Asianet News MalayalamAsianet News Malayalam

കേരള എന്ന കേരളം; ഭാഷാടിസ്ഥാനത്തില്‍ സ്ഥാപിതമായ സംസ്ഥാന ചരിത്രം

1949 ല്‍ നടന്ന ഐക്യകേരള സമ്മേളനം ഐക്യകേരള രൂപവത്ക്കരണത്തിന് വേണ്ടി വാദിക്കുകയും തിരുകൊച്ചി സംസ്ഥാനത്തെ രാജ്യപ്രമുഖ പദവി റദ്ദ് ചെയ്യണമെന്നും ആവശ്യമുയര്‍ത്തി. 

Kerala State formation history based on language bkg
Author
First Published Oct 31, 2023, 3:56 PM IST

ന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറെ വൈവിധ്യമുള്ള ജനസമൂഹങ്ങളെ സൃഷ്ടിക്കുന്നതില്‍ ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഉത്തരേന്ത്യയില്‍ ഒരു കാലത്ത് സംസ്കൃതവും പാലിയും പിന്നീട് അറബിയും പ്രബലമായ ഭരണഭാഷകളായിരുന്നെങ്കിലും സ്വാതന്ത്ര്യ കാലമായപ്പോഴേക്കും ഹിന്ദിയുടെ അപ്രമാധിത്വം പ്രകടമായി. അതേ സയമം ഗുജറാത്തിയും രാജസ്ഥാനിയും ബോജ്പൂരിയും മറാഠിയും ബംഗാളിയും പഞ്ചാബിയും കശ്മീരിയും ഹിന്ദിയോടൊപ്പം അതാത് പ്രദേശങ്ങളില്‍ ശക്തമായ സ്വാധീനം നിലനിര്‍ത്തി. ഈ സമയം ദക്ഷിണേന്ത്യയിലാകട്ടെ തമിഴില്‍ നിന്നും ഉരുത്തിരിഞ്ഞ മലയാളവും കന്നടയും തെലുങ്കും സ്വന്തമായ പ്രദേശങ്ങളില്‍ സാന്നിധ്യം ശക്തമാക്കുയായിരുന്നു. കിഴക്കനിന്ത്യയിലും ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന ഭാഷകള്‍ ശക്തമായിരുന്നു. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോടെ 1947 ല്‍ ബ്രീട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പിന്നാലെ രാജ്യം ഏകീകരണ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭരണ സൗകര്യാര്‍ത്ഥം സംസ്ഥാന പുനഃസംഘടന ഭാഷാടിസ്ഥാനത്തിലാക്കണമെന്ന 1956 ലെ സ്വതന്ത്ര്യ ഇന്ത്യാ ഗവൺമെന്‍റിന്‍റെ തീരുമാനം പ്രാദേശിക ഭാഷകള്‍ക്ക് വ്യക്തിത്വം നല്‍കുന്ന ഒന്നായി മാറി. 

ഇതേസമയത്താണ് സഹ്യപര്‍വ്വതത്തിന് പടിഞ്ഞാറ് അറബിക്കടലിനോട് ചേര്‍ന്ന് കിടന്ന ഭൂപ്രദേശത്ത് ഭാഷാടിസ്ഥാനത്തില്‍ 'കേരളം' എന്ന ഒറ്റ സംസ്ഥാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടത്. അതുവരെ തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങളും തെക്ക് മുതല്‍ ഏതാണ്ട് മധ്യഭാഗം വരെയുള്ള ഭാഗങ്ങള്‍ ഭരിച്ചപ്പോള്‍, ബ്രിട്ടീഷ് മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായ ബ്രിട്ടീഷ് മലബാറും, കാസര്‍കോട് ഉള്‍പ്പെടുന്ന തെക്കന്‍ കാനറയുമായിട്ടായിരുന്നു ഇന്നത്തെ കേരളം എന്ന ഭൂപ്രദേശം കിടന്നിരുന്നത്. നാല് ഭരണത്തിന്‍ കീഴിലായിരുന്നെങ്കിലും ഈ പ്രദേശങ്ങളിലെല്ലാം ഒരോ സംസ്കാരവും ജീവിത രീതികളുമായിരുന്നു നിലനിന്നിരുന്നത്.  അങ്ങനെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരിണത്തിന്‍റെ ഭാഗമായി 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകൃതമായി. 

രൂപീകരിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ മറ്റ് 14 സംസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. ഇതില്‍ തന്നെ നേരത്തെ തിരുവിതാം കൂറിന്‍റെ ഭാഗമായിരുന്ന ചില സ്ഥലങ്ങള്‍ തമിഴ് നാടിന് വിട്ടുകൊടുക്കുകയും ഇടുക്കിയിലെ ചില സ്ഥലങ്ങള്‍ കേരളത്തോട് ചേര്‍ക്കുകയും ചെയ്തു. പിന്നീട് തെക്കന്‍ കാനറയില്‍ നിന്ന് കാസര്‍കോട് താലൂക്കും കേരളത്തിന്‍റെ ഭാഗമാക്കി. എന്നാല്‍ ഇത്തരത്തിലൊരു സംസ്ഥാന രൂപീകരണം അത്ര എളുപ്പമുള്ളതായിരുന്നില്ല. അതിന് വേണ്ടി ചില പോരാട്ടങ്ങളൊക്കെ കേരളത്തില്‍ നടന്നിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. 

Kerala State formation history based on language bkg

പ്രാദേശികമായ സാംസ്കാരിക ഐക്യഘടങ്ങളെ ഒന്നിച്ച് ചേര്‍ത്ത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ചത് 1920 -ല്‍ നാഗ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ കെ. മാധവൻ നായര്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പ്രമേയത്തെ പിന്താങ്ങിയപ്പോള്‍ മദ്രാസില്‍ നിന്നുള്ള അംഗങ്ങളടെ എതിര്‍പ്പുയര്‍ത്തി. എന്നാല്‍ പ്രമേയം പാസാക്കപ്പെട്ടു. ഇതിന്‍റെ ചുവട് പിടിച്ച് 1921 ല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി രൂപവത്ക്കരിക്കുകയും ഇതേ വര്‍ഷം ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തില്‍ കൊച്ചി, തിരുവിതാം കൂര്‍ മലബാര്‍ പ്രദേശങ്ങളിലെ സ്വാതന്ത്ര്യ സമര പോരാളികള്‍ പങ്കെടുക്കുകയും ചെയ്തു. പിന്നാലെ 1928 -ല്‍ ഏറണാകുളത്ത് ചേര്‍ന്ന നാട്ടുരാജ്യ പ്രജാ സമ്മേളനത്തിലും അഖില കേരള കുടിയാന്‍ സമ്മേളത്തിലും 1928 ല്‍ പയ്യന്നൂരില്‍ വച്ച് ചേര്‍ന്ന ജവഹര്‍ലാല്‍ നെഹ്റു അധ്യക്ഷനായ കോണ്‍ഗ്രസ് സമ്മേളനത്തിലും ഐക്യകേരള പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പാസാക്കുകയും ചെയ്തു. പയ്യന്നൂരിലെ സമ്മേളത്തില്‍ കേരളം പ്രത്യേക സംസ്ഥാനമായി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമായി. 

തുടര്‍ന്ന് ഇങ്ങോട്ട് രാജ്യം സ്വതന്ത്ര്യമായ 1947 വരെ കേരളത്തില്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങളിലും അന്നത്തെ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ആളുകള്‍ പങ്കെടുത്തു. 1930 കളിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന തൊഴിലാളി കാര്‍ഷിക വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, 1924 ലെ വൈക്കം സത്യാഗ്രഹം, 1931 ലെ ഗുരുവായൂര്‍ സത്യാഗ്രഹം 1935 ലെ അഖില കേരള തൊഴിലാളി സമ്മേളനം 1937 ലെ അഖില കേരള വിദ്യാര്‍ത്ഥി സമ്മേളനം തുടങ്ങിയ എല്ലാ സമര മുഖങ്ങളിലും ഐക്യകേരളം എന്ന ആവശ്യം ശക്തമായി. 1945 -ല്‍  ഐക്യകേരള രൂപവത്കരണത്തിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കി, കെപിസിസിയുടെയും കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്‍റെയും തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിന്‍റെയും സംയുക്തയോഗം ഒരു അടി മുന്നോട്ട് വച്ചു. 1947 ല്‍ തൃശ്ശൂരില്‍ ഐക്യകേരള കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കപ്പെട്ടു. 

