വിഷമയമായ പച്ചക്കറികള്‍ കഴിക്കുന്നത് ഒഴിവാക്കാനായി ഇന്ന് പലരും പച്ചക്കറികള്‍ സ്വന്തം വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആയുധമായി അടുക്കളത്തോട്ടവും മാറുന്നു. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് വിളകളുടെ നാശത്തിനും പോഷകമൂല്യങ്ങള്‍ ഇല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കേണ്ടി വരുന്നതിന് പിന്നിലെന്നും ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബംഗ്ലാദേശിലെ കര്‍ഷകര്‍ക്ക് കാലം തെറ്റി പെയ്ത മഴ സമ്മാനിച്ചത് കനത്ത വിളനാശമായിരുന്നു. 2017 -ല്‍ രണ്ടുമാസം നേരത്തേയാണ് മഴ പെയ്തത്. ഇതുകാരണം അവരുടെ വരുമാനത്തിന്റെയും ഭക്ഷ്യാവശ്യങ്ങളുടെയും പ്രധാന ഉറവിടമായിരുന്ന നെല്‍ച്ചെടികള്‍ പാടേ നശിച്ചുപോയി. ബെര്‍ലിനില്‍ നോബല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഹെല്‍ത്ത് ആന്റ് ക്ലൈമറ്റ് എക്‌സ്‌പേര്‍ട്ട്‌സിന്റെ മീറ്റിങ്ങില്‍ പ്രൊ. സാബിന്‍ ഗാബ്രിഷ് പറയുന്നത് ഇതാണ്, 'ബംഗ്ലാദേശിലെ സാധാരണ കര്‍ഷകര്‍ കാലാവസ്ഥയുടെ മാറ്റങ്ങള്‍ കാരണമുള്ള ദുരിതങ്ങള്‍ നേരിട്ട് അനുഭവിക്കുന്നവരാണ്. ഭക്ഷണവും താമസസൗകര്യങ്ങളും നഷ്ടപ്പെടുന്നു. ജീവിക്കാന്‍ വഴിയില്ലാതാകുന്നു. അവരുടെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത്. വളരുന്ന ഘട്ടത്തില്‍ ലഭിക്കേണ്ട പോഷകമൂല്യങ്ങളുടെ അഭാവമാണ് വലിയ പ്രശ്‌നം.'

ഇവിടെ വളരെ നേരത്തേ തന്നെ പോഷകാഹാരക്കുറവ് കുട്ടികളെയും സ്ത്രീകളെയും ബാധിച്ചിട്ടുണ്ട്. പ്രൊ. ഗബ്രിഷ് കാര്‍ഷിക മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. ഏകദേശം 2000 -ല്‍ക്കൂടുതലുള്ള സ്ത്രീകളില്‍ ഇവര്‍ പരിശോധന നടത്തുന്നു.

ഭൂരിഭാഗം ആളുകളും വെള്ളപ്പൊക്കത്താല്‍ ദുരിതം അനുഭവിക്കുന്നവരാണ്. ഈ അവസരത്തില്‍ സ്വന്തം അടുക്കളത്തോട്ടത്തില്‍ അവരവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ ഉത്പാദിപ്പിക്കാനുള്ള ബോധവത്കരണം നടത്തുന്നു. സ്വന്തം വീട്ടില്‍ കൂടുതല്‍ പോഷകഗുണങ്ങളുള്ള പച്ചക്കറികളും പഴങ്ങളും വളര്‍ത്തേണ്ടതെങ്ങനെയെന്നും പറഞ്ഞു മനസിലാക്കുന്നു. പ്രൊ. ഗബ്രിഷിന്റെ മേല്‍നോട്ടത്തില്‍ അടുക്കളത്തോട്ടത്തിന്റെ പ്രസക്തി ജനങ്ങളിലെത്തിക്കുന്നുണ്ടെങ്കിലും ഇവര്‍ പറയുന്നത് 'ഇത്തരം കൃഷിയിലൂടെ അവര്‍ക്കുണ്ടായ നഷ്ടങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നിരുന്നാലും ഒരു പരിധിവരെ സാധാരണക്കാര്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുമെന്ന് കരുതുന്നു'

