ഇത് വിക്കിയുടെ കഥയാണ്. ഉണ്ണാനില്ലാതെ, ഉടുക്കാനില്ലാതെ, തല ചായ്ക്കാനൊരിടമില്ലാതെ ആക്രി പെറുക്കിയും ഹോട്ടലിലെ എച്ചില്‍പാത്രം കഴുകിയും ജീവിച്ച ബാലനില്‍നിന്നും ലോകമറിയുന്ന ഫോട്ടോഗ്രാഫറായി മാറിയ വിക്കിയുടെ കഥ. 

പതിനൊന്നാമത്തെ വയസ്സിലാണ്, അവന്‍ ഡെല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഭാവിയെന്തെന്നറിയാതെ പകച്ചുനിന്നത്. ഓരോരുത്തരും അവരുവരുടെ വീട്ടിലേക്കും മറ്റുമുള്ള ഓട്ടപ്പാച്ചിലിലാണ്. തിരികെ പോകാനാവാതെ ആ ബാലന്‍ അവിടെ പകച്ചുനിന്നുപോയി. ഭയന്നും ഒറ്റപ്പെട്ടും അവന്‍ നിമിഷങ്ങള്‍ തള്ളിനീക്കി. അന്നത്തെ ആ ബാലന്‍ ഇന്ന് ലോകമറിയുന്ന ഫോട്ടോഗ്രാഫറായി മാറി. ഫോബ്‍സ് ഇന്ത്യയുടെ 30 അണ്ടര്‍ 30, വോഗ് ഇന്ത്യയുടെ 40 അണ്ടര്‍ 40 പട്ടികയിലേക്ക് അവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബക്കിങ്ഹാം പാലസില്‍ രാജകുമാരനൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരം ലഭിച്ചു. Massachusetts Institute of Technology (MIT) -യില്‍ ഫോട്ടോഗ്രാഫര്‍ ഫെല്ലോയുമായി. 

സിനിമാനടനാകണമെന്ന മോഹവുമായിട്ടാണ് വിക്കി തന്‍റെ വീട്ടില്‍നിന്നും ഓടിപ്പോന്നത്. ഒരു ഹീറോയാകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ വലിയൊരു നഗരത്തില്‍ ചെല്ലണം എന്ന തോന്നലാണ് വിക്കിയെ വീട്ടില്‍നിന്നും ഓടിപ്പോകാന്‍ പ്രേരിപ്പിച്ചത്. അതവനെയെത്തിച്ചത് റെയില്‍വേ സ്റ്റേഷനില്‍... റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് കരഞ്ഞുകൊണ്ടിരുന്ന കുട്ടിയില്‍നിന്നും ലോകമറിയപ്പെടുന്ന ഫോട്ടോഗ്രാഫറായതിനുപിന്നില്‍ ഒരു സിനിമയ്ക്കുള്ള കഥയുണ്ട്. 

വിക്കിയുടെ ജീവിതം

വെസ്റ്റ് ബംഗാളിലെ പുരുലിയയില്‍ ഒരു പാവപ്പെട്ട കുടുംബത്തിലായിരുന്നു വിക്കി ജനിച്ചത്. അച്ഛന്‍ ഒരു തയ്യല്‍ക്കാരനായിരുന്നു. അദ്ദേഹത്തിന് ഒരു ദിവസം കിട്ടിയിരുന്നത് വെറും 25 രൂപയായിരുന്നു. അതുകൊണ്ടുവേണം വിക്കിക്കും അവന്‍റെ ആറ് സഹോദരങ്ങള്‍ക്കും അമ്മയ്ക്കും അച്ഛനും കഴിയേണ്ടത്. തന്‍റെ മക്കളെ പഠിപ്പിക്കണമെന്ന് ആ അച്ഛന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആ കഷ്‍ടപ്പാടിനിടയിലും തന്‍റെ ഒരു കുട്ടിയെങ്കിലും പത്താം ക്ലാസ് ജയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അത് ഏറെ ബുദ്ധിമുട്ടായിരുന്നു. ദാരിദ്ര്യം വല്ലാതെ ബുദ്ധിമുട്ടിച്ചപ്പോഴാണ് വിക്കിയെ അവന്‍റെ മാതാപിതാക്കള്‍ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അടുത്തേക്ക് അയക്കുന്നത്. 