1949 -ല്‍ ആലുവയില്‍ ചേര്‍ന്ന് ഐക്യകേരള സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് കേരള സംസ്ഥാനം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോള്‍ അന്നത്തെ തിരുവിതാംകൂര്‍ കോണ്‍ഗ്രസ് നേതാവ് പട്ടം താണുപിള്ള ഐക്യകേരള സംസ്ഥാന രൂപവത്കരണത്തെ എതിര്‍ത്ത് രംഗത്തെത്തി. ഇതിനിടെ 1949 ല്‍ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും ലയിച്ച് തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ കെ പി കേശവ മേനോന്‍റെ അധ്യക്ഷയില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനം ഐക്യകേരള രൂപവത്ക്കരണത്തിന് വേണ്ടി വാദിക്കുകയും തിരുകൊച്ചി സംസ്ഥാനത്തെ രാജ്യപ്രമുഖ പദവി റദ്ദ് ചെയ്യണമെന്നും ആവശ്യമുയര്‍ത്തി. ഇതിനിടെ മലബാര്‍ വാദം ശക്തമായി. പിന്നാലെ 1952 ല്‍ കെപിസിസി വിഭജിച്ച് മലബാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും തിരു-കൊച്ചി കോണ്‍ഗ്രസ് കമ്മിറ്റിയും നിലവില്‍ വന്നു. മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റി തിരു-കൊച്ചിയും മദ്രാസും ഉള്‍പ്പെട്ട ദക്ഷിണ സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യമുയര്‍ത്തി. 

എന്നാല്‍, 1953 -ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം എന്ന ആവശ്യമുയര്‍ത്തി പോറ്റി ശ്രീരാമലയുടെ ആത്മഹത്യ കാര്യങ്ങളെ വേഗത്തിലാക്കി. അദ്ദേഹത്തിന്‍റെ ആവശ്യം പ്രത്യേക ആന്ധ്രാ സംസ്ഥാനമായിരുന്നു. വീണ്ടും കേന്ദ്രത്തില്‍ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ നിലവില്‍ വരികയും  ഫസല്‍ ചാലിയുടെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് വാദങ്ങളെയെല്ലാം തള്ളി, 1957 ല്‍ കാസര്‍കോട്, മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിവ ഉള്‍പ്പെടുത്തി കേരള സംസ്ഥാനം രൂപീകൃതമായി. എന്നാല്‍, സംസ്ഥാനത്തിന്‍റെ 'പേര്' ഇന്നും 'ഒരു പ്രശ്ന'മായി നിലനില്‍ക്കുന്നു. ഇംഗ്ലീഷില്‍ 'കേരളാ'യും ഹിന്ദിയില്‍ 'കേരള്‍' -ളുമായി ഇന്നും 'കേരളം' പല പേരുകളില്‍ അറിയപ്പെടുന്നു. ഈ പദവ്യത്യാസങ്ങള്‍ ഒഴിവാക്കി, 'കേരളം' എന്ന പദം ഉപയോഗിക്കണം എന്ന ആവശ്യമുയര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ് 2021 ല്‍ 'മുഴങ്ങട്ടെ കേരളം' എന്ന പ്രത്യേക പരിപാടി ചെയ്തിരുന്നു. 

'മുഴങ്ങട്ടെ കേരളം': ഐക്യകേരളം പിറന്നിട്ട് ആറര പതിറ്റാണ്ട്, എന്നിട്ടും സംസ്ഥാനത്തിന്റെ പേര് പലതരത്തിൽ


 

Follow Us:
Download App:
  • android
  • ios