Asianet News MalayalamAsianet News Malayalam

'കിന്റ്സുഗി'- പൊന്നുകൊണ്ട് കൂട്ടിത്തുന്നിയ മുറിവുകൾ; ഈ ജാപ്പനീസ് കലയും ജീവിതവും തമ്മിലെന്ത്?

യൗവ്വനത്തിലെ ആദ്യപ്രണയത്തിന്റെ ഊഷ്മളത ഈ ബന്ധത്തിലെ വിള്ളലുകൾ കൂട്ടിതുന്നിയ ശേഷം പ്രതീക്ഷിക്കേണ്ടതില്ല. 

Kintsugi - The Japanese art form which is a metaphor for mending broken relationships in life
Author
Japan, First Published Mar 11, 2022, 11:15 AM IST

ഒരുനാൾ തകർന്നു പോവാം എന്ന സാധ്യതയോടെ തന്നെയാണ് ലോകത്തിൽ എന്തും സൃഷ്ടിക്കപ്പെടുന്നത്. അതിനി മൺപാത്രങ്ങളായാലും ശരി, ബന്ധങ്ങളായാലും ശരി. എത്ര ശ്രദ്ധിച്ചു നാം ഉപയോഗിച്ചാലും, നിത്യനിദാനത്തിനുള്ള സെറാമിക് പാത്രങ്ങൾ ഒരുനാൾ കയ്യിൽ നിന്ന് താഴെവീണുടഞ്ഞു പോവാം. എത്രമേൽ ചങ്കുപറിച്ചുകൊടുത്തു നാം സ്നേഹിക്കിലും, പ്രാണനും പ്രാണനായി നിന്നവർ പോലും നമ്മളെ അന്യരായിക്കണ്ടു പിരിഞ്ഞുപോവാം. ഒരു സെറാമിക് ടീ പോട്ട് താഴെ വീണുടഞ്ഞു പോവുമ്പോൾ അവശേഷിക്കുന്ന കഷ്ണങ്ങൾ നമുക്ക് വേണമെങ്കിൽ അടിച്ചു കൂട്ടം. പഴയ പോലെ പശചേർത്തൊട്ടിച്ചു വെക്കാൻ നമ്മൾ ശ്രമിച്ചാലും, ഏത് കഷ്ണം ഏതിനോട് ചേർക്കുമെന്ന് കണ്ടുപിടിക്കാൻ സമയമേറെ എടുക്കും. മിനക്കെട്ട് അതുകണ്ടെത്തി പശചേർത്ത് ഒട്ടിച്ചുവെച്ചു എന്നുതന്നെ കരുതുക. രൂപം പഴയ ടീ പോട്ടിന്റെ പോലെത്തന്നെ ആവുമെങ്കിലും, ആ മുറിവുകളിങ്ങനെ തെളിഞ്ഞു തന്നെ നിൽക്കും. ബന്ധങ്ങളും അതുപോലെയാണ്. ഹൃദയത്തെ ഒരായിരം കഷ്ണങ്ങളാക്കി ചിതറിച്ചുകൊണ്ടാണ് ഉറ്റവർ പലരും നമ്മുടെ സൗഹൃദങ്ങളെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുക. പലപ്പോഴും അതിനു കാരണം നമ്മളോടവർ കാണിക്കുന്ന വിശ്വാസവഞ്ചനയാവാം, അടുപ്പക്കുറവാകാം. ഏതിനും, ഒരിക്കൽ വിള്ളൽ വീണുപോയാൽ പിന്നെ ആ ബന്ധങ്ങളെ, പിന്നീട് എങ്ങനെയൊക്കെ ഏച്ചുകൂട്ടിയാലും, പഴയ മുറിവുകൾ ഹൃദയത്തിൽ വടുകെട്ടിക്കിടക്കുക തന്നെ ചെയ്യും.