എന്നാല്‍, മുത്തച്ഛനും മുത്തശ്ശിയും വളരെ കര്‍ക്കശ സ്വഭാവമുള്ളവരായിരുന്നു. ചെറിയ ചെറിയ തെറ്റുകള്‍ക്കുപോലും അവരവനെ ശിക്ഷിച്ചു. അവനത് വെറുപ്പായിരുന്നു. അങ്ങനെ ശിക്ഷകളേറ്റുവാങ്ങി മടുത്തൊരു ദിവസം സിനിമാനടനാകണമെന്ന മോഹവുമായി അവന്‍ അവിടെനിന്നും ഓടിപ്പോയി. 

അങ്ങനെ മാലിന്യം പെറുക്കുന്നവരുടെ കൂട്ടത്തില്‍ക്കൂടി വിക്കി. ആദ്യമൊന്നും ആ ജീവിതം വലിയ കുഴപ്പമില്ലാതെ നീങ്ങി. എന്നാല്‍, കുറച്ചുദിവസം കഴിഞ്ഞതോടെ സംഗതി വഷളാവാന്‍ തുടങ്ങി. പരസ്‍പരം വഴക്കുകൂടാനും അത് മോശം അവസ്ഥയിലെത്താനും ഒക്കെ തുടങ്ങിയപ്പോള്‍ ആറ് മാസത്തിനുശേഷം വിക്കി അവിടെനിന്നും പോയി. പിന്നീട്, ഒരു ചെറിയ ഹോട്ടലില്‍ പാത്രം കഴുകുന്ന പണി ചെയ്തു തുടങ്ങി വിക്കി. 

ആ സമയത്താണ് സഞ്ജയ് ശ്രീവാസ്‍തവ എന്നൊരാളെ വിക്കി കണ്ടുമുട്ടുന്നത്. അദ്ദേഹമാണ് അവന്‍റെ ജീവിതം മാറ്റിമറിച്ചത്. അദ്ദേഹം തന്നെ വിക്കിയെ ഒരു എന്‍ജിഒ -യുമായി കൂട്ടിമുട്ടിച്ചു. വിക്കി സലാം ബാലക് ട്രസ്റ്റുമായി ബന്ധപ്പെടുന്നത് അങ്ങനെയാണ്. ട്രസ്റ്റിന്‍റെ അഭയകേന്ദ്രത്തില്‍ താമസിച്ചു തുടങ്ങിയതോടെ അവന്‍റെ ജീവിതം മാറാന്‍ തുടങ്ങി. സ്‍കൂളില്‍ പോകണമെങ്കില്‍ ഒരുതരത്തിലുള്ള രേഖകളും അവന്‍റെ കയ്യിലുണ്ടായിരുന്നില്ല. ട്രസ്റ്റ് തന്നെ ഒരു സത്യവാങ്മൂലം തയ്യാറാക്കി അവനെ ആറാം ക്ലാസില്‍ ചേര്‍ത്തു. എന്നാല്‍, പഠനത്തില്‍ അത്ര മിടുക്കനൊന്നുമായിരുന്നില്ല വിക്കി. അതുകൊണ്ടുതന്നെ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അവന്‍റെ അധ്യാപകര്‍ തന്നെ അവനോട് വൊക്കേഷണല്‍ കോഴ്‍സിന് ചേര്‍ന്നാല്‍ മതി എന്നും പറഞ്ഞു. അത് അവന് കൂടുതല്‍ നന്നാകും എന്ന് അധ്യാപകര്‍ കരുതിയിരുന്നു. അങ്ങനെ പാചകം, തയ്യല്‍ തുടങ്ങി പലതും ഉള്‍ക്കൊള്ളുന്ന വൊക്കേഷണല്‍ ക്ലാസിന് വിക്കി ചേര്‍ന്നു. 

2000 -ത്തിലാണ് രണ്ട് ആണ്‍കുട്ടികളെ കണ്ടുമുട്ടുന്നതും ഇന്തോനേഷ്യയിലുള്ള ഒരു ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പിനെ കുറിച്ച് അവര്‍ അവനോട് പറയുന്നതും. എങ്ങനെയെങ്കിലും അതില്‍ പങ്കെടുക്കണം എന്നുതന്നെ വിക്കിയും തീരുമാനിച്ചു. അവനെ പ്രോത്സാഹിപ്പിക്കുന്നതിനായി ട്രസ്റ്റ് അന്നവന് ഒരു ചെറിയ ക്യാമറയും നല്‍കി. അതോടെ അവനും ഫോട്ടോഗ്രഫിയെ ഗൗരവമായി കണ്ടുതുടങ്ങി. ഫോട്ടോ എടുത്തുകൊടുക്കാനായി കൂട്ടുകാരവന്‍റെ പിറകേകൂടി ശമ്പളമാകട്ടെ ഭക്ഷണവും. പക്ഷേ, അതിനിടയിലെപ്പോഴോ അവന്‍ ഫോട്ടോഗ്രാഫിയെ സ്നേഹിച്ച് തുടങ്ങിയിരുന്നു. 

