ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ വെല്ലുവിളിച്ചുകൊണ്ടു ദേശീയതക്കുവേണ്ടി നിലകൊണ്ടിട്ടുള്ള ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജാമിയ മില്ലിയ ഇസ്ലാമിയ. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ സജീവമായി നിലകൊണ്ടിട്ടുള്ള ജാമിയ, ഹിന്ദുവെന്നും ഇസ്ലാമെന്നുമുള്ള വേർതിരിവുകൾക്കപ്പുറം ഇന്ത്യൻ ജനതയെ ഒരു കുടക്കീഴിൽ അണിനിരത്തിയിരുന്നു. ജാമിയയിലെ ഓരോ ചുവരിലും ഇന്ത്യയുടെ സ്വാന്തന്ത്ര്യ പോരാട്ടങ്ങളുടെ കഥകൾ നമുക്ക് വായിച്ചെടുക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ എന്നും പ്രസക്തമായിരുന്ന രണ്ടു രാഷ്ട്രീയ ധാരകളായിരുന്ന ഖിലാഫത്ത് പ്രസ്ഥാനവും കോൺഗ്രസ്സും. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിൽ തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യത്തെ അടിച്ചമർത്താനായി ബ്രിട്ടീഷുകാർ ശ്രമിക്കുകയുണ്ടായി. ഇത് ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വൻപ്രക്ഷോഭങ്ങൾക്ക് വഴിയൊരുക്കി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുസ്ലിം രാഷ്ട്രങ്ങൾ നടത്തിയ ഇത്തരം പ്രക്ഷോഭങ്ങൾ ഇന്ത്യയിലെ മുസ്ലിംകളെയും സ്വാധീനിച്ചു. അവരും ബ്രിട്ടീഷുകാർക്കെതിരെ ശബ്‌ദമുയർത്താൻ തുടങ്ങി. ഖിലാഫത്ത് പ്രസ്ഥാനം എന്ന പേരിൽ ഈ പ്രതിഷേധങ്ങൾ ലോകവ്യാപക ശ്രദ്ധ നേടി. 1915 -ൽ സൗത്ത് ആഫ്രിക്കയിൽനിന്ന് തിരിച്ചെത്തിയ ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിലും കോൺഗ്രസ്സിലും സജീവമായി പ്രവർത്തിച്ചു. അദ്ദേഹം ബിട്ടീഷ് സർക്കാരിനെതിരെ നിസ്സഹകരണ നയം പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാരുടെ കീഴിലുള്ള  സകല സ്ഥാപനങ്ങളെയും ബഹിഷ്ക്കരിച്ചുകൊണ്ട് ഗാന്ധിജിയും നേതാക്കളും അക്രമരാഹിത്യത്തിന്‍റെ പാതയിലൂടെ പോരാട്ടം ആരംഭിച്ചു. ഹിന്ദുവെന്നോ മുസ്ലിമെന്നോ വ്യതാസമില്ലാതെ ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രക്ഷോഭത്തിൽ അവരൊന്നായി അണിനിരന്നു. പൊതുവേദികളിലും  പ്രക്ഷോഭങ്ങളിലും ഖുർആനും, ഹൈന്ദവ മന്ത്രങ്ങളും ഉരുവിട്ടുകൊണ്ടവർ പ്രതിഷേധിച്ചു.

അങ്ങനെ, രാജ്യത്തെ രണ്ട് പ്രമുഖ ദേശീയ പ്രസ്ഥാനങ്ങളായ ഖിലാഫത്തും കോൺഗ്രസ്സും സംയുക്തമായി നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യക്കാർ ബ്രിട്ടീഷ് സർക്കാരിന്‍റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹിഷ്കരിക്കാൻ തുടങ്ങി. അങ്ങനെയാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ  ഭാഗമായി ആദ്യമായി ജാമിയ ഇസ്ലാമിയ വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വരുന്നത്. മഹ്മൂദ് ഉൽ ഹസൻ, മുഹമ്മദ് അലി ജൗഹർ, മഹാത്മാഗാന്ധി, ഹക്കീം അജ്‍മൽ ഖാൻ തുടങ്ങിയ ദേശീയ നേതാക്കളുടെ സ്വപ്‍നപദ്ധതിയായി ഇത് മാറി. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ആ പോരാട്ടത്തില്‍ പങ്കാളികളായിമാറി അതിന്‍റെ ഉപദേഷ്‍ടാക്കളും അധ്യാപകരും വിദ്യാർത്ഥികളും. അതേ, പൗരത്വഭേദഗതിക്കെതിരെ ഉറച്ച ശബ്‍ദത്തില്‍ പ്രതിഷേധിക്കുന്ന അതേ ജാമിയ മിലിയ തന്നെയാണ് അത്. അതായത്, അവിടെ പോരാട്ടത്തിന്‍റെ കനലുകള്‍ ഇന്നും ഇന്നലെയും കത്തിത്തുടങ്ങിയതല്ലെന്ന് തന്നെ. 

