Asianet News MalayalamAsianet News Malayalam

അഴിമതിക്കെതിരെ ശബ്ദമുയർത്തി, പ്രസിഡന്റായപ്പോൾ സ്വേച്ഛാധിപത്യം, കൊവിഡ് നയങ്ങളിൽ വിമർശനം, ആരാണ് മ​ഗുഫലി?

കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, മ​ഗുഫലി സ്വദേശത്തും വിദേശത്തും കടുത്ത വിമർശനത്തിന് വിധേയമായി. 

John Magufuli dies who is he
Author
Tanzania, First Published Mar 18, 2021, 1:49 PM IST

കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിട്ട ടാൻസാനിയയിലെ പ്രസിഡന്റ് ജോൺ മ​ഗുഫലി ബുധനാഴ്ച തുറമുഖ നഗരമായ ഡാർ എസ് സലാമിൽ വച്ച് അന്തരിച്ചു. 61 വയസായിരുന്നു അദ്ദേഹത്തിന്. ഭരണകാലത്ത് രാഷ്ട്രീയ കരുനീക്കങ്ങൾ സമർത്ഥമായി നടത്തിയിരുന്ന ആളായിരുന്നു ജോൺ ജോസഫ് പോംബെ മ​ഗുഫലി. എന്നിരുന്നാലും ടാൻസാനിയക്കാർക്കും ലോകത്തിനും അദ്ദേഹം ഇന്നും ഒരു കടംകഥയാണ്. 2015 -ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്ത് എത്തിയപ്പോൾ, അഴിമതിക്കെതിരെയും  സർക്കാരിന്റെ അനാവശ്യചിലവുകൾക്കെതിരെയും ശബ്ദമുയർത്തിയതിന്റെ പേരിൽ അദ്ദേഹം ലോകമെമ്പാടും പ്രശംസ പിടിച്ച് പറ്റി. എന്നാൽ,  അധികം താമസിയാതെ അദ്ദേഹത്തിന്റെ തനിനിറം ആളുകൾ കാണാൻ തുടങ്ങി. സ്വേച്ഛാധിപത്യവും മനുഷ്യാവകാശത്തിന്റെ ലംഘനവും അദ്ദേഹത്തിന്റെ നയമായി മാറി.

John Magufuli dies who is he

അദ്ദേഹത്തിന്റെ ചരിത്രം നോക്കുകയാണെങ്കിൽ, 1959 -ൽ ടാൻസാനിയയിലെ ചാറ്റോ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. 1961 -ൽ ടാൻസാനിയയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ അദ്ദേഹത്തിന് വെറും രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മധ്യ ടാൻസാനിയയിലെ ഇറിംഗയിലെ എം‌ക്വാവ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ അദ്ധ്യാപകനായി പരിശീലനം നേടി. തുടർന്ന് സെക്കൻഡറി സ്കൂൾ സയൻസ് അധ്യാപകനായി. 1988 -ൽ മ​ഗുഫലി വിദ്യാഭ്യാസ ശാസ്ത്രത്തിൽ ബിരുദം നേടി. പിന്നത്തെ വർഷം മുതൽ 1995 വരെ നയാസ കോപ്പറേറ്റീവിൽ ഒരു വ്യവസായ രസതന്ത്രജ്ഞനായി ജോലി ചെയ്തു. തുടർന്ന് അദ്ദേഹം ചാറ്റോ പാർലമെന്ററി സീറ്റിലേക്ക് മത്സരിച്ച് വിജയിച്ചു.

1995 -ൽ പ്രസിഡന്റ് ബെഞ്ചമിൻ എംകപ അദ്ദേഹത്തെ പ്രവൃത്തി, ഗതാഗതം, ആശയവിനിമയം എന്നിവയുടെ ഡെപ്യൂട്ടി മിനിസ്റ്ററായി നിയമിച്ചു.  ആ സമയത്ത് ഒരു റോഡ് നിർമ്മാണ പദ്ധതിയ്ക്ക് മ​ഗുഫലി ചുക്കാൻ പിടിക്കുകയുണ്ടായി. ഇത്  ‘ബുൾഡോസർ’ എന്ന വിളിപ്പേര് സമ്പാദിക്കാൻ ഇടയായി. 2015 -ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വരെ അദ്ദേഹം വിവിധ വകുപ്പുകളിൽ മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ചു. കാബിനറ്റ് മന്ത്രിയായിരുന്ന 20 വർഷക്കാലം അദ്ദേഹം കഠിനാധ്വാനിയായിരുന്നു. ഒരു അഴിമതി രഹിത രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. 2010 -നും 2015 -നും ഇടയിൽ മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്തിന്റെ പല ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു റോഡ് ശൃംഖലയും ടാൻസാനിയയുടെ വാണിജ്യ തലസ്ഥാനമായ ഡാർ-എസ്-സലാമിൽ ഒരു പുതിയ ദ്രുത ബസ് സംവിധാനവും നിർമ്മിച്ചു.