നെല്ല്, ഉരുളഴക്കിഴങ്ങ്, ബാര്‍ലി എന്നീ വിളകളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുതലാണെന്ന് ഇവര്‍ പറയുന്നു. അതായത് ഇവ വളരാന്‍ കുറച്ച് വെള്ളം മതി. അതിന്റെ അര്‍ഥം വളരെ കുറച്ച് സൂക്ഷ്മമൂലകങ്ങള്‍ മാത്രമേ മണ്ണില്‍ നിന്ന് ആഗിരണം ചെയ്യുകയുള്ളുവെന്നാണ്'

അസുഖങ്ങള്‍ മനുഷ്യരിലേക്ക്

പ്രൊ. എബി നടത്തിയ ഗവേഷണത്തില്‍  നെല്‍ച്ചെടികളില്‍ വിറ്റാമിന്‍ ബിയുടെ അഭാവം 30 ശതമാനമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോളിക് ആസിഡും ആവശ്യമുള്ള അളവിനേക്കാള്‍ കുറവാണ്.

'ബംഗ്ലാദേശില്‍ ജനങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജം കണക്കിലെടുത്താല്‍ നാല് കാലറിയില്‍ ഏകദേശം മൂന്ന് കാലറി വരെ അരിയില്‍ നിന്നാണ് ലഭിക്കുന്നത്. പല രാജ്യങ്ങളിലും അന്നജം അടങ്ങിയ ആഹാരം തന്നെയാണ് പ്രധാന ഭക്ഷണം. അപ്പോള്‍ സൂക്ഷ്മമൂലകങ്ങളുടെ അഭാവം വളരെ പ്രശ്‌നങ്ങളുണ്ടാക്കുന്നു.'  അദ്ദേഹം പറയുന്നു.

'കൊതുകുകള്‍ പരത്തുന്ന രോഗങ്ങളാണ് ഏറ്റവും പ്രധാനം. വയറിളക്കവും പകര്‍ച്ചവ്യാധികളുമാണ് ഇവര്‍ അനുഭവിക്കുന്നത്. ഭൂമി ചൂടുപിടിക്കുന്നതിനനുസരിച്ച് പകര്‍ച്ച വ്യാധികള്‍ കൂടാനുള്ള സാധ്യതയുമുണ്ട്' അദ്ദേഹം വിശദമാക്കുന്നു.

ഈ വര്‍ഷം ജര്‍മനിയിലാണ് വെസ്റ്റ് നെയില്‍ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കൊതുകുകള്‍ പരത്തുന്ന വൈറസാണ് ഇത്. ' ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമ്പോളാണ് കാലാവസ്ഥാ മാറ്റങ്ങള്‍ തങ്ങളെയും സമീപിച്ചുകൊണ്ടിരിക്കുന്നുവെന്ന് നമ്മള്‍ മനസിലാക്കുന്നത്' പ്രൊ. ഗാബ്രിഷ് പറയുന്നു.

വെസ്റ്റ്‌നെയില്‍ പനി എന്ന അസുഖം അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴി മനുഷ്യരിലെത്തുന്നു. 2011 ല്‍ ആലപ്പുഴയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2019 മാര്‍ച്ചില്‍ ഈ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആറു വയസുകാരന്‍ മരിച്ചു.

കാലാവസ്ഥ കൂടുതല്‍ ചൂട് ആയി മാറുമ്പോള്‍ കാലംതെറ്റി കനത്ത മഴ പെയ്യും. അപ്പോളാണ് വെള്ളപ്പൊക്കമുണ്ടാകുന്നത്. അതുപോലെ തന്നെ പ്രധാനമാണ് ഹരിത ഗൃഹവാതകങ്ങള്‍ വഴിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും. ചൈനയും യു.എസുമാണ് ഏറ്റവും കൂടുതല്‍ ഹരിത ഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതെന്നാണ് 2017 -ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.