മുസ്ലിം ചിന്തകരായ 18 പേരടങ്ങുന്ന ഒരു സംഘടനയാണ് ജാമിയ തുടങ്ങിയത്. നിസ്സഹകരണ പ്രസ്ഥാനത്തിലെ എല്ലാ പ്രമുഖ നേതാക്കളും സമിതിയിലുണ്ടായിരുന്നു. അവർ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ പോരാട്ടം അഴിച്ചുവിട്ടു.

അങ്ങനെ എഴുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ്, ഒരു പൊതുശത്രുവിനെതിരെ തുല്യതീക്ഷ്‍ണതയോടെ ഒരേ മനസ്സോടെ ഇന്ത്യൻ ജനത പോരാടി. എന്നാൽ പോരാട്ടത്തിനൊടുവിൽ 1947 -ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പൊതുവായി പങ്കിട്ടിരുന്ന വികാരത്തിന് പ്രസക്തി ഇല്ലാതായി. ഇന്ത്യൻ ജനത ഒന്നിച്ചു പങ്കിട്ടിരുന്ന തീക്ഷ്‍ണത സ്വാതന്ത്ര്യത്തിനുശേഷം ചരിത്രത്തിന്‍റെ താളുകളിൽ നിന്ന് മാഞ്ഞു.

1947 ഓഗസ്റ്റ് 15 -ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, സാമുദായിക വികാരങ്ങൾ ഉയർന്നുവന്നു. ഇത് സെപ്റ്റംബറിലും അതിനുശേഷവും ദേശീയ തലസ്ഥാനത്ത് രക്തച്ചൊരിച്ചിലിന് കാരണമായി. അപ്പോഴും ജാമിയ മിലിയ ഇസ്ലാമിയ സ്വാതന്ത്ര്യത്തിനായുള്ള ദേശീയവാദ പോരാട്ടത്തിന്‍റെ  പ്രതിരൂപമായി തുടർന്നെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചയുടനെ ആ സ്ഥാപനം ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനായുള്ള നീണ്ട പോരാട്ടത്തിനിടയിൽ ചരിത്രപുസ്തകങ്ങളുടെ താളുകളിൽ നഷ്ടമായ ചില പേരുകളുണ്ട്. ഇന്ത്യയിലോ അതിർത്തിക്കപ്പുറത്തോ ബഹുമാനം നല്‍കപ്പെടാത്തവർ, ജാമിയയുടെ പോരാട്ട ചരിത്രത്തിന്‍റെ ഭാഗമായിരുന്നവർ. മൗലാന മുഹമ്മദ് അലി ജൗഹർ അതിലൊരാളായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് കസ്റ്റഡിയിൽ ആയിരിക്കുമ്പോൾ, ഇരുപതും ഇരുപത്തിയൊന്നും വയസ്സുള്ള അദ്ദേഹത്തിന്‍റെ രണ്ട് പെൺമക്കൾ മരണത്തോട് മല്ലിടുകയായിരുന്നു. മരിക്കുന്ന തന്‍റെ പെൺമക്കളെ കാണാൻ അനുവദിക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിനോട്  മുഹമ്മദ് അലി ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറഞ്ഞാൽ വിടാമെന്നാണ് ബ്രിട്ടീഷ് സർക്കാര്‍ അദ്ദേഹത്തോട് പറഞ്ഞത്. ധീരനായ ആ നേതാവ് അത് വിസ്സമ്മതിച്ചു. "നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാൻ സാധിക്കുന്നില്ലെങ്കിൽ ഞാൻ മരണം മാത്രമേ ആഗ്രഹിക്കുന്നുള്ളൂ" എന്നദ്ദേഹം തിരികെ പറഞ്ഞു. അങ്ങനെ 1931 ജനുവരി 4 -ന് ആ മനുഷ്യന്‍ ബ്രിട്ടീഷ് കസ്റ്റഡിയിൽ മരണപ്പെട്ടു.

ജാമിയ അത്തരം അനേകായിരം നേതാക്കളുടെ കണ്ണുനീരിലും, പ്രതിരോധത്തിലും, ത്യാഗത്തിലും ഉയർന്നു വന്നതാണ്. ഇന്ത്യയുടെ ദേശീയതക്കും മതേതരത്വത്തിനും വേണ്ടി നിലകൊണ്ട ജാമിയ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു പൊൻതൂവലാണ്. ജാമിയയുടെ ഇടനാഴികളിൽ പറയാൻ മറന്നുപോയ സഹനത്തിന്‍റെയും ദേശീയതയുടെയും ചരിത്രം ഉറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെയാകാം ഇപ്പോഴും ഒരു കനല്‍ വീഴുമ്പോള്‍ പ്രതിഷേധം കൊണ്ട് അവര്‍ ആളിക്കത്തുന്നത്.