Kintsugi - The Japanese art form which is a metaphor for mending broken relationships in life

എന്നാൽ, ജീവിതമായാലും ടീ പോട്ടായാലും അറിഞ്ഞോ അറിയാതെയോ വീണുടഞ്ഞു ചിതറുക എന്നത് ഏറെ സ്വാഭാവികമായ പ്രക്രിയയാണ്. അങ്ങനെ സംഭവിക്കുമ്പോൾ കഷ്ണങ്ങൾ നിഷ്ഠയോടെ പെറുക്കിയെടുത്ത് സ്വർണ്ണനിറമുള്ള പശ ചേർത്തൊട്ടിച്ച്, പഴയ രൂപത്തിലേക്ക് തിരിച്ചെത്തിക്കുക ഒരു തപസ്സുതന്നെയാണ്. അങ്ങനെ ചെയ്യുമ്പോൾ ആ വിള്ളലുകൾ സ്വർണനിരത്തിലെങ്കിലും തെളിഞ്ഞു കാണുന്നതിൽ കുറവൊന്നും വിചാരിക്കേണ്ടതില്ല. ഈ മുറിവുകളുടെ വടുക്കൾ മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെക്കേണ്ട കാര്യമില്ല. ഓരോ വടുവും മനോഹരമായ മറ്റെന്തിന്റെയോ നാന്ദിയാവാം. ചിതറിത്തെറിച്ച കഷ്ണങ്ങൾ പെറുക്കിയടുക്കി പഴയരൂപത്തിലേക്കെത്തിക്കുന്ന കലാരൂപത്തെ, അപ്പോൾ ഉണ്ടാവുന്ന അപൂർണ്ണതയെ വൈക്ലബ്യലേശമില്ലാതെ ആശ്ലേഷിക്കാനുള്ള മനസ്സുറപ്പിനെ ജപ്പാൻകാർ വിളിക്കുന്ന പേരാണ് 'കിന്റ്സുഗി'. 

 'കിന്റ്സുഗി' എന്നത് ജപ്പാനിൽ നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ഒരു അപൂർവമായ കലയുടെ പേരാണ്. പൊട്ടിപ്പോയ സെറാമിക് പാത്രങ്ങളെ തിരികെ യോജിപ്പിക്കുക, അതാണ്  'കിന്റ്സുഗി'. ആ വാക്കിന്റെ അർഥം "പൊന്നുകൊണ്ട് ചേർത്തുവെച്ചത്" എന്നാണ്. പതിനാലാം നൂറ്റാണ്ടിൽ ജാപ്പനീസ് ഷോഗൺ അഷികാഗ യോഷിമാസയുടെ കയ്യിൽ നിന്ന് അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു ചായക്കോപ്പ അറിയാതെ വഴുതിവീണുടയുന്നു. അത് പഴയപോലെ ആക്കാൻ വേണ്ടി, നിലത്തുനിന്ന് വാരിക്കൂട്ടിയ സെറാമിക് കഷ്ണങ്ങൾ അദ്ദേഹം ചൈനയിലേക്ക് കൊടുത്തുവിടുന്നു. ആ കഷ്ണങ്ങൾ ലോഹപ്പിന്നുകൾ കൊണ്ട് സ്റ്റേപ്പിൾ ചെയ്യപ്പെട്ട നിലയിൽ ഒട്ടു വികൃതമാക്കപ്പെട്ട് തിരികെ വന്നപ്പോൾ അദ്ദേഹത്തിന് ക്രോധമാണ് ഉള്ളിൽ വന്നത്. ഉടനടി തന്റെ നാട്ടിലെ തന്നെ പ്രഗത്ഭരായ കലാകാരന്മാരെ വരാൻ പറഞ്ഞ അദ്ദേഹം കുറേക്കൂടി സൗന്ദര്യബോധത്തോടെ ആ ചായക്കോപ്പ പൂർവ്വരൂപത്തിലേക്കെത്തിക്കാൻ അവരോട് ആവശ്യപ്പെടുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ശിൽപികൾ അന്ന് വികസിപ്പിച്ചെടുത്തതാണ്  'കിന്റ്സുഗി' എന്ന ഈ കലാരൂപം. പൊട്ടിയ കഷ്ണങ്ങൾ  'കിന്റ്സുഗി' ചെയ്യപ്പെടുമ്പോൾ അതിലെ വിള്ളലുകൾ ഒളിച്ചുവെക്കപ്പെടുന്നതിനു പകരം എടുത്തുകാട്ടപ്പെടുന്നു. ഇങ്ങനെ  വീണുടഞ്ഞതുകാരണമുണ്ടായ മുറിവുകൾ ആ പാത്രത്തിന്റെ ജീവചരിത്രത്തിൽ പൊന്നിൻ കസവോടെ തന്നെ എന്നെന്നേക്കുമായി എഴുതിച്ചേർക്കപ്പെടുന്നു. 