അങ്ങനെ 17 വയസ്സ് കഴിഞ്ഞു. വിക്കിക്ക് ട്രസ്റ്റിന്‍റെ അഭയകേന്ദ്രത്തില്‍നിന്നും ഇറങ്ങാനുള്ള സമയമായി. 18 ആയവരെ അവിടെ നിര്‍ത്താനുള്ള വകുപ്പില്ലായിരുന്നു. ദില്ലിയിലുള്ള അനയ് മാന്‍ എന്നൊരു ഫോട്ടോഗ്രാഫറുടെ കൂടെയാക്കി ട്രസ്റ്റ് അവനെ. അദ്ദേഹമാണ് അവനെ ഒരു യഥാര്‍ത്ഥ ഫോട്ടോഗ്രാഫറായി മാറാന്‍ സഹായിച്ചത്. 3000 രൂപ ശമ്പളവും ഒരു ബൈക്കും ഒരു സെല്‍ഫോണും അദ്ദേഹമവന് നല്‍കി. വലിയ വലിയ ആളുകള്‍ക്കൊപ്പം ജോലി ചെയ്‍തിരുന്നയാളായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം വിക്കിയും ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. അദ്ദേഹം വളരെ കര്‍ക്കശക്കാരനായിരുന്നു. പ്രൊഫഷണലായിരിക്കുന്നതെങ്ങനെയാണ് എന്ന് അദ്ദേഹം അവനെ പഠിപ്പിച്ചു. കൂടുതല്‍ നല്ല ക്യാമറ വാങ്ങി, കൂടുതല്‍ നല്ല ചിത്രങ്ങളെടുത്തു തുടങ്ങി വിക്കി. 

 

പക്ഷേ, 2007 -ലാണ് അവന്‍റെ ജീവിതത്തിലെ ആ പ്രധാന സംഭവം നടന്നത്. സ്ട്രീറ്റ് ഡ്രീം എന്ന പേരില്‍ ആദ്യത്തെ സോളോ പ്രദര്‍ശനം ദില്ലിയില്‍ സംഘടിപ്പിച്ചു. താന്‍ ഒറ്റപ്പെട്ടിരുന്ന ആ കാലത്തെ അതുപോലെ ഒപ്പിയെടുത്തതുപോലെയായിരുന്നു ആ ചിത്രങ്ങള്‍. തെരുവിലെ ബാല്യങ്ങളെ വിക്കി തന്‍റെ ക്യാമറയില്‍ പകര്‍ത്തി. ഒരുപാട് ശ്രദ്ധിക്കപ്പെട്ട പ്രദര്‍ശനമായിരുന്നു അത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യു എസ് കേന്ദ്രീകരിച്ചുള്ള ഫൗണ്ടേഷന്‍ ഒരു പ്രൊജക്ടുമായി വിക്കിയെ സമീപിച്ചു. ഒരു കോഴ്‍സെടുക്കാനുള്ള സഹായവും നല്‍കി. അത് ഇന്ത്യയിലും സംഗപ്പൂര്‍, ജര്‍മ്മനി, ശ്രീലങ്ക, റഷ്യ തുടങ്ങി നിരവധി സ്ഥലങ്ങളിലും പ്രദര്‍ശനമൊരുക്കാന്‍ വിക്കിയെ സഹായിച്ചു. 2013 -ല്‍ ഹോം സ്ട്രീറ്റ് ഹോം (Home Street Home) എന്ന പേരില്‍ ഒരു മോണോഗ്രാഫും അദ്ദേഹം ചെയ്‍തു. 

 

ഇന്ന് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറാണ് വിക്കി. പക്ഷേ, അദ്ദേഹം തെരുവിന്‍റെ ഹൃദയമറിയുന്നയാള്‍ കൂടിയാണ്. വിശപ്പിന്‍റെ വിളി അറിയുന്നവനും. അതുകൊണ്ടുതന്നെ അവിടെയുള്ള ജീവിതങ്ങള്‍ക്കുവേണ്ടി കൂടി അദ്ദേഹം ഇന്ന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.