടെ ടെസ്റ്റിംഗ് നടക്കില്ല. ഏതിനും, അവരുടെ ചോദ്യങ്ങൾക്ക് നിങ്ങളെ നൽകുന്ന മറുപടികൾ ആശ്രയിച്ചിരിക്കും നിങ്ങൾക്ക് പരിശോധന നടത്തപ്പെടുമോ എന്നത്. ഇക്കാര്യത്തിൽ ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ വ്യക്തമായ മാർഗനിർദേശങ്ങൾ സർക്കാർ ആശുപത്രികൾക്ക് മുന്നിലുണ്ട്. അഖിലേന്ത്യാ തലത്തിൽ 011-23978046 എന്ന ടോൾ ഫ്രീ നമ്പറിന് പുറമെ, സംസ്ഥാനങ്ങൾക്ക് അവരവരുടേതായ ഹെൽപ് ലൈനുകളും ഉണ്ട്. കേരളത്തിൽ അത് ദിശ എന്നറിയപ്പെടുന്നു. (BSNL Toll free No: 1056 & 0471- 2552056). 

എന്നാൽ ഈ നമ്പറുകളിൽ വിളിച്ചിട്ടല്ലാതെ ചെല്ലുന്നവർക്ക് നേരിട്ട് കൊവിഡ് 19 ടെസ്റ്റു ചെയ്യാൻ ഇന്ത്യയിൽ മിക്കയിടത്തും സാധ്യമല്ല. വിദേശയാത്രയുമായി നേരിട്ടോ അല്ലാതെയോ ഉള്ള ബന്ധമില്ലെങ്കിൽ, നിങ്ങള്ക്ക് വന്നിട്ടുള്ള ചുമയും പനിയും കൊവിഡ് 19 ആയിരിക്കാൻ സാധ്യതയില്ല. വെറുതെ ടെസ്റ്റ് ചെയ്യേണ്ടതില്ല എന്ന മറുപടിയാണ് ലഭിക്കുക. പല ആരോഗ്യ വിദഗ്ധരും ടെസ്റ്റിംഗിനായി സ്വീകരിച്ചിരിക്കുന്ന ഈ പ്രോട്ടോക്കോളിന്റെ ഫലസിദ്ധിയെപ്പറ്റി ആശങ്കകൾ അറിയിച്ചു കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ, 130 കോടിയിൽ പരം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഇത്രയ്ക്ക് കേസുകൾ സ്ഥിരീകരിക്കപ്പെട്ടാൽ പോരാ എന്നാണ് അവരുടെ അഭിപ്രായം.

കോൺഫെഡറേഷൻ ഓഫ് മെഡിക്കൽ അസോസിയേഷൻസ് ഓഫ് ഏഷ്യ ആൻഡ് ഓഷ്യാനിയയുടെ പ്രസിഡന്റായ ഡോ. കെകെ അഗർവാൾ ഈ പരിശോധനാ പ്രോട്ടോക്കോളിനോട് യോജിക്കുന്നില്ല. " ഈ രീതിയെ റെസ്ട്രിക്റ്റീവ് ടെസ്റ്റിംഗ് എന്നാണ് പറയുക. എന്നാൽ ദക്ഷിണ കൊറിയ, ഹോങ്കോങ്, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ലിബറൽ ടെസ്റ്റിംഗ് രീതിയാണ് അവലംബിച്ചിരിക്കുന്നത്. അവർ കൊറോണാവൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന സകലരെയും, അവരുടെ കഴിഞ്ഞ ദിവസങ്ങളിലെ യാത്രാ പശ്ചാത്തലം ഒന്നും അന്വേഷിക്കാതെ തന്നെ ടെസ്റ്റിംഗിന് വിധേയമാക്കും " എന്നാണ് അദ്ദേഹം ബിബിസിയോട് പറഞ്ഞത്. 