Kintsugi - The Japanese art form which is a metaphor for mending broken relationships in life

പിൽക്കാലത്ത് ജപ്പാനിലെ ജനം സെറാമിക് പാത്രങ്ങൾ മനഃപൂർവം തറയിൽ ഇട്ടുടച്ച ശേഷം കഷ്ണങ്ങൾ പെറുക്കിയെടുത്ത്  'കിന്റ്സുഗി' ചെയ്യാൻ തുടങ്ങി. ഇങ്ങനെ കൂട്ടി ചേർക്കപ്പെടുന്ന പാത്രങ്ങൾ ശിഷ്ടകാലം അവരുടെ വീടുകളുടെ ഷോ കേസുകളിൽ വിശ്രമിക്കും. വിള്ളലുകൾ അലങ്കരിക്കപ്പെട്ട നിലയിൽ അലമാരയിലെ ചില്ലുവാതിലിനുള്ളിൽ വിശ്രമിക്കുന്ന ഈ ചായക്കോപ്പകൾ കാണുന്നത്  തങ്ങളുടെ ജീവിതങ്ങളിലെ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാവുമ്പോൾ അവ പരിഹരിക്കാൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകത കൂടി ഇടയ്ക്കിടെ അവരെ ഓർമിപ്പിക്കും. 

 

ജീവിതത്തിൽ സങ്കടങ്ങളും, നഷ്ടങ്ങളും നമ്മളെ തേടിയെത്തുന്ന നിമിഷങ്ങളുണ്ടാവാം. അവയേൽപ്പിക്കുന്ന മുറിവുകൾ ഹൃദയത്തിൽ ആജീവനാന്തം വടുകെട്ടി കിടന്നെന്നും വരാം. ആ മുറിവുകളിൽ മരുന്ന് പുരട്ടി വ്രണങ്ങൾ ഭേദമാക്കുക. സങ്കടങ്ങളുടെ നിലയില്ലാക്കയങ്ങളിൽ നിന്ന് തിരിച്ചു കയറുക. 'കിന്റ്സുഗി'-യാൽ അലങ്കരിക്കപ്പെടുന്ന വടുക്കളെ തലോടി, ആ മുറിവുകൾ ഏറ്റതിന്റെ ഓർമകളെ കണ്ണീരുപ്പുപുരണ്ട ചെറുചിരിയോടെ ശിഷ്ടകാലം അയവിറക്കുക.  

പങ്കാളികളെ 100 % ആത്മാർത്ഥതയോടെ സ്നേഹിച്ചിട്ട് തിരിച്ച് നന്ദികേടും വഞ്ചനയും മാത്രം കിട്ടിയ പലരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. "എല്ലാം പറഞ്ഞു തീർത്തു, ശരിതന്നെ. ഇനി ഞങ്ങൾക്കിടയിലെ ബന്ധം പഴയപോലെ ഊഷ്മളമാവുമോ? അവനെ/അവളെ എനിക്ക്  അതെ നിഷ്കളങ്കതയോടെ കണ്ണുംപൂട്ടി വിശ്വസിക്കാനാവുമോ ?" ഇല്ല എന്നാണുത്തരം. യൗവ്വനത്തിലെ ആദ്യപ്രണയത്തിന്റെ ഊഷ്മളത ഈ ബന്ധത്തിലെ വിള്ളലുകൾ കൂട്ടിതുന്നിയ ശേഷം പ്രതീക്ഷിക്കേണ്ടതില്ല. അങ്ങനെ ഒരു പൂർണതക്കുവേണ്ടി നിർബന്ധം പിടിക്കാതെ, കൂടെ ജീവിക്കുന്ന വ്യക്തിയെ അയാളുടെ കുറവുകളോടും ദോഷങ്ങളോടും തന്നെ സ്നേഹിക്കാനാവുമ്പോൾ നമ്മൾ കുറേക്കൂടി നല്ല മനുഷ്യരാവുന്നു. 