John Magufuli dies who is he

2015 ലെ പൊതുതെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മ​ഗുഫലിയുടെ ഈ കറകളഞ്ഞ രാഷ്ട്രീയ റെക്കോർഡും കാര്യങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ പ്രശസ്തിയും പ്രയോജനായി തീർന്നു. അഴിമതിക്കെതിരെ പോരാടുമെന്നും സിവിൽ സർവീസിൽ അച്ചടക്കം പാലിക്കുമെന്നും യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.  

അതേസമയം തിരഞ്ഞെടുപ്പിന് നാല് മാസം മുമ്പ്, ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയായി ചഗ ച മാപിന്ദുസി പാർട്ടി കണ്ടത് മ​ഗുഫലിയെയല്ല, മറിച്ച് ജകായ കിക്വെറ്റെയുടെ കീഴിൽ മൂന്ന് വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്ന എഡ്വേർഡ് ലോവാസയെയായിരുന്നു. എന്നാൽ അഴിമതി ആരോപണത്തിൽ കുടുങ്ങിയതിനെത്തുടർന്ന് ലോസ രാജിവയ്ക്കാൻ നിർബന്ധിതനായി. ഒടുവിൽ മ​ഗുഫലി നാമനിർദേശം നേടി. മ​ഗുഫലിയെ നാമനിർദ്ദേശം ചെയ്യാൻ എം‌കപ നിശബ്ദമായി പാർട്ടിയെ പ്രേരിപ്പിച്ചു. തുടർന്ന് മ​ഗുഫലി ടാൻസാനിയയുടെ അഞ്ചാമത്തെ പ്രസിഡന്റായി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മ​ഗുഫലി ദേശീയമായും അന്തർദ്ദേശീയമായും പ്രശംസ നേടി. സർക്കാർ വകുപ്പുകളിൽ നടത്തിയ അപ്രഖ്യാപിത സന്ദർശനങ്ങൾ, പണിയെടുക്കാതെ ശമ്പളം പറ്റിയ പലരെയും പിരിച്ചുവിടാൻ കാരണമായി. ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്വന്തം ശമ്പളവും അദ്ദേഹം വെട്ടിക്കുറച്ചു. കൂടാതെ നികുതി അടക്കാതിരുന്ന ബിസിനസുകാർക്ക് എതിരെ അദ്ദേഹം നടപടികൾ സ്വീകരിച്ചു. സാമ്പത്തിക രംഗത്ത്, ഉയർച്ച നേടാൻ അദ്ദേഹം അടിസ്ഥാന പദ്ധതികൾ ആരംഭിച്ചു. റെയിൽ‌വേ, ജലവൈദ്യുത പദ്ധതി, സ്റ്റേറ്റ് കാരിയർ എയർ ടാൻസാനിയയുടെ പുനരുജ്ജീവിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയയിൽ കോടിക്കണക്കിന് ഡോളർ അദ്ദേഹം ചെലവഴിച്ചു.

എന്നിരുന്നാലും, അധികാരത്തിൽ വന്ന് അധികം താമസിയാതെ അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ നിലപാടുകൾ പ്രകടമാകാൻ തുടങ്ങി. ഭരണത്തിൽ ഇരിക്കുമ്പോൾ പ്രതിപക്ഷത്തെ അടിച്ചമർത്താനും ഭരണകക്ഷിയുടെ അധികാരം ഉറപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹം ജനങ്ങളുടെ പക്ഷത്ത് നിൽക്കുന്ന ഒരാളാണെന്ന് അവകാശപ്പെടുമ്പോഴും, അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ ഈ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നു. മാധ്യമങ്ങളെ നിശബ്ദമാക്കാൻ ശ്രമിച്ചും, പ്രതിപക്ഷ നേതാക്കൾക്കെതിരായ ആക്രമണാത്മക നടപടികളും, അനിയന്ത്രിതമായ അറസ്റ്റുകളും, സിവിൽ സമൂഹത്തിനെതിരായ അടിച്ചമർത്തലുകളും അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ കാഴ്ചപ്പാടുകളെ വെളിച്ചത്ത് കൊണ്ടുവന്നു.