 

ഇവിടെ യഥാർത്ഥത്തിൽ ഉള്ള സ്ഥിരീകരണങ്ങളുടെ കണക്ക് കുറച്ചു കാണിക്കുകയാണോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി, " കുറച്ചു കാണിക്കുക എന്ന് പറഞ്ഞാൽ 100 പേരിൽ സ്ഥിരീകരിക്കപ്പെട്ടാൽ 60 എന്ന് മീഡിയയോട് പറയുക എന്നാണർത്ഥം. ആ അർത്ഥത്തിൽ ഇവിടെ അങ്ങനെ വ്യാജമായ കണക്കുകൾ കാണിക്കുന്നിന്നുമില്ല. പക്ഷേ, വേണ്ടത്ര ടെസ്റ്റുകൾ നടത്താൻ മടി കാണിക്കുന്നതുകൊണ്ടാണ് ഇവിടെ സ്ഥിരീകരണങ്ങളുടെ എണ്ണവും കുറഞ്ഞിരിക്കുന്നത്. ലിബറൽ ടെസ്റ്റിങ് ഇന്ത്യയിൽ നടപ്പിലാക്കിയാൽ, ഇപ്പോൾ ഉള്ള 129 സ്ഥിരീകരണങ്ങൾ എന്നിടത് ചുരുങ്ങിയത് 5000 പേർക്കെങ്കിലും കൊവിഡ് 19 സ്ഥിരീകരിക്കപ്പെടും എന്ന് അദ്ദേഹം കരുതുന്നു.
 

ഇന്ത്യയിൽ കൊവിഡ് 19 അടുത്ത ഘട്ടത്തിലേക്ക് കടന്ന സ്ഥിതിക്ക് ഇന്നലെ മുതൽ ടെസ്റ്റിംഗ് പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ICMR തീരുമാനമെടുത്തിട്ടുണ്ട്. സമൂഹത്തിലേക്ക് പടരുന്ന ഘട്ടം അടുത്തെത്താറായതുകൊണ്ട്, യാത്ര ചെയ്തതോ, ചെയ്തവരുമായി സമ്പർക്കം പുലർത്തിയവരോ അല്ലാത്ത, ലക്ഷണങ്ങൾ ഉള്ളവരിലേക്കും പരിശോധന ലഭ്യമാക്കാൻ തീരുമാനം ആയിട്ടുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ  ICMR -ണ് ആകെ 51 ലാബുകളാണുള്ളത്. മാർച്ച് 15 മുതൽ, അവ ഓരോന്നും ഇത്തരത്തിലുള്ള 10 സാമ്പിളുകൾ വീതം ആഴ്ചയിൽ ടെസ്റ്റ് ചെയ്യാം എന്ന് തീരുമാനമായിട്ടുണ്ട്. ഓരോ ICMR ലാബിലും ഒരു ദിവസം 90 സാമ്പിളുകൾ വീതം ടെസ്റ്റ് ചെയ്യാൻ വേണ്ട സംവിധാനങ്ങൾ ഉണ്ടെങ്കിലും, ഇതുവരെ ആകെയുള്ള 51 ലാബിലും കൂടി ടെസ്റ്റ് ചെയ്യപ്പെട്ടിരുന്നത് ദിവസത്തിൽ ആകെ 60-70 സാമ്പിളുകൾ മാത്രമാണ്. ദക്ഷിണ കൊറിയയിൽ ഇതേ ടെസ്റ്റിംഗ് ഒരു ദിവസം 20,000 വീതം നടക്കുന്നിടത്താണ് ഇതെന്നോർക്കണം. എന്തായാലും, കൂടുതൽ ടെസ്റ്റുകൾ വരും ദിനങ്ങളിൽ നടത്തേണ്ടി വരും എന്നുള്ളതുകൊണ്ട് ജർമനിയിൽ നിന്ന് രണ്ടു ലക്ഷം ടെസ്റ്റിംഗ് കിറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട് ICMR.