Kintsugi - The Japanese art form which is a metaphor for mending broken relationships in life

അടുത്തിടെ മണി ഹെയ്‌സ്റ്റ് എന്ന ജനപ്രിയ സ്പാനിഷ് പരമ്പരയുടെ ഒരു ട്രെയിലറിലെ കിൻറ്സുഗി ഇടം പിടിക്കുകയുണ്ടായി. സംഘം വേർപിരിഞ്ഞ് നാനാവിധമായാലും പോരാട്ടം അവസാനിക്കുന്നില്ല, ഒരുനാൾ പൂർവാധികം ശക്തിയോടെ അത് ഉയിർത്തെഴുന്നെൽക്കും എന്ന സന്ദേശമാണ് ട്രെയ്‌ലറിൽ, ഈ പരമ്പരയുടെ പ്രതീകമായ 'ദാലി മാസ്ക്', അതിന്റെ ചിതറിത്തെറിച്ച കഷ്ണങ്ങളിൽ നിന്ന്  ഒരു കിൻറ്സുഗി ആർട്ടിസ്റ്റ് അത്യന്തം ശ്രദ്ധയോടെ തിരിച്ച് ഒട്ടിച്ചു ചേർക്കുന്നത് വളരെ വിശദമായിത്തന്നെ ചിത്രീകരിച്ചുകൊണ്ട് അവർ ധ്വനിപ്പിക്കാൻ ശ്രമിക്കുന്നത്.

 

സത്യത്തിൽ 'കിന്റ്സുഗി' ഒരു സൈക്കോതെറാപ്പിയാണ്. ഒരു ജിഗ്‌സോ പസിൽ പോലെ, എന്നാൽ അതിനേക്കാൾ സങ്കീർണമായ രീതിയിൽ, ബന്ധങ്ങളുടെ കഷ്ണങ്ങൾ കയ്യിലെടുത്തുപിടിച്ച് മാറ്റി മാറ്റി വെച്ചുവെച്ച് മെല്ലെമെല്ലെ അതിനെ തിരിച്ചു പിടിക്കുന്ന ധ്യാനമാണത്. അതിലൂടെ നമ്മൾ പുനഃസൃഷ്ടിക്കുന്നത് സൗന്ദര്യവും സ്വൈരവുമാണ്.  അപ്പോൾ പിന്നെ നിങ്ങൾ കാത്തിരിക്കുന്നത് എന്തിനാണ്? ഇന്നു തന്നെ  ഒരു സെറാമിക് പാത്രം കണ്ടുപിടിക്കൂ. അതിനെ തറയിലിട്ട് ഉടയ്ക്കൂ. കഷ്ണങ്ങൾ ഒന്നുപോലും കളയാതെ അടിച്ചുകൂട്ടൂ. മണിക്കൂറുകൾ, ദിവസങ്ങൾ, അല്ലെങ്കിൽ ആഴ്ചകൾ ചെലവിട്ട് ആ കഷ്ണങ്ങൾ ചേർത്തുവെച്ച് പാത്രത്തെ അതിന്റെ പൂർവരൂപത്തിലേക്ക് കൊണ്ടുവരൂ. തെളിഞ്ഞു കാണുന്ന വിള്ളലുകളിൽ സ്വർണ്ണപ്പശ നിറച്ച് കഷ്ണങ്ങൾ ചേർത്തുനിർത്തൂ. അലമാരയിൽ വെച്ച് നിത്യം അതിനെ കണ്ടുകണ്ട്, നാക്കിൽ ചെന്നിനായകം തേയ്ക്കുന്ന ജീവിതത്തെ കൂടുതൽ പക്വതയോടെ നേരിടാൻ ശീലിക്കൂ...

Follow Us:
Download App:
  • android
  • ios