അദ്ദേഹം സർക്കാർ പ്രതിപക്ഷ റാലികൾ നിരോധിച്ചു. സർക്കാരിതര സംഘടനകളുടെ ലൈസൻസുകൾ റദ്ദാക്കി. സ്വതന്ത്ര റിപ്പോർട്ടിംഗിനെ അടിച്ചമർത്തുന്നതായി നിയമങ്ങൾ അവതരിപ്പിച്ചു. ഗർഭിണികളായ പെൺകുട്ടികളെ സ്‌കൂളിൽ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെയും പ്രതിപക്ഷ നേതാക്കളെയും വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഉപദ്രവിക്കൽ എന്നിവയ്ക്ക് ഇരയാക്കി. അതേസമയം ഇതിനെതിരെ അന്വേഷണം നടത്താൻ സർക്കാർ പരാജയപ്പെട്ടുവെന്ന് റൈറ്റ്സ് ഗ്രൂപ്പുകൾ ആരോപിച്ചു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അദ്ദേഹം ഒട്ട് താൽപര്യം കാണിച്ചതുമില്ല. 2020 ൽ അദ്ദേഹത്തിന്റെ ആദ്യ കാലാവധി അവസാനിക്കുമ്പോഴേക്കും സ്പീഡ് റെയിൽ‌വേ, ജലവൈദ്യുത അണക്കെട്ട് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കുന്നത് ഉൾപ്പെടെ വളരെയധികം കാര്യങ്ങൾ ബാക്കിയായിരുന്നു. എന്നിട്ടും 2020 ഒക്ടോബറിൽ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് അക്രമവും പ്രതിപക്ഷത്തിനെതിരായ ആസൂത്രിതമായ അടിച്ചമർത്തലുമായിരുന്നു. വ്യാപകമായ വഞ്ചനയും ക്രമക്കേടും ആരോപിക്കപ്പെടുന്നതിനിടയിലാണ് 84 ശതമാനം വോട്ടുകൾ അദ്ദേഹം നേടിയത്. ഒരു കാലത്ത് ജനാധിപത്യത്തിന്റെ പേരിൽ പ്രശംസ ഏറ്റുവാങ്ങിയ ഒരു രാജ്യം മ​ഗുഫലിയുടെ കാലത്ത് സ്വേച്ഛാധിപത്യ ഭരണത്തിലേക്ക് അതിവേഗം വഴുതി വീണു.

കൊറോണ വൈറസ് മഹാമാരിയെ കൈകാര്യം ചെയ്ത രീതിയുടെ പേരിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, മ​ഗുഫലി സ്വദേശത്തും വിദേശത്തും കടുത്ത വിമർശനത്തിന് വിധേയമായി. മാസ്കുകൾക്കും സാമൂഹിക അകലങ്ങൾക്കും എതിരായി അദ്ദേഹം ആഞ്ഞടിച്ചു. തെളിയിക്കപ്പെടാത്ത പരിഹാരങ്ങളെ രോഗശാന്തിയായി പ്രോത്സാഹിപ്പിച്ചു, വൈറസ് ഇല്ലാതാക്കാൻ ദൈവം രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ഏപ്രിൽ മുതൽ ടാൻസാനിയ ലോകാരോഗ്യ സംഘടനയുമായി പങ്കുവച്ചിട്ടില്ല. വെറും 509 കേസുകളും 21 മരണങ്ങളും മാത്രമാണ് രാജ്യം റിപ്പോർട്ട് ചെയ്തത്. ലോകമെമ്പാടും വാക്സിനേഷൻ ആരംഭിച്ചപ്പോൾ ടാൻസാനിയയ്ക്ക് അത് ആവശ്യമില്ലെന്ന് മ​ഗുഫലി പറഞ്ഞു. കോവിഡ് -19 നോടുള്ള അദ്ദേഹത്തിന്റെ സമീപനമാണ് അദ്ദേഹത്തിന് ഏറ്റവും വലിയ തിരിച്ചടിയായത്. രാജ്യത്ത് കാര്യമായ പരിശോധന നടന്നിട്ടില്ല, പ്രതിരോധ കുത്തിവയ്പ്പ് പദ്ധതികളൊന്നും തയ്യാറാക്കിയില്ല.

John Magufuli dies who is he

വൈറസ് ബാധിതനാണെന്ന അഭ്യൂഹങ്ങൾക്ക് തൊട്ടുപിന്നാലെയാണ് മ​ഗുഫലിയുടെ മരണം സംഭവിച്ചതും. പ്രസിഡന്റിന് കൊവിഡ് -19 ഉണ്ടെന്നും അയൽരാജ്യമായ കെനിയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രവാസിയായ പ്രതിപക്ഷ നേതാവായ ലിസു പറഞ്ഞതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. അതേസമയം ടാൻസാനിയൻ ഉദ്യോഗസ്ഥർ ഇത് നിഷേധിക്കുകയായിരുന്നു. ടാൻസാനിയയിൽ, മഗുഫലിയുടെ മരണവാർത്ത ദുഃഖത്തോടും അവിശ്വാസത്തോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്.  

വൈസ് പ്രസിഡന്റതായ സമിയ സുലുഹു ഹസ്സൻ ഇനി മഗ്ഫുലിയുടെ സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാൻസിബാറിൽ ജനിച്ച അവർ യുകെയിലെ മാഞ്ചസ്റ്ററിൽ സാമ്പത്തികശാസ്ത്രം പഠിക്കുകയും വിവിധ സർക്കാർ പദവികൾ വഹിക്കുന്നതിനുമുമ്പ് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതിയിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനമേറ്റാൽ ടാൻസാനിയയിലെ ആദ്യത്തെ വനിതാ പ്രസിഡന്റായിരിക്കും അവർ.

Follow Us:
Download App:
  • android
  • ios